Trending Now

വയനാട് ഉരുള്‍പൊട്ടല്‍ : 67 പേരുടെ മൃതദേഹം കണ്ടെത്തി : ചെളിയ്ക്ക് അടിയില്‍ ഇനിയും ആളുകള്‍

വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുള്‍പൊട്ടലിൽ മരണ സംഖ്യ 67 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. പ്രദേശത്തെ വെള്ളാര്‍മല സ്‌കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു.

 

 

 

വയനാട് ഉരുൾപൊട്ടൽ : വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജം
ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തങ്ങൾക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജമായതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട്

94479 79075 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്)

91884 07545 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, സൗത്ത് വയനാട്)

91884 07544 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നോർത്ത് വയനാട്)

9447979070 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ)

 

നിലമ്പൂർ

91884 07537 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നിലമ്പൂർ സൗത്ത്)

94479 79065 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് നിലമ്പൂർ)

94479 79060 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഈസ്റ്റേൺ സർക്കിൾ)

 

നദികളിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദേശം

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ) എന്നിവിടങ്ങളിലാണു കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജലാശയങ്ങളുടെ തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്കും വെള്ളച്ചാട്ടം സന്ദർശനത്തിനും നിയന്ത്രണം

കാലവർഷം കനത്തതിനെത്തുടർന്നു മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻസമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്നു (ജൂലൈ 30) മുതൽ ആഗസ്റ്റ് രണ്ടു വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം ഇന്നു മുതൽ ഓഗസ്റ്റ് രണ്ടു വരെ പൂർണ്ണമായും നിരോധിച്ചു.

വയനാട് ദുരന്തം: ഭക്ഷ്യ വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും

വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റേഷൻകടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെയും സമീപജില്ലകളിലെയും സപ്ലൈകോ-ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

വയനാട് ദുരന്തം: മന്ത്രിമാരുടെ സംഘം കോഴിക്കോട്ടെത്തി
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു

നേവി സംഘം
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

ഉരുൾപ്പൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കും. നഴ്സുമാരെയും അധികമായി നിയോഗിക്കണം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കും. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പും അടിയന്തരമായി എത്തും. സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.

മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു

ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കളക്ടർ- 8547616025, തഹസിൽദാർ വൈത്തിരി – 8547616601, കൽപ്പറ്റ ജോയിന്റ് ബി. ഡി. ഒ ഓഫീസ് – 9961289892, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093, അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ – 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688.

വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.

വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പി.ആർ.ഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.ആർ.ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവഹിക്കും. 0493-6202529 ആണ് വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ.

സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിർവഹിക്കും. നമ്പർ: 0471 2327628, 2518637.

പൊതുപരിപാടികൾ മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ (ജൂലൈ 30) എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

വയനാട് ഉരുൾപൊട്ടൽ: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്‌പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു.

വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കും.

വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും സംസ്ഥാനതല സംഘത്തിലുണ്ടാകും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745. സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827.

error: Content is protected !!