ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 5 വര്‍ഷം കൊണ്ട് തട്ടിയത് 20 കോടി : പ്രതി കീഴടങ്ങി
konnivartha.com: 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം സ്വദേശിനി ധന്യ മോഹൻ 20 കോടി തട്ടിയത് അഞ്ചു വർഷം കൊണ്ടാണെന്ന് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ പറഞ്ഞു. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിൽ അസിസ്റ്റന്‍റ് ജനറൽ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റൽ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലായിരുന്നു പോലീസ് . ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തുന്നതിന് ഇടയില്‍ പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ പോലീസിൽ കീഴടങ്ങി.കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യയെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.ജൂലായ് 23-ന് ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലായിരുന്നു . ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി.
ധന്യ 19.94 കോടി രൂപ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തിൽ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും പോയത്.പിന്നെ മുങ്ങി . 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ ഞെട്ടിക്കുന്ന തിരിമറിയാണ് നടന്നത് എന്ന് ഇതിൽ ബോധ്യമായി.2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.