Trending Now

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം

 

konnivartha.com: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോൺമാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകി. തലശേരി മലബാർ കാൻസർ സെന്ററാണ് കെ ഡിസ്‌കിന്റെ സഹകരണത്തോടെ പൈലറ്റ് പ്രോജക്ടായി ബോൺമാരോ രജിസ്ട്രി തയ്യാറാക്കും. രക്താർബുദം ബാധിച്ചവർക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവിൽ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. മജ്ജ മാറ്റിവെക്കൽ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യത്തോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവകേരള കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാൻസർ പ്രതിരോധവും ചികിത്സയും. അതിന്റെ ഭാഗമായാണ് കാൻസർ രജിസ്ട്രിയും ബോൺമാരോ രജിസ്ട്രിയും തയ്യാറാക്കുന്നത്. കേരള കാൻസർ രജിസ്ട്രിയുമായി ഈ രജിസ്ട്രി സംയോജിപ്പിക്കും. ബോൺമാരോ ദാതാക്കളുടേയും ആവശ്യക്കാരുടേയും വിവരം ശേഖരിച്ച് അർഹമായവർക്ക് ബോൺമാരോ വേഗത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. അഡ്വാൻസ്ഡ് ബ്ലഡ് കളക്ഷൻ സെന്ററുകളുമായി ബന്ധിപ്പിച്ചാണ് ബോൺമാരോ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വേൾഡ് ബോൺമാരോ ഡോണർ അസോസിയേഷൻ മാനദണ്ഡ പ്രകാരമായിരിക്കും ദാതാക്കളേയും സ്വീകർത്താക്കളേയും തെരഞ്ഞെടുക്കുക. വേൾഡ് ബോൺമാരോ ഡോണർ അസോസിയേഷനുമായി രജിസ്ട്രി സംയോജിപ്പിക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ലോകമെമ്പാടുമുള്ള സാധ്യമായ ദാതാക്കളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

മലബാർ കാൻസർ സെന്ററിൽ കുട്ടികളുൾപ്പെടെ 200 ഓളം മജ്ജ മാറ്റിവെക്കൽ ചികിത്സ പൂർത്തീകരിച്ചിട്ടുണ്ട്. ബോൺമാരോ ഡോണർ രജിസ്ട്രി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് രക്താർബുദം ബാധിച്ച അനേകം പേർക്ക് ആശ്വാസമാകും.

error: Content is protected !!