Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/05/2024 )

 

വോട്ടെണ്ണല്‍: ആദ്യഘട്ട പരിശീലനം നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ നടന്ന ആദ്യ ബാച്ചില്‍ 100 പേര്‍ക്കും ഉച്ചക്ക് ശേഷം നടന്ന രണ്ടാം ബാച്ചില്‍ 100 പേര്‍ക്കുമായാണ് പരിശീലനം നല്‍കിയത്. മെഷീന്‍ കൗണ്ടിംഗ്, ബാലറ്റ് കൗണ്ടിംഗ് എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നല്‍കി. സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ എം.എസ് വിജുകുമാര്‍, രജീഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

25 ശതമാനം റിസര്‍വ് അടക്കം ആകെ 580 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഇന്നും (23) നാളെ (24) യുമായി പരിശീലനം നല്‍കും. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെ നടക്കും. ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ: ജില്ലയില്‍ മൂന്ന് മരണം

കനത്ത മഴയില്‍ ജില്ലയിലുണ്ടായത് മൂന്ന് മരണങ്ങള്‍. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള്‍ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന്‍ (63), ബീഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം.

കളക്ടറേറ്റ്: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293
അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്  (23) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തും.

ഇതുമൂലം കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍ വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷണന്‍ അറിയിച്ചു.

മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം

മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ട, കമുകിന്‍പാളകള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം.
വീടിനുള്ളില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികളില്‍ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടിച്ചട്ടികള്‍ക്കടിയിലെ ട്രേകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ജില്ലയില്‍ പൊതുവെ എല്ലായിടത്തും വെക്ടര്‍ സൂചിക കൂടുതലാണ്. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ പ്രദേശം- വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍-
പത്തനംതിട്ട നഗരസഭ – 10
മല്ലപ്പള്ളി – 10
ആനിക്കാട് – 6, 9
ചന്ദനപ്പള്ളി – 13, 17
കോന്നി – 2, 5
കൂടല്‍ – 15
റാന്നി പെരുനാട് – 9
മൈലപ്ര – 1
തണ്ണിത്തോട് – 13
ഡെങ്കിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

മദര്‍ ആനിമേറ്റര്‍- അഭിമുഖം 28 ന്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘മഴവില്ല് – കേരളത്തിന് ഒരു ശാസ്ത്ര പഠനം’ പദ്ധതിയുമായി ബന്ധപ്പെട്ട് 2024 -25 അധ്യയന വര്‍ഷം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിന് മദര്‍ ആനിമേറ്ററെ തെരഞ്ഞെടുക്കുന്നതിന് മേയ് 28 ന് രാവിലെ 11ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. ബി-ടെക് / ബി എസ് സി ബിരുദമാണ് യോഗ്യത. വേതനം- പ്രതിമാസം 12500/- രൂപ. അഭിമുഖത്തിന് പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 9497051153

അഭിമുഖം നടത്തും

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും 2024-25 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ ഒന്നിന് രാവിലെ 11 ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. കുക്ക് – പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ കെ.ജി.റ്റി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ. ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം . മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-40 . പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9497051153

 

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2214639.

ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി  അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.  സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെയ് 27 മുതല്‍ 31 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ മെയ് 24 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890,2550322,9188922785.

യോഗ അധ്യാപക ഡിപ്ലോമ കോഴ്സ്

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററും  യോഗ അസോസിയേഷനും സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന യോഗ അധ്യാപക ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളില്‍ പത്തനംതിട്ട പ്രതിഭ കോളജിലാണ് ക്ലാസുകള്‍. പ്ലസ്ടു അടിസ്ഥാന യോഗ്യത.  പ്രായപരിധി ഇല്ല.  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ യോഗ്യതയുളള ഡിപ്ലോമ കോഴ്സാണിത്. ആപ്പ്‌ളിക്കേഷന്‍ ലിങ്ക്: https://app.srccc.in/register
ഫോണ്‍ : 9961090979, 7012588973, 9496806061.  വെബ്‌സൈറ്റ് : www.srccc.in

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും   ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും.  പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.

ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും  പരാതികള്‍,  കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ  പരാതികള്‍, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ  നല്‍കിയ പരാതികള്‍, താലൂക്ക് നിയമസേവന കമ്മിറ്റികള്‍  മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍,  മോട്ടോര്‍ വാഹന അപകട,തര്‍ക്ക,പരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍  വകുപ്പുകള്‍ മുമ്പാകെയുളള പരാതികള്‍,  റീജിയണല്‍  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍,  കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.  ഫോണ്‍ : 0468 2220141.

ഡിജിറ്റല്‍ സര്‍വേ – ചെന്നീര്‍ക്കര  വില്ലേജ്

കോഴഞ്ചേരി താലൂക്ക് ചെന്നീര്‍ക്കര വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും  അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ചെന്നീര്‍ക്കര ഊന്നുകല്ലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളൂടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം.  ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളിലും റെക്കോഡുകള്‍ പരിശോധിക്കാം. പരാതിയുണ്ടങ്കില്‍ 30 ദിവസത്തിനകം റിസര്‍വെ നം. 2 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ‘എന്റെ ഭൂമി പോര്‍ട്ടല്‍’ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.  പരാതികള്‍ ഇല്ലെങ്കില്‍ സര്‍വേ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോഡുകള്‍ അന്തിമമാക്കും.

ഡിജിറ്റല്‍ സര്‍വേ – ഇലന്തൂര്‍ വില്ലേജ്

കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ വില്ലേജില്‍  ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും ഇലന്തൂര്‍ വലിയ വലിയവട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫിസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളൂടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം.  ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ റെക്കോഡുകള്‍ പരിശോധിക്കാം. പരാതിയുണ്ടങ്കില്‍ 30 ദിവസത്തിനകം റിസര്‍വെ നം. 2 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ‘എന്റെ ഭൂമി പോര്‍ട്ടല്‍’ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.  പരാതികള്‍ ഇല്ലെങ്കില്‍ സര്‍വേ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോഡുകള്‍ അന്തിമമാക്കും.

എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. ചെളിവെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

രോഗാണു വാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് എലിപ്പനി പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ തുടങ്ങി രോഗസാധ്യത കൂടിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം.ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

പനി, തലവേദന, കാല്‍വണ്ണയിലെ പേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം.

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണത്തൊഴിലാളികളും സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ടുവരെയുള്ള പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കണം. കാലില്‍  മുറിവുള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങരുത് .അഥവാ ഇറങ്ങിയാല്‍ കൈയും കാലും സോപ്പുപയോഗിച്ച് നന്നായി കഴുകണം.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും യാതൊരു കാരണവശാലും സ്വയംചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി ഓണേഴ്‌സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂര്‍ (04735 296833, 8547055105), കോന്നി (0468 2382280, 8547005074), മല്ലപ്പള്ളി (8547005033, 8547005075), കടുത്തുരുത്തി (04829 264177, 8547005049), കാഞ്ഞിരപ്പള്ളി (04828206480, 8547005075) പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് ( 04869 299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047), പുത്തന്‍വേലിക്കര (0484 2487790, 8547005069) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 11 അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളില്‍  കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്ബിഐ കളക്ട് മുഖേന ഫീസ് ഒടുക്കി അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.  ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിര്‍ദിഷ്ട അനുബന്ധങ്ങള്‍ , 750രൂപ (എസ്.സി ,എസ്.റ്റി  250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം.

 

പത്തനംതിട്ടയില്‍ 23 മുതല്‍ 25 വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം  ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും, തുടര്‍ന്ന് മെയ് 25 വരെ ശക്തമായ മഴക്കും  സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മെയ് 24 ന്  രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

error: Content is protected !!