Trending Now

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

 

konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരങ്ങള്‍ പിന്‍വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു .

ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം ഈ മാസം 30 ന് നല്‍കാന്‍ ധാരണയായി . തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താം തീയതി നല്‍കുവാനും തീരുമാനം എടുത്തു .108 ആംബുലന്‍സ്സുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കും .സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് എതിരെ നടപടി ഉണ്ടാകില്ല . തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാനും ചര്‍ച്ചയില്‍ തീരുമാനം എടുത്തു .

എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചതിനെ തുടര്‍ന്നാണ്‌ സമരത്തിന് തുടക്കമായത് . സൂചന സമരം നടത്തി എങ്കിലും ഫലം കാണാത്തതിനാല്‍ ആംബുലന്‍സ് ഓട്ടം നിര്‍ത്തിവെച്ചുള്ള സമരം ആണ് ഇന്ന് നടന്നത് .

എംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടന്നത് . കേരള സ്‌റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമരം നടത്തിയത് .

ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ആരംഭിച്ച സമരം 12 മണി വരെ നീണ്ടുനിന്നു. ഇതിനിടയിൽ രാവിലെ 10 മണിയോടെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ വെച്ച് യൂണിയൻ പ്രതിനിധികളും കരാർ കമ്പനി അധികൃതതരുമായി നടന്ന ചർച്ചയിൽ 29ന് സർക്കാർ ഫണ്ട് നൽകുമെന്നും മുപ്പതാം തീയതി ജീവനക്കാർക്ക് കുടിശിക വന്ന ജൂൺ മാസത്തെ ശമ്പളം ലഭ്യമാക്കുമെന്നും ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

 

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, സിഐടിയു യൂണിയൻ പ്രതിനിധികൾ, കമ്പനി പ്രതിനിധികളായ ഗിരീഷ്, ശരവണൻ അരുണാചലം എന്നിവർ പങ്കെടുത്തു.

 

error: Content is protected !!