Trending Now

പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ദുർമന്ത്രവാദങ്ങള്‍ നടക്കുന്നു : പോലീസ്

 

konnivartha.com: പത്തനംതിട്ടജില്ലയിലെ ചിലയിടങ്ങളിൽ  ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും, ആളുകൾ  ഇത്തരക്കാരുടെ ചതിയിൽപ്പെടരുതെന്നും പോലീസ്. ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ്
അറിയിച്ചു.

പൊതുജനങ്ങളിൽ നിന്നും ഇത്തരക്കാരെ  സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസിന് കർശന
നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി  പറഞ്ഞു.

ജ്യോതിഷാലയത്തിന്റെ മറവിൽ  ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന പരാതിയിൽ കോന്നി
ളാക്കൂരിലെ ജ്യോതിഷിയെ കഴിഞ്ഞദിവസം പോലീസ്  താക്കീത് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കോന്നി പോലീസ് അന്വേഷണം നടത്തി നടപടി കൈക്കൊണ്ടത്.

ജില്ലയിലെ വേറെ ചിലയിടങ്ങളിലും ദുർമന്ത്രവാദ ആഭിചാരവൃത്തികൾ
നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളും മറ്റും
താമസിക്കുന്ന ഒരുസ്ഥലത്തെ രണ്ടുനിലക്കെട്ടിടത്തിൽ  വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ നേതൃത്വത്തിൽ  മുറിയിലും പുറത്തുമായി കോഴിക്കുരുതി പോലെയുള്ള
ദുർമന്ത്രവാദപ്രവൃത്തികൾ നടക്കുന്നതായി പറയപ്പെടുന്നു. പലയിടങ്ങളിൽ നിന്നും വളരെയധികം ആളുകൾ സംശയകരമായ സാഹചര്യത്തിൽ ഇവിടെയെത്തുന്നു.

പുരോഗമനചിന്താഗതിയുള്ള നമ്മുടെ സാമൂഹിക  പശ്ചാത്തലത്തിൽ ജനങ്ങൾ ഇതുപോലെയുള്ള  ചതികളിൽപ്പെടരുതെന്നും പോലീസ് മുന്നറിയിപ്പ്  നൽകുന്നു. ആളുകളുടെ വിശ്വാസങ്ങൾ മുതലെടുത്ത്  സാമ്പത്തിക നേട്ടത്തിനായി ഇങ്ങനെ ചെയ്യുന്നവരെ
തിരിച്ചറിയണമെന്നും ഇക്കൂട്ടർക്ക് അടിപ്പെടരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

error: Content is protected !!