Trending Now

ചന്ദ്രയാന്‍ -3 സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ വാര്‍ഷികം – രാജ്യമെമ്പാടും ആഘോഷ പരിപാടികളുമായി ഇസ്രോ

konnivartha.com: ഓഗസ്റ്റ്‌ 23, 2023 ന് ചന്ദ്രയാന്‍ -3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്ര ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്ലാന്‍ഡ്‌ ചെയ്ത ചരിത്ര നേട്ടത്തെ അനുസ്മരിപ്പിക്കുന്നതിനായി ഓഗസ്റ്റ്‌ 23 “ദേശീയ ബഹിരാകാശ ദിനമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു.

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ബഹിരാകാശ പരിസ്ഥിതി സംവിധാനത്തിലെ പങ്കാളികളെ ഉള്‍പ്പെടുത്തി ഡല്‍ഹി ഭാരത്‌ മണ്ഡപത്തില്‍ നടക്കുന്ന പ്രധാന ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തെ വിവിധ ഇസ്രോ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ ആദ്യ വാരം മുതല്‍ പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ പരിപാടികളോടെ ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങള്‍ നടത്തും.

തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്പേസ്‌ സെന്റര്‍ (വിഎസ്‌എസ്സി), ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ്‌ സെന്റര്‍ (എല്‍പിഎസ്സി), ഐഎസ്‌ആര്‍ഒ ഇന്‍റര്‍ഷ്യല്‍ സിസ്റ്റംസ്‌ യൂണിറ്റ്‌ ഐഐഎസ്), ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ്‌ (ഐപിആര്‍സ്‌), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ സ്പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി (ഐഐഎസ്‌ടി) എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ കേരള, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

ബഹിരാകാശ പര്യവേഷണത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ വളര്‍ന്നുവരുന്ന കരുത്തിനെ വിഷയമാക്കി പ്രമുഖ ശാസ്ത്രജ്ഞര്‍ നയിക്കുന്ന സെമിനാറുകളും ബഹിരാകാശ ശാസ്ത്ര എക്സിബിഷനുകളും പൊതു ജനങ്ങള്‍ക്ക്‌ തിരുവനന്തപുരത്തിലെ വിവിധ ISRO കേന്ദ്രങ്ങളിലെ യന്ത്രങ്ങളും ലാബുകളും സന്ദര്‍ശിക്കാനുള്ള അവസരങ്ങളുമാണ്‌ ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://www.vssc.gov.in/NSPD24 സന്ദര്‍ശിക്കുക.

error: Content is protected !!