
konnivartha.com: : കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ട കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു.
എം എൽ എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ഛൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനും ജീർണാവസ്ഥയിലുള്ള മൂന്നു കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിനും നിലവിൽ തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിനും കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു.
വനത്തിനുള്ളിലൂടെയുള്ള നിർമാണപ്രവർത്തികൾക്ക് ആവശ്യമായ അനുമതി നൽകുന്നതിന് കോന്നി ഡിഏഫ് ഓ യെ ചുമതലപ്പെടുത്തി . കിഫ്ബിയിൽ നിന്നും 85 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന അച്ചൻകോവിൽ- പ്ലാപ്പള്ളി റോഡിന്റെ ഭാഗമാണ് കല്ലേലി- അച്ചൻകോവിൽ വനപാത. റോഡ് നിർമ്മാണത്തിനായി 10 മീറ്റർ വീതിയിൽ വനഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർണ്ണമാകാത്ത സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
കല്ലേലി പാലത്തിനോട് ചേർന്ന് അപ്രോച് റോഡിലെ എക്സ്പാൻഷൻ ജോയിന്റിൽ ഉണ്ടായ വിള്ളൽ പരിഹരിക്കുന്നതിന് പൊതുമരാമത്ത് പാലം വിഭാഗത്തിന് 6 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി നിർമ്മാണം ആരംഭിച്ചു അടിയന്തരമായി പൂർത്തീകരിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു.
കോന്നി വനം ഡിവിഷനിലെ നടുവത്തൂമൂഴി റേഞ്ചിലെ കൊക്കത്തോട്, പാടം, കല്ലേലി, കുളത്തുമൺ, പൂമരുതിക്കുഴി ഭാഗങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി സംരക്ഷണവേലികൾ സ്ഥാപിക്കും. 16.5 കിലോമീറ്റർ ദൂരത്തിൽ കൊക്കത്തോട്, പാടം മേഖലകളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. നിലവിൽ സംരക്ഷണവേലി സ്ഥാപിച്ചിട്ടുള്ളത് അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയും, ഫെൻസിംഗ് ഇല്ലാത്ത ഭാഗങ്ങളിൽ ഫെൻസ് ചെയ്യുന്നതിനുമായി 1.80 കോടി രൂപയാണ് അനുവദിച്ചത്. കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി.
കോന്നി നിയോജക മണ്ഡലത്തിലെ വനമേഖലകളിൽ കർഷകരുടെ കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിന് പരിഹാരം സാധ്യമാക്കുന്നതിനായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ- കോന്നി ഡിഎഫ് ഓ എന്നിവർ സംയുക്തമായി പരിശോധന നടത്തി പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുന്നതിന് എംഎൽഎ നിർദ്ദേശിച്ചു.
മലയാലപ്പുഴ, കല്ലേലി ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ സ്ഥിരമായി ഇറങ്ങുന്ന ഒറ്റപ്പെട്ട ആനകളെ തിരിച്ചറിഞ്ഞ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് ആവശ്യമായ നടപടി വനപാലക ർ സ്വീകരിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.
അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി, കോന്നി ഡി.എഫ്.ഓ ആയുഷ്കുമാർ കോറി ഐ.എഫ്. എസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഐവി ജേക്കബ്, അസി. ഡി.എഫ്.ഓ നിതീഷ് കുമാർ ഐ എഫ് എസ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ടിവി പുഷ്പവല്ലി, രേഷ്മ മറിയം റോയ്,രാജഗോപാലൻ നായർ, ആനി സാബു തോമസ്,പ്രീജ പി നായർ, പി ആർ പ്രമോദ്, രജനി ജോസഫ്, നവനിത്ത് എൻ, ആർ മോഹനൻ നായർ, ഷാജി കെ സാമുവൽ, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവികല എബി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജെ ജയിംസ്, അരുവാപുലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സന്തോഷ്,കോന്നി,റാന്നി വനം ഡിവിഷനിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.