Trending Now

കൊച്ചുപള്ളിക്കൂടത്തിൽ ഒന്നാം ക്ലാസ് ഒന്നാംതരം

 

konnivartha.com/മെഴുവേലി : നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കർ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച കൊച്ചുപള്ളിക്കൂടം എന്ന മെഴുവേലി ഗവ. ജി വിഎൽ പി സ്‌കൂൾ അതിജീവന പാതയിൽ. ജനകീയ കൂട്ടായ്മയിലൂടെ കൊച്ചുപള്ളിക്കൂടം സ്മാർട്ട് ആയത് കേരളത്തിലെ പൊതു വിദ്യാലയ രംഗത്തിനു തന്നെ മാതൃകയാണ്.

കഴിഞ്ഞവർഷം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ തന്നെ ആദ്യത്തെ ശീതിരീകരിച്ച പ്രീ സ്കൂളിന് അനുബന്ധമായി ഇപ്പോൾ ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് റൂം ആയി പുനർ ക്രമീകരിച്ചിരിക്കുകയാണ് . ആശയ രൂപീകരണത്തിനുള്ള വൈവിദ്ധ്യമാർന്ന ചിത്രങ്ങളും വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ എൽ സി ഡി ടി വി അടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ, ആധുനിക ഇരിപ്പിടങ്ങൾ തുടങ്ങി ഏറെ വൈവിധ്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ ഇന്ന് നിർവഹിച്ചു.

പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികൾക്കുള്ള പങ്കും, ജനകീയ ഇടപെടലിനുള്ള മാതൃകയുമാണ് ജി വി എൽ പി സ്കൂളിലെ പൂർവവിദ്യാർഥി സ്കൂൾ സഹായ കൂട്ടായ്മ എന്നും, ഇത് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് പിങ്കിശ്രീധർ ഓർമിപ്പിച്ചു . വാർഡ് മെമ്പർ ശ്രീദേവി ടോണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2024 – 25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി അശോകൻ പ്രകാശനം ചെയ്ത് ഡി പി ഒ ഡോ. സുജാ മോൾക്ക് കൈമാറി.

‘സന്തോഷ വിദ്യാലയം ജനായത്ത വിദ്യാലയം ‘ എന്ന ആശയത്തെ മുൻനിർത്തിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് എന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദീകരിച്ചുകൊണ്ട് ഡോക്ടർ സുജ മോൾ പറഞ്ഞു. മൂന്നാം വാർഡ് മെമ്പർ ഷൈനി ലാൽ , നാലാം വാർഡ് മെമ്പർ ഡി ബിനു, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത വി എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമ്യ നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!