Trending Now

സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു:  രാഷ്ട്രപതി ദ്രൗപദി മുര്‍മു

 

എന്റെ പ്രിയ സഹപൗരന്മാരേ,

നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ചുവപ്പുകോട്ടയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രാദേശികമായോ എവിടെയുമാകട്ടെ, ഈ അവസരത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിനു സാക്ഷ്യം വഹിക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു. 140 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്കൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന്റെ പ്രതിഫലനമാണിത്. കുടുംബത്തോടൊപ്പം വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുപോലെ, നമ്മുടെ സഹപൗരന്മാര്‍ ഉള്‍പ്പെടുന്ന നമ്മുടെ കുടുംബത്തോടൊപ്പമാണ് നാം സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 15ന്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദേശത്തും, ഇന്ത്യക്കാര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും, ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും, മധുരപലഹാര വിതരണം നടത്തുകയും ചെയ്യുന്നു. കൊച്ചുകുട്ടികള്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തെക്കുറിച്ചും അതിലെ പൗരനായിരിക്കാനുള്ള ഭാഗ്യത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരസേനാനികള്‍ പറഞ്ഞതിന്റെ പ്രതിധ്വനി അവരുടെ വാക്കുകളില്‍ ദര്‍ശിക്കാനാകും. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ സ്വപ്നങ്ങളെയും, വരുംവര്‍ഷങ്ങളില്‍ രാഷ്ട്രം അതിന്റെ സമ്പൂര്‍ണ പ്രതാപം വീണ്ടെടുക്കുന്നതിന് സാക്ഷ്യം വഹിക്കുന്നവരുടെ അഭിലാഷങ്ങളെയും ബന്ധിപ്പിക്കുന്ന ശൃംഖലയുടെ ഭാഗമാണ് നാം എന്ന് അപ്പോള്‍ മനസിലാക്കുന്നു.

ഈ ചരിത്ര ശൃംഖലയുടെ കണ്ണികളാണ് നാമെന്ന് തിരിച്ചറിയുന്നത് നമ്മെ വിനയാന്വിതരാക്കുന്നു. രാഷ്ട്രം വിദേശഭരണത്തിന്റെ കീഴിലായിരുന്ന നാളുകള്‍ അതു നമ്മെ ഓര്‍മിപ്പിക്കുന്നു. ദേശാഭിമാനികളും ധീരരുമായ മഹത്തുക്കള്‍ വളരെയധികം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും പരമമോന്നത ത്യാഗങ്ങള്‍ വരിക്കുകയും ചെയ്തു. അവരുടെ ഓര്‍മകളെ നാം അഭിവാദ്യം ചെയ്യുന്നു. അവരുടെ നിരന്തരമായ പ്രയത്നത്തിലൂടെ, ഇന്ത്യയുടെ ആത്മാവ് നൂറ്റാണ്ടുകളുടെ ഉദാസീനതയില്‍ നിന്നുണര്‍ന്നു. പുറമേ ദൃശ്യമാകാതെ തുടര്‍ന്നിരുന്ന വ്യത്യസ്ത പാരമ്പര്യങ്ങളും മൂല്യങ്ങളും മഹത്തായ നേതാക്കളുടെ നിരവധി തലമുറകളില്‍ പുതിയ ആവിഷ്‌കാരങ്ങള്‍ കണ്ടെത്തി. പാരമ്പര്യങ്ങളുടെയും അവയുടെ ആവിഷ്‌കാരങ്ങളുടെയും വൈവിധ്യത്തെ സംയോജിപ്പിച്ചത് രാഷ്ട്രപിതാവും നമ്മുടെ വഴികാട്ടിയുമായ മഹാത്മാഗാന്ധിയായിരുന്നു.

സര്‍ദാര്‍ പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹെബ് അംബേദ്കര്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ മഹത് നേതാക്കളും ഉണ്ടായിരുന്നു. എല്ലാ സമുദായങ്ങളും പങ്കെടുത്ത രാജ്യവ്യാപക പ്രസ്ഥാനമായിരുന്നു അത്. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍, തില്‍ക മാഞ്ഝി, ബിര്‍സ മുണ്ഡ, ലക്ഷ്മണ്‍ നായിക്, ഫൂലോ-ഝാനോ എന്നിവരും ഉണ്ടായിരുന്നു; അവരുടെ ത്യാഗങ്ങള്‍ ഇപ്പോള്‍ വിലമതിക്കപ്പെടുന്നു. ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മവാര്‍ഷികം ‘ജന്‍ജാതീയ ഗൗരവ് ദിവസ്’ ആയി നാം ആഘോഷിക്കാന്‍ തുടങ്ങി. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത് ദേശീയ പുനരുജ്ജീവനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ കൂടുതല്‍ ആദരിക്കാനുള്ള അവസരമായിരിക്കും.

എന്റെ പ്രിയ സഹപൗരന്മാരേ,

ഇന്ന്, ഓഗസ്റ്റ് 14ന്, രാജ്യം വിഭജന ഭീകരതയെ അനുസ്മരിക്കുന്നതിനുള്ള ‘വിഭാജന്‍ വിഭീഷിക സ്മൃതി ദിവസ്’ ആചരിക്കുകയാണ്. മഹത്തായ രാഷ്ട്രം വിഭജിക്കപ്പെട്ടപ്പോള്‍, ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് നിര്‍ബന്ധിത കുടിയേറ്റം അനുഭവിക്കേണ്ടി വന്നു. ലക്ഷക്കണക്കിനുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പ്, സമാനതകളില്ലാത്ത ആ മനുഷ്യദുരന്തത്തെ നാം അനുസ്മരിക്കുകയും തകര്‍ന്നുപോയ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു.

നാം ഭരണഘടനയുടെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്. പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രത്തിന്റെ യാത്ര പ്രതിബന്ധങ്ങളില്ലാത്തതായിരുന്നില്ല. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന നാം, ആഗോള തലത്തില്‍ ശരിയായ ഇടം വീണ്ടെടുക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കുക എന്ന ദൗത്യത്തിലാണ്.

ഈ വര്‍ഷം നമ്മുടെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍, യോഗ്യതയുള്ള വോട്ടര്‍മാരുടെ എണ്ണം ഏകദേശം 97 കോടിയാണ്. ഇത് ചരിത്രപരമായ റെക്കോര്‍ഡായിരുന്നു. മനുഷ്യരാശി ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയായി ഇത് മാറി. ഇത്തരമൊരു ബൃഹദ് പരിപാടിയുടെ സുഗമവും കുറ്റമറ്റതുമായ നടത്തിപ്പിന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കേണ്ടതുണ്ട്. ചൂടിനെ അതിജീവിച്ച്, വോട്ടര്‍മാരെ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇത്രയധികം പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍, അത് ജനാധിപത്യം എന്ന ആശയത്തിനുള്ള മഹത്തായ വോട്ടാണ്. ഇന്ത്യയുടെ വിജയകരമായ തെരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ക്കു കരുത്തേകുന്നു.

പ്രിയ സഹപൗരന്മാരെ,

2021 മുതല്‍ 2024 വരെ, പ്രതിവര്‍ഷം ശരാശരി 8 ശതമാനം വളര്‍ച്ചാനിരക്കോടെ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരിക്കുന്നു. ഇത് ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണം ലഭ്യമാക്കുക മാത്രമല്ല, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ദാരിദ്ര്യത്തില്‍ തുടരുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ മാത്രമല്ല, അവരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനും എല്ലാ ശ്രമങ്ങളും നടക്കുന്നു. ഉദാഹരണത്തിന്, കോവിഡ്-19ന്റെ പ്രാരംഭഘട്ടത്തില്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ അന്ന യോജന, ഏകദേശം 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുന്നു. ഇത് അടുത്തിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയവരെ അതിലേക്ക് തിരികെ എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് എല്ലാവര്‍ക്കും അഭിമാനകരമാണ്. മാത്രമല്ല, നാം ഉടന്‍ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമവും ആസൂത്രകരുടെയും സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും ദീര്‍ഘവീക്ഷണവും മികവുറ്റ നേതൃത്വവുമാണ് ഇത് സാധ്യമാക്കിയത്.

കര്‍ഷകര്‍, നമ്മുടെ അന്നദാതാക്കള്‍, കാര്‍ഷികോല്‍പ്പാദനം പ്രതീക്ഷകള്‍ക്കുമപ്പുറം തുടരുന്നുവെന്ന് അവര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ, ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തമാക്കുന്നതിനും നമ്മുടെ ജനങ്ങളെ പോറ്റുന്നതിനും അവര്‍ വളരെയധികം സംഭാവനകളേകി. സമീപ വര്‍ഷങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉത്തേജനം ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ ആസൂത്രണവും ഫലപ്രദമായ സ്ഥാപനങ്ങളും റോഡുകളുടെയും ഹൈവേകളുടെയും റെയില്‍വേയുടെയും തുറമുഖങ്ങളുടെയും ശൃംഖല വികസിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ മഹത്തായ സാധ്യതകള്‍ കണക്കിലെടുത്ത്, അര്‍ദ്ധചാലകങ്ങള്‍, നിര്‍മിതബുദ്ധി തുടങ്ങിയ വിവിധ മേഖലകളെ ഗവണ്‍മെന്റ് ഊര്‍ജസ്വലമായി പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപകേന്ദ്രമാക്കി മാറ്റി. കൂടുതല്‍ സുതാര്യതയോടെ, ബാങ്കിങ്-സാമ്പത്തിക മേഖല ഏറെ കാര്യക്ഷമമായി. ഈ ഘടകങ്ങളെല്ലാം അടുത്ത തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കളമൊരുക്കുകയും, ഇന്ത്യയെ വികസിത രാജ്യങ്ങളുടെ ഗണത്തില്‍ എത്തിക്കുകയും ചെയ്യും.

ദ്രുതഗതിയിലുള്ളതും എന്നാല്‍ സമദര്‍ശിയുമായ ഈ പുരോഗതി ആഗോളകാര്യങ്ങളില്‍ ഇന്ത്യക്ക് ഉയര്‍ന്ന സ്ഥാനം നല്‍കി. ജി-20 അധ്യക്ഷപദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമെന്ന നിലയിലുള്ള പങ്ക് ഇന്ത്യ ഊട്ടിയുറപ്പിച്ചു. ലോകസമാധാനത്തിന്റെയും സമൃദ്ധിയുടെയും വ്യാപ്തി വിപുലീകരിക്കുന്നതിന് ഇന്ത്യ അതിന്റെ സ്വാധീനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു.

എന്റെ പ്രിയ സഹപൗരന്മാരേ,

ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്‍.അംബേദ്കറുടെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞ വസ്തുത ഞാന്‍ ഉദ്ധരിക്കുന്നു, ‘നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ നാം സാമൂഹിക ജനാധിപത്യമാക്കി മാറ്റണം. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍പ്പില്ല’. രാഷ്ട്രീയ ജനാധിപത്യത്തിന്റെ സ്ഥായിയായ പുരോഗതി സാമൂഹിക ജനാധിപത്യത്തിന്റെ ദൃഢീകരണത്തിലേക്കുള്ള പുരോഗതിയെ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ആശയത്തിന്റെ ആത്മാവ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപിക്കുന്നു. വൈവിധ്യവും ബഹുസ്വരതയും നിലനില്‍ക്കുന്ന ഏക രാഷ്ട്രമെന്ന നിലയില്‍ നാം ഒരുമിച്ച് മുന്നേറുന്നു. ഉള്‍പ്പെടുത്തലിനുള്ള ഉപകരണമെന്ന നിലയില്‍ ഭാവാത്മക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തണം. നമ്മുടേത് പോലൊരു ബൃഹത് രാജ്യത്ത്, സാമൂഹിക ശ്രേണിയെ അടിസ്ഥാനപ്പെടുത്തി ഭിന്നതയുണ്ടാക്കുന്ന പ്രവണതകള്‍ പാടെ തള്ളിക്കളയേണ്ടതുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

സാമൂഹ്യനീതി ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പാര്‍ശ്വവത്കൃത ജന വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് അഭൂതപൂര്‍വമായ ഒട്ടേറെ സംരംഭങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, പ്രധാന്‍ മന്ത്രി സമാജിക് ഉത്ഥാന്‍ ഏവം റോസ്ഗര്‍ ആധാരിത് ജന്‍കല്യാണ്‍ അഥവാ പിഎം-സുരാജ്, പാര്‍ശ്വവത്കരിക്കപ്പെട്ട ജന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കാന്‍ ലക്ഷ്യമിടുന്നു. പ്രധാന്‍മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ അഥവാ PM-JANMAN, പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗക്കാരുടെ, അഥവാ PVTG-വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക ഇടപെടലുകള്‍ക്കായുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രൂപം കൈവരിച്ചു. ശുചീകരണ തൊഴിലാളികള്‍ മലിനജല, സെപ്റ്റിക് ടാങ്ക് ശുചീകരണം പോലുള്ള അപകടകരമായ ജോലികളില്‍ ഏര്‍പ്പെടേണ്ടതില്ലെന്ന് യന്ത്രവല്‍കൃത ശുചിത്വ ആവാസവ്യവസ്ഥ അഥവാ നമസ്‌തെ (NAMASTE) ഉറപ്പാക്കും.

വിശാല അര്‍ത്ഥത്തില്‍ ‘നീതി’ എന്ന പദത്തില്‍ വിവിധ സാമൂഹിക ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. അവയില്‍ രണ്ടെണ്ണം പ്രത്യേകം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ലിംഗനീതിയും കാലാവസ്ഥാ നീതിയും.

നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെ തുല്യരായല്ല, കൂടുതല്‍ തുല്യരായി കണക്കാക്കുന്നു. എങ്കിലും, പരമ്പരാഗതമായ പല മുന്‍വിധികള്‍ക്കും അവര്‍ ഇരയാകേണ്ടി വന്നിട്ടുണ്ട്. വനിതകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും ഗവണ്‍മെന്റ് തുല്യ പ്രാധാന്യം നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇതിനുള്ള ബജറ്റ് വിഹിതം മൂന്നിരട്ടിയിലേറെയായി. തൊഴില്‍ സേനയിലും വനിതകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. ജനന ലിംഗാനുപാതത്തിലുണ്ടായ ഗണ്യമായ പുരോഗതിയാണ് ഈ രംഗത്തെ ഏറ്റവും ഹൃദ്യമായ മുന്നേറ്റം. വനിതാ കേന്ദ്രീകൃതമായി വിവിധ പ്രത്യേക പദ്ധതികളും ഗവണ്‍മെന്റ് രൂപകല്പന ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ യഥാര്‍ത്ഥ ശാക്തീകരണം ഉറപ്പാക്കുകയെന്നതാണ് നാരി ശക്തി വന്ദന്‍ അധിനിയം ലക്ഷ്യമിടുന്നത്.

കാലാവസ്ഥാ മാറ്റം ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തികവികസന മാതൃക മാറ്റുന്നത് കൂടുതല്‍ വെല്ലുവിളിയാണ്. എന്നിരുന്നാലും, ആ ദിശയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നാം ഇതിനകം പുരോഗതി കൈവരിച്ചു. ആഗോളതാപനത്തിന്റെ ഏറ്റവും പ്രതികൂല പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിന്റെ മുന്‍നിരയിലാണ് എന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. നിങ്ങളുടെ ജീവിതശൈലിയില്‍ ചെറുതും എന്നാല്‍ ഫലപ്രദവുമായ മാറ്റങ്ങള്‍ വരുത്താനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി കൈകാര്യം ചെയ്യുന്നതിലേക്ക് സംഭാവന നല്‍കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

നീതിയെക്കുറിച്ച് പറയുമ്പോള്‍, ഈ വര്‍ഷം ജൂലൈ മുതല്‍ ഭാരതീയ ന്യായസംഹിത സ്വീകരിച്ചുകൊണ്ട്, കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു ശേഷിപ്പ് കൂടി നാം നീക്കം ചെയ്തു എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ ഞാന്‍ കാണുന്നത്.

എന്റെ പ്രിയ സഹപൗരന്മാരേ,

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കുള്ള അവസാന കാല്‍നൂറ്റാണ്ടായ അമൃതകാലത്തെ, ഇന്നത്തെ യുവാക്കള്‍ രൂപപ്പെടുത്താന്‍ പോകുന്നു. അവരുടെ ഊര്‍ജവും ഉത്സാഹവുമാണ് രാജ്യത്തെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്. യുവമനസ്സുകളെ വളര്‍ത്തിയെടുക്കുകയും പാരമ്പര്യങ്ങളില്‍ നിന്നും സമകാലിക അറിവുകളില്‍ നിന്നും ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനുള്ള ഒരു പുതിയ മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ മുന്‍ഗണന. ഇതിനായി, 2020 മുതല്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം ഇതിനകം തന്നെ ഫലങ്ങള്‍ നല്കാന്‍ തുടങ്ങി.

അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന്, അവര്‍ക്ക് നൈപുണ്യവും തൊഴിലും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിനുള്ള സംരംഭങ്ങളുമായി ഗവണ്‍മെന്റ് മുന്നോട്ട് വന്നിട്ടുണ്ട്. തൊഴിലിനും നൈപുണ്യത്തിനുമായി പ്രധാനമന്ത്രിയുടെ അഞ്ച് പദ്ധതികളുടെ പാക്കേജ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി യുവാക്കള്‍ക്ക് പ്രയോജനം ചെയ്യും. ഗവണ്‍മെന്റിന്റെ പുതിയ സംരംഭത്തിന് കീഴില്‍, ഒരു കോടി യുവാക്കള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യും. ഇതെല്ലാം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന സംഭാവനയായിരിക്കും.

ഇന്ത്യയില്‍ നാം ശാസ്ത്രസാങ്കേതികവിദ്യയെ അറിവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായും മാനുഷിക പുരോഗതിക്കുള്ള ഉപകരണമായും കാണുന്നു. ഉദാഹരണത്തിന്, ഡിജിറ്റല്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട നമ്മുടെ നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ മാതൃകാ രൂപരേഖയായി ഉപയോഗിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചു. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയില്‍ അടുത്ത വര്‍ഷം ഒരു സംഘത്തെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പം ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദശകത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ച മറ്റൊരു മേഖലയാണ് കായികലോകം. കായിക അടിസ്ഥാനസൗകര്യ വികസനത്തിന് ഗവണ്‍മെന്റ് നല്‍കിയ ശരിയായ മുന്‍ഗണന അതിന്റെ ഫലം കാണിക്കുന്നു. ഈയിടെ സമാപിച്ച പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രയത്‌നമാണ് നടത്തിയത്. താരങ്ങളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ യുവതയെ പ്രചോദിപ്പിച്ചു. ക്രിക്കറ്റില്‍ അസംഖ്യം ആരാധകരെ സന്തോഷത്തിലാക്കി ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടി. ചെസ്സില്‍ നമ്മുടെ പ്രതിഭകള്‍ രാജ്യത്തിന് അഭിമാനമായി. ചെസ്സില്‍ ഇന്ത്യന്‍ യുഗത്തിന്റെ തുടക്കമാണിതെന്ന് പറയപ്പെടുന്നു. ബാഡ്മിന്റണിലും ടെന്നീസിലും മറ്റ് കായിക ഇനങ്ങളിലും നമ്മുടെ യുവതാരങ്ങള്‍ ലോക വേദിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു. അവരുടെ നേട്ടങ്ങള്‍ വരും തലമുറയ്ക്കും പ്രചോദനമാണ്.

എന്റെ പ്രിയ സഹപൗരന്മാരേ,

രാഷ്ട്രം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സജ്ജമായിരിക്കെ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ അറിയിക്കട്ടെ, പ്രത്യേകിച്ച് സ്വന്തം ജീവന്‍ പണയപ്പെടുത്തി നമ്മുടെ സ്വാതന്ത്ര്യം കാക്കുന്ന ധീര സായുധ സേനാ ജവാന്മാര്‍ക്ക്. രാജ്യത്തുടനീളം ജാഗ്രത പുലര്‍ത്തുന്ന പോലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. നീതിന്യായ സംവിധാനങ്ങളിലെയും സിവില്‍ സര്‍വീസുകളിലെയും അംഗങ്ങള്‍ക്കും വിദേശ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും എന്റെ ആശംസകള്‍ നേരുകയാണ്. പ്രവാസികള്‍ക്കും എന്റെ ആശംസകള്‍: നിങ്ങള്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്, നിങ്ങളുടെ നേട്ടങ്ങളില്‍ നാം അഭിമാനിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്തായ പ്രതിനിധികള്‍.

ഒരിക്കല്‍ കൂടി, ഏവര്‍ക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു!

നന്ദി.

ജയ് ഹിന്ദ്!

ജയ് ഭാരത്!

error: Content is protected !!