പത്തനംതിട്ട ജില്ലയിലും വൈറല്‍ പനി എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തു :കൂടുതല്‍കരുതല്‍വേണം

konnivartha.com:  പത്തനംതിട്ട  ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സതേടണമെന്ന് ജില്ലാമെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, ചെറിയകുട്ടികള്‍, പ്രായമായവര്‍, മറ്റേതെങ്കിലുംരോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുയും ചെയ്യുന്നത്. ജില്ലയിലെ എല്ലാസര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നും ലഭ്യമാണ്.

രോഗബാധിതര്‍ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂര്‍ണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണം.