Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/6/2024 )

മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിഷാര്‍ഹം

മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912

രാത്രി യാത്രാ നിരോധനം

രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായുള്ള ക്ലെയിമുകള്‍ സമര്‍പ്പിക്കണം

2024-25 വര്‍ഷം ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായുള്ള ക്ലെയിമുകള്‍ ഇ-ഗ്രാന്റസ് 3.0 പോര്‍ട്ടല്‍ മുഖേന എത്രയും വേഗം സമര്‍പ്പിക്കുന്നതിന് സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ മുട്ടാര്‍, തുരുത്തിക്കാട്, കുഞ്ചരം, വെള്ളനാട് എന്നീ ചാലുകളില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷം മത്സ്യം പിടിക്കുന്നതിനുള്ള അവകാശം ജൂലൈ നാലിന് പകല്‍ 11:30 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം :ജൂലൈ ഒന്നിനകം സര്‍വേ ജോലികള്‍ പൂര്‍ത്തിയാകും

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ ജോലികള്‍, കല്ലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നിവ ജൂലൈ ഒന്നിന് മുന്‍പായി പൂര്‍ത്തിയാക്കും. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആവശ്യാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കെ.ആര്‍.എഫ്.ബി. ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോദ്ധ്യപ്പെടുന്നതിനും തീരുമാനമായി.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെ.ആര്‍.എഫ്.ബി. പ്രോജക്ട് ഡയറക്ടര്‍ അശോക്കുമാര്‍, കെ.ആര്‍.എഫ്.ബി. പദ്ധതി ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, എക്‌സി. എഞ്ചിനീയര്‍ ദീപ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും  മനസ്സിലാക്കി മുന്നോട്ടു പോകണം: ജില്ലാ കളക്ടര്‍

വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും മനസ്സിലാക്കി മുന്നോട്ടു പോകണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം, ‘ലഹരിയും നിയമങ്ങളും അറിവിലേക്ക് ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സെന്റ് സിറില്‍സ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും അവയുടെ ശിക്ഷയെക്കുറിച്ചും മനസ്സിലാക്കാത്തതു മൂലമാണ് പുതുതലമുറ രാസലഹരിയിലേക്ക് വഴുതിപോകുന്നത്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിന് നിയമാവബോധം അത്യാവശ്യമാണ്. ഇതില്‍ ഉള്‍പ്പെട്ട് കുറ്റവാളികളാകുന്നവരുടെ ഭാവിജീവിതം വേദനാജനകമായിരിക്കും. ഇത് തിരിച്ചറിയാന്‍ പുതുതലമുറ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് മാനേജര്‍ ഡോ.സക്കറിയാസ് മാര്‍ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്‍ ചാര്‍ജ് രാജീവ് ബി നായര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ തരകന്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി.കെ. അനില്‍കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അന്‍ഷാദ്, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അയ്യൂബ് ഖാന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിനി കെ മാത്യു, കോളജ് വിമുക്തി കോ-ഓഡിനേറ്റര്‍ മോനിഷ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സി കെ ലതാകുമാരി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മല്ലപ്പള്ളി നിയോജക മണ്ഡലത്തിലെ സി കെ ലതാകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്്ടര്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ
അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.

മസ്റ്ററിംഗ് നടത്തണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും ആഗസ്റ്റ് 24 ന് അകം വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ് നടത്തണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയവരും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിച്ചവരും ഓഗസ്റ്റ് 24 ന് മുമ്പ് അക്ഷയ സെന്റര്‍ വഴിബയോമെട്രിക് മസ്റ്ററിംങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468-2223169.

മസ്റ്ററിംഗ് നടത്തണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍/അനുവദിക്കപ്പെട്ടവര്‍ ( മുമ്പ് മസ്റ്ററിംഗ് ചെയ്തവര്‍ ഉള്‍പ്പടെ ) ആഗസ്റ്റ് 24 വരെ അവരവരുടെ പെന്‍ഷന്‍ കാര്‍ഡ്/ പെന്‍ഷന്‍ ബുക്ക്, ആധാറുമായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമായും നടത്തണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിംഗ് നടത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍അറിയിച്ചു.
ഫോണ്‍ – 0468 2324947.

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം

സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനും 2024-25 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.

 

തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിനാണ് ഈ പദ്ധതി. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഫോറം എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കേക്ക്, ഫ്രൂട്ട് സാലഡ്, കുക്കീസ്, ഷേക്സ്, ചോക്ലേറ്റ്സ്, പുഡിങ്‌സ് എന്നിവയുടെ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44
ഫോണ്‍: 0468 2270243, 8330010232.

 

ഐടിഐ പ്രവേശനം

സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള അവസരം ജൂണ്‍ 29 ന് അവസാനിക്കും.  ജൂണ്‍ 29 വരെ അപേക്ഷിക്കാം. അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നൂറു രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഐ.ടി.ഐ.യില്‍ എത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറിനകം പൂര്‍ത്തിയാക്കണം.
ഫോണ്‍ :0468-2258710.

പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യണം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 ന് മുന്‍പ് ആധാര്‍ കാര്‍ഡുമായി അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. .

ജില്ലാ വികസന സമിതി യോഗം 29 ന്

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 29 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും