Trending Now

അത്യന്തം വേദനാജനകം: കുവൈറ്റ് തീപിടുത്തത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

 

konnivartha.com: കുവൈത്തിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില്‍ മരിച്ചത്. സഹിക്കാന്‍ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്ടാക്ട് നമ്പര്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്‌ക് എന്നിവ ആരംഭിച്ചിട്ടുണ്ട്.

തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നമ്മെയെല്ലാം ദുഖത്തിലാഴ്ത്തിയ അതിദാരുണമായ സംഭവമാണ് കുവൈറ്റിലുണ്ടായതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടിയന്തര ഇടപെടലിനായി കേന്ദ്ര സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശിച്ചു

കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടമായ കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ ശാലോംവില്ലയിൽ സജു ഏബ്രഹാം , വള്ളിക്കോട് വാഴമുട്ടം  പുളിനിൽക്കുന്നതിൽ പി.വി. മുരളീധരൻ എന്നിവരുടെ വീടുകൾ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു

error: Content is protected !!