Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 28/05/2024 )

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേയ് 29 ന് മാലിദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരവും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരവും, വടക്കന്‍ ആന്ധ്രാ തീരം, തെക്കന്‍ ഒഡിഷ തീരവും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

തെക്കു കിഴക്കന്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ അറബിക്കടല്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗങ്ങള്‍, മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേയ് 30ന് ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം, മാലിദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

തെക്കുകിഴക്കന്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മാലിദ്വീപ് പ്രദേശം, തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, തെക്കന്‍ അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേയ് 31 ന് ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മാലിദ്വീപ് പ്രദേശം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, തെക്ക് കിഴക്കന്‍  അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ജൂണ്‍ ഒന്നിന് തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ  തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.   (പിഎന്‍പി 1084/24)

രണ്ടിടത്ത് റെഡ് അലര്‍ട്ട്;പത്തനംതിട്ടയില്‍ ഓറഞ്ച് മുന്നറിയിപ്പ്

കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് 28 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാം. പത്തനംതിട്ടയില്‍ 28 നും 29 നും ഓറഞ്ച് അലര്‍ട്ടുണ്ട്. 28 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 29 ന്  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം.

മേയ് 28 ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 29 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും, 30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണുള്ളത്. 31 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ജൂണ്‍ ഒന്നിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനം അതീവ ജാഗ്രത പാലിക്കണം.


പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണ്ടണം. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മരങ്ങള്‍ കോതി ഒതുക്കണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം.

ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.

അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണം. റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.

റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കണം. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം, അങ്ങോട്ടേക്കുള്ള വഴി തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വയ്ക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാധ്യത ഇല്ല എന്നുറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം.

സഹായത്തിന് വിളിക്കാം

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം. ഇതിന് പുറമേ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056

കാലവര്‍ഷം ഉടനെത്തും; ഒരാഴ്ച വ്യാപകമഴ

അടുത്ത 3-4 ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി  ഇടി / മിന്നല്‍ / കാറ്റ് (3040 കി.മി / മണിക്കൂര്‍.) കൂടിയ  മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഇന്ന് (മെയ് 29) അതിശക്തമായ മഴക്കും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ ഒന്നുവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിലാണ് ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്കായി 260 സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ളത്.
അടിസ്ഥാനയോഗ്യത പത്താം ക്ലാസ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ആയ www.labourwelfarefund.in സന്ദര്‍ശിക്കണം.
അവസാന തീയതി ജൂണ്‍ 30.
അഡ്മിഷന്‍ ലഭിക്കുന്ന ഗവ. ഐ.ടി.ഐ.കളും ഗ്രേഡുകളും
ധനുവച്ചപുരം – വയര്‍മാന്‍,
ചാക്ക- ടര്‍ണര്‍,
ആറ്റിങ്ങല്‍ – മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,
കൊല്ലം-മെക്കാനിക്ക് ഡീസല്‍,
ഏറ്റുമാനൂര്‍-വെല്‍ഡര്‍/ഫിറ്റര്‍
ചെങ്ങന്നൂര്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,
കളമശ്ശേരി- ഫിറ്റര്‍,
ചാലക്കുടി-ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്,
മലമ്പുഴ -ഇലക്ട്രീഷ്യന്‍,
അഴിക്കോട്-ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍,
കോഴിക്കോട്- റെഫ്രജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍,
കണ്ണൂര്‍ – ഇലക്ട്രോണിക് മെക്കാനിക്

തയ്യല്‍ പരിശീലനം

പട്ടിക വര്‍ഗ വികസന വകുപ്പ്  റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ  നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര ടെയിലറിംഗ് കോഴ്സിന്റെ 2024-26 ബാച്ചിലേക്കുള്ള  പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍  വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ  തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ്് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ , റാന്നി- 689672 എന്ന വിലാസത്തില്‍ അയക്കുകയോ റാന്നി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍  എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ അഞ്ച്. ഫോണ്‍:  04735 227703.

കുടുംബശ്രീ ജില്ലാതല കലോത്സവം  (29)

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘അരങ്ങ് 2024’  ജില്ലാതല കലോത്സവം മെയ് 29 ന് രാവിലെ 10 ന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍  ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

അയല്‍ക്കൂട്ട തലത്തില്‍ ആരംഭിച്ച് സി.ഡി.എസ് തലത്തിലും തുടര്‍ന്ന് ബ്ലോക്ക് ക്ലസ്റ്റര്‍ തലത്തിലും മത്സരത്തില്‍ പങ്കെടുത്ത്  വിജയിച്ച കലാപ്രതിഭകളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ്  അംഗങ്ങള്‍ക്കും പ്രത്യേകമായാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവിധ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നായി 500 ല്‍പരം  കലാകാരികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  എസ്. ആദില അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ മുഖ്യസാന്നിധ്യമാകും. ബാല ചലച്ചിത്രതാരം അബനി ആദി മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമാരായ ആര്‍. തുളസീധരന്‍ പിള്ള, പി.എസ് മോഹനന്‍, വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.

മല്ലപ്പളളി കെല്‍ട്രോണ്‍  സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ഗവ. അംഗീകൃതമായ ഓട്ടോകാഡ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന  യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താംക്ലാസ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് 17 വയസ് പൂര്‍ത്തിയാവണം. ഉയര്‍ന്ന  പ്രായപരിധി  ഇല്ല. ഫോണ്‍ : 0471 2325101, 8606031784, 9656008311, 8281411846, 9447432066.  വെബ്‌സൈറ്റ് : www.srccc.in

കൊതുക് പെരുകുന്ന സാഹചര്യം ഇല്ലാതാക്കണം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്ത് കൊതുകിന്റെ പ്രജനനം ഇല്ലായെന്നും കൊതുക് പെരുകുന്ന സാഹചര്യം ഇല്ലായെന്നും വീട് / സ്ഥാപനം ഉടമസ്ഥര്‍ ഉറപ്പാക്കണം. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം സ്ഥാപനങ്ങളുടെയോ  വീടുകളുടെയോ അകത്തോ പരിസരത്തോ  കൊതുകിന്റെ പ്രജനനത്തിന് കാരണമാകുന്ന തരത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഓരോ കുറ്റത്തിനും 10000 രൂപ വരെ പിഴ ലഭിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!