Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 05/06/2024 )

പത്തനംതിട്ട : വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ ഇലക്ഷന്‍ പേപ്പറുകളും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാതല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ എത്തിച്ച് ജില്ലാകളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ് ഡിസിസി ജനറല്‍ സെക്രട്ടറി ജി രഘുനാഥ്, യുഡി എഫ് പ്രതിനിധി അജിത്ത് മണ്ണില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണം പ്രധാനം: ജില്ലാ കളക്ടര്‍

ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണമാണ് മലിനീകരണം തടയുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് .ഡബ്ല്യൂ .എം. പി) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുനര്‍ജീവനി യജ്ഞം പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം വലിച്ചെറിയാതിരിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശരിയായ മാലിന്യസംസ്‌കരണ പ്രക്രിയകളിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ എന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ അനുകരണ മാതൃകകളിലൂടെ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധ പ്രചരണമാണ് പുനര്‍ജീവനി യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നത്. പാഴ്വസ്തു പുനരുപയോഗത്തിലൂടെ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് ശ്രദ്ധേയയായ ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു. നഗരസഭയിലെ തുമ്പൂര്‍ മൂഴികളില്‍ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങളില്‍ നിന്നും രൂപംകൊണ്ട ജൈവവളം ഉപയോഗിച്ച് സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെരഞ്ഞെടുക്കപെട്ട സ്‌കൂളുകളില്‍ പുനര്‍ജീവനി വാരാചരണം സംഘടിപ്പിക്കും.

മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ആര്‍. അജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ് .ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റര്‍ പി.എം. ഐശ്വര്യ വിഷയാവതരണം നടത്തി. വിശിഷ്ടാതിഥിയായ ലീലാമ്മ മാത്യു പരിസ്ഥിതിദിന സന്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍, കെ എസ് .ഡബ്ല്യൂ .എം. പി സോഷ്യല്‍ കം കമ്മ്യൂണിക്കേഷന്‍ എക്സ്‌പെര്‍ട് ശ്രീവിദ്യ ബാലന്‍, പരിസ്ഥിതി എഞ്ചിനീയര്‍ വിജിത വി കുമാര്‍, ഫിനാന്‍ഷ്യല്‍ എക്സ്‌പെര്‍ട് വീണവിജയന്‍ , മോണിറ്ററിങ് എക്സ്‌പെര്‍ട് ലക്ഷ്മി പ്രിയദര്‍ശിനി , എഞ്ചിനീയര്‍മാരായ ബെന്‍സി മേരി ബാബു, എ.കെ. അനില, അഖില റഹിം, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെറിറ്റ് അവാര്‍ഡ്

2023-24 അധ്യയന വര്‍ഷം എസ്എസ്എല്‍സി/ പ്ലസ് ടു/ തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് കുടിശികയില്ലാതെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.kmtboard.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സഹിതം ജൂലൈ 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ് , കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2966577, 9188230577.

ടെന്‍ഡര്‍

കല്ലൂപ്പാറ സമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ആവശ്യമായ റീഏജന്റ് കിറ്റ്സ്, അനുബന്ധ സാമഗ്രികള്‍ എന്നിവ എത്തിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. ഫോണ്‍ : 0469 2678752.

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം

സ്‌കോള്‍-കേരള മുഖേന 2024-25 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍-കേരള വെബ്‌സൈറ്റിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര. പി.ഒ, തിരുവനന്തപുരം- 695012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 26 നകം എത്തിക്കണം. ഫോണ്‍ : 0471 2342950, 2342271, 2342369

അഡ്മിഷന്‍ തുടരുന്നു

ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്മെന്റ് സപ്പോര്‍ട്ടോടും കൂടി ആറുമാസ കാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ ഹൌസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. യോഗ്യത : പ്ലസ് ടു / ബിരുദം. താല്‍പ്പര്യമുളളവര്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം.ഫോണ്‍ : 9447007319 / 8301830093.

ജൂലൈ 6 ലോക ജന്തുജന്യരോഗദിനം;ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം

ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. പകര്‍ച്ചവ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവുമുള്ള ജന്തുജന്യരോഗങ്ങളാണ്. പുതുതായി ഉണ്ടാകുന്നതും നിര്‍മാര്‍ജ്ജനം ചെയ്യപ്പട്ടശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എലിപ്പനി, സ്‌ക്രബ് ടൈഫസ് (ചെഞ്ചുപനി), നിപ, പേവിഷബാധ, കുരങ്ങ്പനി, വെസ്റ്റ്‌നൈല്‍ ഫിവര്‍ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ജന്തുജന്യരോഗങ്ങള്‍.

പകരുന്ന രീതി

മനുഷ്യനും മൃഗങ്ങളും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലെത്തിയാണ് ജന്തുജന്യരോഗങ്ങള്‍ ഉണ്ടാകുന്നത്. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുളള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുളള സമ്പര്‍ക്കം, മലിനമായ ജലം, മണ്ണ് എന്നിവയുമായുളള സമ്പര്‍ക്കം, മൃഗങ്ങള്‍ കടിക്കുമ്പോഴും മാന്തുമ്പോഴും ഉണ്ടാകുന്ന പരിക്കുകള്‍, രോഗവാഹകരായ പ്രാണികള്‍, അണുവാഹകരാകാന്‍ സാധ്യതയുളള വസ്തുക്കള്‍ എന്നിവയിലൂടെയെല്ലാം രോഗം പകരാം.

മുന്‍കരുതലുകള്‍

വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം. മൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കരുത്. അഞ്ച് വയസ്സിനു താഴെയും 65 വയസ്സിന് മുകളിലും പ്രായമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കണം. മൃഗങ്ങളില്‍ നിന്നും മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍തന്നെ സോപ്പും, വെളളവും ഉപയോഗിച്ച് 15 മിനിട്ടെങ്കിലും നന്നായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം. വളര്‍ത്തുമൃഗങ്ങള്‍ക്കുളള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കണം. മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

കീം പരീക്ഷ: കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പടുത്തി

അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ജൂണ്‍ 10 വരെ പ്രവേശനപരീക്ഷ കമ്മീഷണര്‍ നടത്തുന്ന കീം പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യം ഏര്‍പ്പടുത്തി. രാവിലെ 11 ന് ആടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും കോളേജ് ബസ് പുറപ്പെടും. വൈകിട്ട് 5.15 ന് കോളജില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ തിരികെ എത്തിക്കും.
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ചിത്രരചനാ (വാട്ടര്‍കളര്‍) മത്സരം ജൂണ്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ അധികാരികള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം.

ശുചിത്വവും മാലിന്യ സംസ്‌കരണവും സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍

മാലിന്യസംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളിലെ സ്വഭാവ രൂപീകരണവേളയില്‍ തന്നെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ അവരെ പഠിപ്പിക്കണമെന്നും അതിനായി കുട്ടികള്‍ ശീലിക്കേണ്ട ശരിയായ ശൈലികള്‍ സംബന്ധിച്ച കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ഏറെ നാളായുള്ള ആവശ്യമാണ് ഇതിലൂടെ സാധ്യമാവുന്നത്. കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ വിഷയങ്ങളില്‍ ശരിയായ ബോധ്യങ്ങളുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി.ജോസ് പറഞ്ഞു.

എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം എന്ന പ്രധാന തലക്കെട്ടോടുകൂടി തുടങ്ങുന്ന പാഠഭാഗത്തില്‍ സ്വന്തം വിദ്യാലയത്തിന്റെ ശുചിത്വ നിലവാരം വിലയിരുത്താന്‍ ഉതകുന്ന തരത്തിലുള്ള പട്ടികകളും മാലിന്യ പരിപാലനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും മാലിന്യം വലിച്ചെറിഞ്ഞാല്‍ സംഭവിക്കാവുന്ന ദൂഷ്യവശങ്ങളും അനുബന്ധ വിഷയങ്ങളുമാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ശുചിത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നത് ലക്ഷ്യമാക്കി ഉറവിടത്തില്‍ തരംതിരിക്കലും ഇതിനായി വ്യത്യസ്ത ബിന്നുകള്‍ ഉപയോഗിക്കുന്നതും ഭക്ഷണമാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിലൂടെ വളമാക്കി മാറ്റുന്നതും പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഐഎച്ച്ആര്‍ഡി നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 11 മുതല്‍ 15 വരെ ഓണ്‍ലൈനായി നടത്തുന്ന കോഴ്സിന് www.ihrd.ac.in/index.php/ai12 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫീസ് 500 രൂപ. ഫോണ്‍ : 0471 2322985, 0471 2322501.

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ (6) ഉയര്‍ത്തും

മണിയാര്‍ ബാരേജിലെ അഞ്ചാം നമ്പര്‍ ഷട്ടറിന്റെ ബോഗി വീലുകളുടെ അറ്റകുറ്റപണികള്‍ നടത്തിയതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തുന്നതിനും ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാനുമായി മണിയാര്‍ സംഭരണിയിലെ ജലനിരപ്പ് ക്രസ്റ്റ് ലവല്‍ വരെ കുറയ്ക്കാനായി ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ (06) പൂര്‍ണതോതില്‍ ഉയര്‍ത്തി തുറന്നു വെയ്ക്കുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ഈ സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരത്തുളളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

 

‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

പഠനത്തോടൊപ്പം പ്രകൃതിയെയും അതിലൂടെ ഭൂമിയും സംരക്ഷിക്കുവാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന മുദ്രാവാക്യം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം വൃക്ഷ തൈ നട്ടു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്. സന്തോഷ് റാണി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ സി. കെ അനില്‍കുമാര്‍ മുഖ്യസന്ദേശം നല്‍കി. എ.ഇ.ഒ സീമാദാസ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ മൂലയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി വര്‍ഗീസ്, എസ് എം സി ചെയര്‍മാന്‍ ഹരിപ്രസാദ്, ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഉദയന്‍പിള്ള, വിമുക്തി മിഷന്‍ സ്‌കൂള്‍ കോ-ഓഡിനേറ്റര്‍ മനീഷ് സിസി, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് കെ. വിധു , അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഹീര്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിസ്ഥിതിദിനാചരണം നടത്തി

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത്, ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണം നടത്തി. ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ടു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, സാറാമ്മ ഷാജന്‍, അജി അലക്‌സ്, ജിജി ചെറിയാന്‍ മാത്യു, അന്നമ്മ പി.വി, ജൈവവൈവിധ്യ പരിപാലന സമിതി അംഗം എ. ലീസ് , ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന ഓഫീസര്‍ വി. താരാ, പഞ്ചായത്ത് സെക്രട്ടറി എസ്.എ. ലത, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.