Trending Now

കോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

 

konnivartha.com: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്‍ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. ചില ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഈ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

പത്തനംതിട്ട റിംഗ് റോഡിന്‍റെ സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്‍മാണത്തിനുമായി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയത്തിനായുള്ള സര്‍വേ നടപടികള്‍ വേഗത്തിലാക്കണം. അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ വേഗത്തിലേക്കാണം. പൈവഴി- നെടിയകാല റോഡിലെ മാര്‍കിങ്, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കുന്നതും വള്ളംകുളം തോട്ടപ്പുഴ റോഡിലെ ബിസി പ്രവര്‍ത്തികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

 

തകരാറിലായ മടത്തുകടവ് പാലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍മാണം വേഗത്തിലാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പാലത്തിന്റെ ഇരുവശത്തുമായുള്ള റോഡുകളുടെ ഉടമസ്ഥവകാശം സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറമറ്റം, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളുമായി യോഗം ചേര്‍ന്ന് പ്രശനം പരിഹരിച്ച് പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് തുക അനുവദിക്കണം. പുളിക്കീഴ് പോലീസ് സ്‌റ്റേഷന്‍ ഫൗണ്ടേഷനും താഴത്തെ നിലയും പണിയുന്നതിനുള്ള തുകയുടെ എസ്റ്റിമേറ്റ് തയ്യാറിക്കാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്‌സി. എന്‍ജിനീയറെ അദ്ദേഹം ചുമതലപ്പെടുത്തി.

കോന്നി മണ്ഡലത്തിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനം വകുപ്പിന്റെ ജാഗ്രതാ സമിതി അടുത്ത പതിനഞ്ചു ദിവസത്തിനുള്ളില്‍ ചേരണം. മണ്ഡലത്തിലെ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കന്‍ പൊതുമാരമത്ത് കെട്ടിട വിഭാഗം നടപടി സ്വീകരിക്കണം. മലയാലപ്പുഴ റോഡ്, കൊച്ചുകോയിക്കല്‍ റോഡ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തികള്‍ വേഗത്തിലാക്കന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥരുടേയും കോണ്‍ട്രാക്ടര്‍മാരുടേയും അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. റാന്നി പെരുനാട് പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ ഉണ്ടാകണം. കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ എത്രയും വേഗം വൃത്തിയാക്കണം. ഇതിന് മുതിരാത്തവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം. അടുത്ത സീസണു മുന്‍പ് പമ്പാ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-കോളൈ ബാക്ടീരിയുടെ സാന്നിധ്യവും ഇല്ലാതാക്കുന്നതിന് എല്ലാ വകുപ്പുകളും സഹകരിച്ചുള്ള പ്രവര്‍ത്തനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

2018ലെ വെള്ളപൊക്കത്തില്‍ തിരിച്ചറില്‍ രേഖകള്‍ നഷ്ടപ്പെട്ട ഇരവിപേരൂരിലെ കുടുംബങ്ങള്‍ക്ക് അവ പുന്‍ര്‍നിര്‍മിച്ച് ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. കോട്ടാങ്ങല്‍, ആനിക്കാട് പഞ്ചായത്തുകളില്‍ മണിമലയാറിന്റെ തീരപ്രദേശങ്ങളില്‍ മണ്‍തിട്ട ഇടിഞ്ഞ് പുഴ കയറി വരുന്ന പ്രദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.

തിരുവല്ല, കുമ്പഴ റോഡില്‍ പഴയ ജയിലിനു സമീപമുള്ള പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് അപകടം ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പത്തനംതിട്ട ഡോക്ടേഴ്‌സ് ലെയിനിലെ അനധികൃത പാര്‍ക്കിംഗ് തടയുന്നതിനുള്ള നടപടി ഉണ്ടാകണം. റിംഗ് റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരചില്ലകള്‍ വെട്ടിമാറ്റണം. കളക്ടറേറ്റ്, മിനിസിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ മാലിന്യശേഖരണത്തിന് നഗരസഭയുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കുമെന്നും അതിന് ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വികസന സമിതിയില്‍ ചര്‍ച്ച ചെയ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രവര്‍ത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതി അധ്യക്ഷനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!