Trending Now

സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതി

 

konnivartha.com: കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ വാര്‍ഡ്‌ തലത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട കോന്നി പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുന്നത്. ശയ്യാവലംബരായവരെ ശ്രുശൂഷിക്കുന്നവര്‍ അവരുടെ സാഹചര്യം മനസിലാക്കി അനുകമ്പയോടെ പെരുമാറണമെന്നും ആവശ്യമായ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തു ആദ്യമായാണ് കുടുംബശ്രീ വാര്‍ഡുതല എഡിഎസ് പാലിയേറ്റിവ് കെയര്‍ ആരംഭിക്കുന്നത്. വീല്‍ ചെയര്‍, വോക്കര്‍, എയര്‍, വാട്ടര്‍ ബെഡുകള്‍ തുടങ്ങി കിടപ്പ് രോഗികള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍, വീടുകളില്‍ എത്തി പരിചരണം, നിര്‍ധന രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വീസ്, എഡിഎസ് ചികിത്സ സഹായ നിധിയായ കരുതലിന്റെ കരങ്ങളില്‍ നിന്നും അടിയന്തിര ചികിത്സ സഹായം എന്നിവയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങള്‍.

വാര്‍ഡ് മെമ്പര്‍ എം.കെ. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് വോളന്റിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ നിഖില്‍ ചെറിയാന്‍, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, എഡിഎംസി ബിന്ദു രേഖ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, സിഡിഎസ് അംഗങ്ങളായ അനില്‍, എഡിഎസ് പ്രസിഡന്റ് ത്രേസ്സ്യാമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!