പമ്പയിൽനിന്ന്‌ സന്നിധാനം വരെ 2.7 കിലോമീറ്റർ റോപ്‌വേ:തുടർനടപടി

 

ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ്‌ തുടർനടപടികളിലേക്ക്‌ കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന്‌ തടസങ്ങൾ നീക്കി.

ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതി രേഖ (ഡിപിആർ) തയാറാക്കൽ, റവന്യൂ വകുപ്പിന്റെ നോട്ടിഫിക്കേഷൻ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നിർമാണത്തിലേക്ക്‌ കടക്കും. ഈ മണ്ഡലകാലത്തുതന്നെ റോപ്‌വേ യാഥാർഥ്യമാക്കുകയാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യം. എത്രയും വേഗം നിർമാണം ആരംഭിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പമ്പയിൽനിന്ന്‌ സന്നിധാനം വരെ 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌ റോപ്‌വേ. മണ്ഡല, മകരവിളക്കുകാലത്ത്‌ 60 ലക്ഷത്തിന്‌ മുകളിൽ ആളുകൾ ശബരിമലയിലെത്താറുണ്ട്‌. ആന്ധ്രാപ്രദേശിലെ തിരുപ്പതി, തമിഴ്‌നാട്ടിലെ പഴനി എന്നീ ക്ഷേത്രങ്ങളിൽ റോപ്‌ വേ സംവിധാനമുണ്ട്‌. ശബരിമലയിൽ റോപ് വേ വരുന്നതോടെ തീർഥാടകരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിക്കും. പ്രായമായവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ തുടങ്ങിയവർക്ക്‌ ഈ സംവിധാനം ഏറെ ഉപകരിക്കും.

മണ്ഡല, മകരവിളക്ക്‌ മഹോത്സവങ്ങൾ പരാതിരഹിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. എല്ലാ തീർഥാടകർക്കും ദർശനം ഉറപ്പാക്കും. പാർക്കിങ്‌ സൗകര്യമടക്കം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.