konnivartha.com: വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗ, സിദ്ധ, ആയുർവേദം തുടങ്ങിയവയിലൂടെ രാജ്യത്തിൻ്റെ പരമ്പരാഗത വെൽനെസ് സംവിധാനങ്ങളുടെ സാധ്യതകൾ കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെൽനസ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളികളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയുന്ന വരുമാനം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മാർഗവും ടൂറിസം നൽകുന്നുണ്ട്.
വെൽനസ് ടൂറിസത്തിനായുള്ള ഈ സമഗ്രമായ സമീപനം ഇപ്പോൾ ടൂറിസം വ്യവസായത്തിലുടനീളം ലക്ഷ്യസ്ഥാനങ്ങൾ, റിസോർട്ടുകൾ, സ്പാകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ തുടങ്ങിയവയ്ക്ക് പ്രധാന അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മാത്രമല്ല, വിദേശത്തും യോഗയെ പ്രചരിപ്പിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നൽകുന്ന ശ്രമങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. തുടർന്ന് നടന്ന യോഗ പ്രകടനത്തിനും കേന്ദ്ര സഹമന്ത്രി നേതൃത്വം നൽകി. ടൂറിസം മന്ത്രാലയം ദക്ഷിണ മേഖലാ ഡയറക്ടര്‍ ജി വെങ്കടേശൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്, കോവളം ഐഎച്ച്എംസിടി പ്രിൻസിപ്പാൾ കെ രാജശേഖർ,യുഡിഎസ് ഹോട്ടൽ സിഇഒ രാജശേഖർ അയ്യർ,കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സിഇഒ ശ്രീപ്രസാദ്,കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻ്റെ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.