Trending Now

കുളനട ,ചെറുകോല്‍,റാന്നി ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്സുകള്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം പെതുജനങ്ങള്‍ക്കുള്ള സേവനങ്ങളും സ്മാര്‍ട്ട് ആയി നല്‍കണം. മന്ത്രി കെ. രാജന്‍

സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ടായും വേഗത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍.

നിത്യ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഏറ്റവും അധികം സമീപിക്കുന്ന ഓഫീസുകളില്‍ ഒന്നാണ് വില്ലേജ് ഓഫീസ്. സര്‍ക്കാര്‍ ഓഫിസുകളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ഫയലുകളിലും ഓരോ ജീവിതമുണ്ടെന്ന തിരിച്ചറിവോടെ മൂന്നില്‍ വരുന്ന എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും നിയമത്തിന്റെ സാധൂകരണത്തോടെ പരിഹരിക്കാന്‍ സാധിക്കണം.വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി അത്യാതുധുനിക സൗകര്യങ്ങളോടെയാണ് കുളനട വില്ലേജ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്.

റവന്യു വകുപ്പ്, ഭൂമിയുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന സേവന പ്രവര്‍ത്തനങ്ങളിലും ക്യത്യമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം പട്ടയങ്ങള്‍ നല്‍കിയത് ഇപ്പോഴത്തെ സര്‍ക്കാരാണ് . സാധാരണക്കാരന് അവന്‍ ജീവിക്കുന്ന മണ്ണിന് പട്ടയത്തിലൂടെ അവകാശം നല്‍കുന്ന ഏറ്റവും ജനകീയമായ പ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കുളനട മെഴുവേലി വില്ലേജുകളില്‍ ജനറല്‍ അദാലത്ത് നടത്തി ഫെയര്‍ വാല്യു പ്രശ്നം പരിഹരിക്കാന്‍ ഏത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ കൈ കൊള്ളുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് വില്ലേജ് ഓഫീസെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ,മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. അജയകുമാര്‍, കുളന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. മോഹന്‍ദാസ്, അടൂര്‍ ആര്‍ ഡി ഒ വി. ജയമോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാക്കുക ലക്ഷ്യം : മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ ഓഫീസുകളുടെ മുമ്പില്‍ ആള്‍കൂട്ടമില്ലാതെ, സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാകുന്ന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിര്‍മാണ പൂര്‍ത്തീകരിച്ച ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും ഓണ്‍ലൈനായി മറുപടി ലഭിക്കുവാനുമുള്ള സംവിധാനം ഒരുക്കും.

പ്രവാസികളായ മലയാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഭൂമിയുടെ നികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാകുന്നു. ഓഫീസിലെത്തുന്ന ആളുകളെ സ്വീകരിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ് ബ്ലോക്ക്, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, റെക്കോഡ് റൂം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാര്‍ക്ക് അനായാസം എത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഉണ്ട്. എങ്കിലും ഓഫീസിലെത്തുന്ന ജനങ്ങളുടെ സങ്കീര്‍ണമായ വിഷയങ്ങളില്‍ പരിഹാരം കാണുമ്പോളാണ് ഓഫീസ് സ്മാര്‍ട്ട് ആകുന്നത്.

ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവന്‍ അവകാശ തര്‍ക്കങ്ങളും കേരളത്തില്‍ അവസാനിപ്പിച്ച് ‘കുടിയാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുക’ എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

റാന്നിയില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് വകുപ്പ് മന്ത്രി നടത്തുന്ന സമയബന്ധിതമായ ഇടപെടലുകള്‍ മാതൃകാപരമാണന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. പെരുമ്പട്ടി പട്ടയത്തിന്റെ നിയപരമായ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ഇടപ്പെട്ട്, ഡിജിറ്റല്‍ സര്‍വേയില്‍ പെരുമ്പട്ടിയേയും അങ്ങാടിയേയും ചേത്തക്കലിനേയും ഉള്‍പ്പെടുത്തി വനം വകുപ്പുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത മന്ത്രിയോട് റാന്നിയിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് കുമാര്‍, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസ്സറുദ്ദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍. ബീനാ റാണി, , വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടയത്തിനായുള്ള സംയുക്ത പരിശോധന ; ജൂലൈ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം

പട്ടയത്തിനായി ഭൂമിയില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും വിവര ശേഖരണ ഫോറത്തിനും അപേക്ഷകള്‍ നല്‍കാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 31 ന് മുന്‍പായി അതത് വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

റാന്നി ചേത്തയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 1977 ന് മുന്‍പ് തങ്ങള്‍ പ്രസ്തുത ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന രേഖ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രേഖ കൈവശമില്ലങ്കില്‍ ഹിയറിംഗിന് മുന്‍പ് ഹാജരാക്കമെന്ന വ്യവസ്ഥയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ റെക്കോഡ് മറികടന്ന് റവന്യൂ വകുപ്പ് പുതുചരിത്രം സൃഷ്ടിക്കുകയാണ്.

മാസത്തില്‍ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നിന് എംഎല്‍എ/ എംഎല്‍എയുടെ പ്രതിനിധി, വില്ലേജ് നില്‍കുന്ന സ്ഥലത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിയമസഭയില്‍ പ്രാധിനിത്യമുള്ള പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രഖാപനം ചെയ്യുന്ന ഒരു സ്ത്രീ, പട്ടികജാതി പട്ടികവര്‍ഗ മേഖല പ്രതിനിധി, ഡെപ്യൂട്ടി തഹിസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വില്ലേജുതല ജനകീയ സമിതി കൃതമായും ചേരണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് കെ.എസ്. ഗോപി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. ജയിംസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നീറംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സുജ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ജോയ്‌സി ചാക്കോ, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസ്സറുദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍. ബീന റാണി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാന്നി ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനവും

error: Content is protected !!