കുവൈറ്റില്‍ ഫ്ലാറ്റിൽ തീപ്പിടിത്തം: മലയാളി കുടുംബത്തിലെ 4 പേർ മരണപ്പെട്ടു

 

konnivartha.com: കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങള്‍ മരണപ്പെട്ടു .

പത്തനംതിട്ട തിരുവല്ല തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യു മുളക്കൽ ( (ജിജോ 38) ഭാര്യ ലീനി എബ്രഹാം ( 35) മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായില്ല.

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്.അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 (ഇന്ത്യൻ സമയം ) മണിക്ക് ആണ് തീ പിടുത്തം ഉണ്ടായത്.കുവൈറ്റ്‌ സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയിലെഅംഗങ്ങള്‍ആണ് . അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്.യാത്രാ ക്ഷീണം മൂലം ഇവർ നേരത്തെ തന്നെ ഉറങ്ങാന്‍ പോയിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു . ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്‍റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു .തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണമടഞ്ഞ മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണ് . മകൻ ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ ഇതേ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

ഇക്കഴിഞ്ഞ ജൂൺ 12 നാണ് മംഗഫിലുള്ള എൻ ബി റ്റി സി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മലയാളികള്‍ ഉൾപ്പെടെ അന്‍പതോളം ആളുകള്‍ മരണമടഞ്ഞത്.