Trending Now

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: യാഥാർത്ഥ്യം തിരിച്ചറിയണം

konnivartha.com: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമെല്ലെന്ന രീതിയിൽ വലിയ കുപ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാഥാർത്ഥ്യം ജനം തിരിച്ചറിയണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.

റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.

കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.

ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറൽ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രിൽ ഒന്ന് 2016 മുതൽ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. ഒരു ക്രമക്കേടുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോർട്ട് നൽകിയതാണ്.

ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ട്.

 

കെ.എസ്.എഫ്.ഇക്ക് പണം നൽകിയെന്നത് വ്യാജപ്രചരണം: മുഖ്യമന്ത്രി

സി.എം.ഡി.ആർ.എഫിൽ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്ടോപ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്നത് വ്യാജപ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴി വലിയ രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്.

തികച്ചും തെറ്റായ പ്രചരണമാണത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചരണങ്ങൾ. ആ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇക്ക് നൽകിയ തുകയാണ്. കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർഥികളായ മക്കൾക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നൽകി. ഇതുവഴി ആകെ നാൽപത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 53.98 കോടി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

സമാനതകളില്ലാത്ത ഈ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി പങ്കാളികളാകാം.

സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആഗസ്റ്റ് 6ന് ലഭിച്ച ചില സഹായം;

കെ എസ് എഫ് ഇ മാനേജുമെൻറും ജീവനക്കാരും ചേർന്ന് അഞ്ചു കോടി രൂപ.

സിപിഐ സംസ്ഥാന കൗൺസിലിന്റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന

സെക്രട്ടറി ബിനോയ് വിശ്വം എൽപിച്ചു.

കാനറ ബാങ്ക് ഒരു കോടി രൂപ.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ രണ്ട് കോടി രൂപ.

കെ എഫ് സി മാനേജുമെൻറും ജീവനക്കാരും ചേർന്ന് 1.25 കോടി രൂപ.

എ ഐ എ ഡി എം കെ ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25 ലക്ഷം രൂപ.

കേരള ഹൈഡൽ ടൂറിസം സെൻറർ 25 ലക്ഷം രൂപ.

കെ ജി ഒ എ സംസ്ഥാന കമ്മിറ്റി 10 വീടുകൾ നിർമ്മിച്ച് നൽകും.

ചലച്ചിത്ര താരം സൗബിൻ ഷാഹിർ 20 ലക്ഷം രൂപ.

കേരള എക്സ് സർവീസ് മെൻ ഡെവലപ്പ്മെൻറ് ആൻറ് റീ ഹാബിലിറ്റേഷൻ കോർപ്പറേഷൻ 15 ലക്ഷം രൂപ.

ചേർത്തല ആൻറണീസ് അക്കാദമി 10 ലക്ഷം രൂപ.

ഫ്ളോർ മിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപർട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ് 10 ലക്ഷം രൂപ.

കേളി സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

നവോദയ സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

കേരള സംസ്ഥാന പവർ ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് 15 ലക്ഷം രൂപ.

കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.

മൂവാറ്റുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.

അനർട്ട് 10 ലക്ഷം രൂപ.

പി എം എസ് ഡെൻറൽ കോളേജ് 11 ലക്ഷം രൂപ.

നെടുമങ്ങാട് മുൻസിപ്പാലിറ്റി 10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അധ്യാപകർ 8 ലക്ഷം രൂപ.

ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു 14.5 ലക്ഷം രൂപ.

മുൻ മന്ത്രി ടി കെ ഹംസ രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടൻ ഇന്നസെൻറിന്റെ ഭാര്യ ആലീസ് ഒരു ലക്ഷം രൂപ.

മുൻ എം എൽ എ പ്രകാശ് ബാബു ഒരു മാസത്തെ പെൻഷൻ 25,000 രൂപ.

മുൻ കെ പി സി സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള 36,500 രൂപ.

മുൻ എംപി, എൻ.എൻ കൃഷ്ണദാസ് ഒരു മാസത്തെ പെൻഷൻ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോൺ റോജർ 62,000 രൂപ.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്ആർടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂർ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കൽ ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ

 

237 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

മോട്ടോർവാഹന വകുപ്പിന്റെ കണക്ക് പ്രകാരം 237 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ രണ്ട് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും 10 ബെയ്സിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുമടക്കമുള്ള 36 ആംബുലൻസുകളും ദുരന്തമേഖലയിൽ ഉണ്ട്. ആവശ്യമനുസരിച്ച് ആംബുലൻസുകൾക്ക് പാസ് നൽകി ദുരന്ത മേഖലയിൽ പ്രവേശനം അനുവദിക്കും. ബാക്കിയുള്ളവ മേപ്പാടി പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യും.

കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആംബുലൻസുകൾ എത്തിയിട്ടുണ്ട്. ദുരന്തമേഖലകളിലേക്കും ആശുപത്രികളിലേക്കും മൃതദേഹങ്ങളുടെ സംസ്‌കാരം നടക്കുന്ന പ്രദേശങ്ങളിലേക്കും ആംബുലൻസുകളുടെ സേവനം ആവശ്യമാണ്. നിരവധി ആംബുലൻസുകൾ സ്വമേധയാ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. സന്നിഗ്ധഘട്ടത്തിൽ കൈത്താങ്ങായ ഇവരുടെ സേവനം അഭിനന്ദനാർഹമാണ്.

 

error: Content is protected !!