ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർത്ഥിയിൽ മിടിക്കും: 6 പേർക്ക് പുതുജീവനേകി ടീച്ചർ യാത്രയായി

 

konnivartha.com: ഒരുപാട് വിദ്യാർഥികൾക്ക് അറിവും സ്‌നേഹവും കരുതലും പകർന്ന കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം വിദ്യാർത്ഥിയിൽ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. വളരെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. സർക്കാരിന്റെ അവയവദാന പദ്ധതിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) വഴിയാണ് അവയവ വിന്യാസം നടത്തിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് 22ന് രാവിലെ 11.30നാണ് അവയവം ശ്രീചിത്രയിൽ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഹൃദയം ശ്രീചിത്രയിലെത്തിച്ചത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും ഡാലിയ ടീച്ചർ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികൾക്കും നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.

ജൂലൈ 19ന് വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡാലിയ ടീച്ചറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായ ഭർത്താവ് ജെ ശ്രീകുമാറും മക്കളായ ശ്രീദേവൻ, ശ്രീദത്തൻ എന്നിവരും ചേർന്ന് അവയവദാനത്തിന് സമ്മതം നൽകി.