Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/07/2024 )

തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടി
തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി.
സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതിനു അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  മന്ത്രി അറിയിച്ചു

 

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമാകുന്ന ആശുപത്രികള്‍

മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനവും ചികിത്സയും ലഭ്യമാണ്.
ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി, താലൂക്ക് ആസ്ഥാന ആശുപത്രി റാന്നി, താലൂക്ക് ആസ്ഥാന ആശുപത്രി മല്ലപ്പളളി എന്നിവിടങ്ങളില്‍ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

കൊതുകുജന്യരോഗങ്ങള്‍ – ജാഗ്രത വേണം

ജില്ലയില്‍ ഡെങ്കിപ്പനി പോലുളള കൊതുകുജന്യരോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗം വരാതിരിക്കാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. വീടുകളിലും കടകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന തരത്തിലുളള മാലിന്യങ്ങള്‍, പാഴ്വസ്തുക്കള്‍, ചിരട്ടകള്‍, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, തുറന്ന ടാങ്കുകള്‍ തുടങ്ങിയവ ഇല്ല എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. റബ്ബര്‍ പാല്‍  ശേഖരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ കാണുന്നത് 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം.  ആയതിനാല്‍ തങ്ങളുടെ ഉടമസ്ഥതയിലുളള ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം.

കടുത്ത പനിയും തലവേദനയും സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ശര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും ജീവന്‍ വരെ നഷ്ടമാവുകയും ചെയ്യാം. കൊതുകുകളെ അകറ്റാനും കൊതുക് കടിയേല്‍ക്കാതിരിക്കാനുമുളള ഉപാധികള്‍ സ്വീകരിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ ഡെങ്കിപ്പനി വ്യാപനം തടയാന്‍ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയിലെ ഡെങ്കി ഹോട്ട്‌സ്പോട്ടുകള്‍ നഗരസഭ/ പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍ ചുവടെ
1) പത്തനംതിട്ട നഗരസഭ- 5, 7, 9, 27, 30
2) ഏഴംകുളം – 1, 2, 14
3) കൂടല്‍ –  15, 16
4) കൊക്കാത്തോട് –  13
5) കോന്നി –  16, 17
6) ചിറ്റാര്‍ –  7, 8
7) ഏനാദിമംഗലം – 1, 6
8) വടശ്ശേരിക്കര – 1, 3
9) തണ്ണിത്തോട് – 2, 4, 8, 13
10) മലയാലപ്പുഴ – 9
11) കടമ്പനാട് – 9
12) പളളിക്കല്‍ – 16
13) വല്ലന – 4, 12, 15
(പിഎന്‍പി 1563/24)

ഓഫീസ് മാനേജ്മെന്റ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ്  ഓഫീസിലും റാന്നി ട്രൈബല്‍് എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്കും ഓഫീസ് മാനേജെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ച്  ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (കുടുംബനാഥന്റെ /സംരക്ഷകന്റെ വരുമാനം). അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ നിന്നാകണം. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം  പതിനായിരം രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയമായി  ഒരുവര്‍ഷത്തേക്ക് മാത്രമായിരിക്കും. പട്ടിക വര്‍ഗവികസന വകുപ്പിന്റെ അതത് ജില്ലാ ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് റാന്നി, ട്രൈബല്‍ എക്‌സ്സ്റ്റന്‍ഷന്‍ ഓഫീസ്, റാന്നി എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ ഓഫീസുകളില്‍ ജൂലൈ 20 ന്  മുമ്പായി ലഭിക്കണം.ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കരുത്.
ഫോണ്‍ : 0473 5227703.

പത്തനംതിട്ട സ്റ്റാസ് കോളജിന് ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്സ് അനുവദിച്ചു

ജലജീവികളെകുറിച്ചുള്ള പഠനവും അവയെ വ്യവസായ അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എം എസ് സി ഫിഷറീസ്  ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്സ് ജില്ലയില്‍ ആദ്യമായി സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ (സ്റ്റാസ്) ആരംഭിച്ചു. നിരവധി വര്‍ഷത്തെ ഗവേഷണപരിചയമുള്ള അധ്യാപകരാണ് കോഴ്‌സുകള്‍ കൈകാര്യം ചെയുന്നത.് അത്യാധുനിക സൗകര്യമുള്ള ലാബ്, മ്യൂസിയം, ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശായുടെ അഗീകാരത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ സിപിഎഎസ് ആണ് കോഴ്‌സ് നടത്തുന്നത്. ഈ വര്‍ഷം 12 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.

യോഗ്യത: ബിഎസ്സി ബോട്ടണി,  ബിഎസ്സി സുവോളജി,  ബിഎസ്സി ഫിഷറിസ്, ബിഎസ്സി ബയോടെക്നോളജി എന്നിവയിലുള്ള ബിരുദം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യവും സംവരണവും സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഫോണ്‍ : 9446302066, 6282231247

സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ആറു ദിവസത്തെ ഇന്നോവേറ്റ് ആന്‍ഡ് കണക്ട് സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതല്‍  27 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.  18 – 35 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0484 2532890/0484 2550322/ 9188922785.

സൗജന്യ പഠനോപകരണകിറ്റിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2024- 25 അധ്യയന വര്‍ഷത്തില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ  പഠനോപകരണകിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടും ഇ-മെയില്‍ ([email protected]) മുഖേനയും ജില്ലാ ഓഫീസില്‍ ജൂലൈ 27 ന് മുമ്പായി സമര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാറിന്റെ പകര്‍പ്പും നല്‍കണം.
ഫോണ്‍: 0468 2320158.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്സി നിയമന അംഗീകാരമുളള ഡി.സി.എ, പി.ജി.ഡി.സി.എ, ഡേറ്റ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2961525, 8078140525.
അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു നീക്കി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണം.  അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് മുറിച്ച് മാറ്റുന്നതും ആയതിന് ചെലവാകുന്ന തുകയും പിഴയുമടക്കം ഉടമസ്ഥരില്‍ നിന്ന് റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ചുരുക്കപട്ടിക നിലവില്‍ വന്നു


 പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (നേരിട്ടുളള / തസ്തികമാറ്റം വഴിയുളള നിയമനം, കാറ്റഗറി നം. 307/2023, 308/2023) തസ്തികകളുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

മംഗല്യപദ്ധതി

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി മംഗല്യ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍. 0468 2966649.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തുമ്പമണ്‍ സിഎച്ച്സിയുടെ കീഴിലുളള വനിതാ ജിമ്മിലേക്ക് വനിതാ ജിം പരിശീലകയെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നതിന് ജൂലൈ 26 ന് രാവിലെ 10 ന്  പന്തളം ബ്ലോക്ക് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത പരിശീലനം ലഭിച്ചിരിക്കണം. ഒഴിവ് : ഒന്ന്. ഉദ്യോഗാര്‍ഥികള്‍ 23 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം പന്തളം ബ്ലോക്ക് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 266609.

പിഴ ചുമത്തി
ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉള്‍പ്പടെയുളളവയുടെ നിരോധനവുമായി ബന്ധപ്പെട്ട് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുളള വ്യാപരസ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ്‌സ്‌ക്വാഡും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന്  മൂന്ന് സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും  പിഴ ചുമത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

ലാബ് കെമിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
വ്യവസായ വാണിജ്യ വകുപ്പ് സ്ഥാപനമായ മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈര്‍ഘ്യമുള്ള  ലാബ് കെമിസ്റ്റ് (റബ്ബര്‍)  സര്‍ട്ടിഫിക്കറ്റ് കോഴ്സ്  ആഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളില്‍ നടക്കും. കെമിസ്ട്രി മെയിന്‍ സബ്സിഡറി  വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 6000രൂപ.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്ഥാപനത്തില്‍ നേരിട്ടോ, [email protected] എന്ന ഇ-മെയില്‍ വഴിയോ 9846141688, 0483-2768507 എന്നീ ഫോണ്‍  നമ്പറുകളിലോ ബന്ധപ്പെടാം.

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്  
പന്തളം ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ  അങ്കണവാടികളില്‍ വര്‍ക്കര്‍  തസ്തികയിലെ ഒഴിവുകളിലേയ്ക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ സ്ഥിരം താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം  2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 49 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. പന്തളം ഐ സി ഡി എസ് ഓഫീസില്‍ നിന്നും  അപേക്ഷാ ഫാറം ലഭിക്കും.
ഫോണ്‍ 0473 4256765.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍  സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
ഫോണ്‍ : 0468 2362129.

ടെന്‍ഡര്‍
വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫിസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം – കാര്‍ (എസി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് മൂന്നിന് പകല്‍ മൂന്നുവരെ.
ഫോണ്‍-8281999053, 0468 2329053.

error: Content is protected !!