konnivartha.com: വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായി റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. നിയമസഭയിൽ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എംഎൽഎ ഉന്നയിച്ച പ്രശ്നം ചില കർഷക സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വനഭൂമിയിൽ കുടിയേറിയ പട്ടയം ലഭിച്ചിട്ടില്ലാത്തവർക്കായി നടത്തിയ വിവരശേഖരണത്തിന്റെ കാലാവധി ജൂലൈ 10 മുതൽ 30 വരെ ദീർഘിപ്പിക്കുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
മലയോര മേഖലകളിൽ പട്ടയ വിതരണത്തിന് പുതിയ അപേക്ഷകൾ സ്വീകരിക്കാനും സംയുക്ത പരിശോധന നടത്തുന്നതിനും അനുമതി ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിമാർ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1077 ജനുവരി ഒന്നിന് മുമ്പ് വന ഭൂമിയിൽ കുടിയേറി താമസിച്ച് വരുന്നവരിൽ നാളിതു വരെ പട്ടയം ലഭിക്കാത്തവരെ കണ്ടെത്തുന്നതിന് ഒരു സമഗ്ര വിവര ശേഖരണം നടത്തുവാൻ തീരുമാനിച്ചത്. 2024 മാർച്ച് ഒന്നു മുതൽ മാർച്ച് 30 വരെ നടത്തിയ വിവര ശേഖരണത്തിൽ 37,311 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിലൂടെ കേന്ദ്ര അനുവാദം ലഭ്യമാക്കി 1993ലെ ചട്ടങ്ങൾക്ക് വിധേയമാക്കും. തുടർന്ന് പട്ടയം വിതരണം ചെയ്യാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെടാത്തവർ, ഇതുവരെ അപേക്ഷ നൽകാത്തവർ എന്നിവർക്കായി പുതിയ ജെവിആർ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംയുക്ത പരിശോധനയെ തുടർന്ന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കി അപേക്ഷ സമർപ്പിക്കാനും സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിതല യോഗത്തിൽ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒരു നിരീക്ഷണ സമിതിയെയും തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ പട്ടയം നൽകുന്നതിനായി പത്തനാപുരം പുനലൂർ താലൂക്കുകളിലായി സംയുക്ത പരിശോധന പൂർത്തിയാക്കിയ 4552 കേസുകളുടെ (459.93.30 ഹെക്ടർ) വിവരങ്ങൾ പരിവേഷ പോർട്ടലിൽ അപ് ലോഡ് ചെയ്തിരുന്നു. പഴയകാലത്തെ രേഖകൾ കൂടി സ്‌കാൻ ചെയ്ത് അവ അപ് ലോഡ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ താലൂക്കുകളിൽ ഉറപ്പാക്കി ആ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.