Trending Now

വയനാടിനായി പ്രധാനമന്ത്രിയുടെ ഉറപ്പ്

 

കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു . സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

കേന്ദ്രം ദുരിതബാധിതര്‍ക്ക് ഒപ്പമാണ്, അവര്‍ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉള്‍പ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളം വിശദമായ കണക്കുകളുമായി മെമ്മോറാണ്ടം കൈമാറണമെന്നും വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.ഉരുള്‍പൊട്ടല്‍ സര്‍വ്വനാശം വിതച്ച മുണ്ടക്കൈ , ചൂരല്‍മല , അട്ടമല , പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി.

 

വയനാട് : ദുരന്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗം ചേര്‍ന്നു

 

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളും ബെയ്‌ലി പാലവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സന്ദർശിച്ച് ദുരന്തത്തെ അതിജീവിച്ചവർക്ക് ആശ്വാസമേകി.തുടർന്ന് ദുരന്തവുമായി ബന്ധപ്പെട്ട് അവലോകന യോഗവും ചേർന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, എഡിജിപി എം ആര്‍ അജിത്കുമാര്‍, ടി സിദ്ദീഖ് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം ഫലപ്രദം: കേരളത്തെ ഹൃദയത്തോട് ചേർക്കാൻ മോദിക്ക് സാധിച്ചു: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു.

ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്ക് കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും. മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

error: Content is protected !!