Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/05/2024 )

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം, ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും  പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ട്. എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ശാരീരിക-ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങും ലഭിക്കും.   യൂണിഫോം, ഭക്ഷണം, വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി മുതലായവക്ക് മാസംതോറും നിശ്ചിത തുക അനുവദിക്കും. ഫോണ്‍-9544788310, 8547630042.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹാളില്‍ മേയ് ഏഴിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.
ഫോണ്‍ : 9447556949.

ഡിജിറ്റല്‍ സര്‍വെ – അത്തിക്കയം വില്ലേജ് വിജ്ഞാപനം


റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍  ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in)   നാറാണംമുഴി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്ഹാളിലും  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വസ്തു ഉടമസ്ഥര്‍ക്ക് ഈ റിക്കാര്‍ഡുകള്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാവുന്നതും അതിന്‍മേലുള്ള അപ്പീല്‍ പരാതികള്‍ നിശ്ചിത സമയത്തിനകം പത്തനംതിട്ട റീസര്‍വെ നം 1 സൂപ്രണ്ടിന് നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതുമാണ്.  റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തു ഉടമസ്ഥരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീര്‍ണ്ണം എന്നിവ അന്തിമമായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും.    
ടെന്‍ഡര്‍

കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകള്‍, വിത്ത്, തേങ്ങ, വളങ്ങള്‍, മറ്റു നടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ  കൃഷിഭവനുകളിലും  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റുസ്ഥലങ്ങളിലും  എത്തിച്ചു നല്‍കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  മേയ് 13 ന് പകല്‍ 12 വരെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷിഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കും.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി  കെല്‍ട്രോണില്‍  സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ ഡിസിഎ , പിജിഡിസിഎ , ഡാറ്റാ എന്‍ട്രി, ടാലി വിത്ത് ജിഎസ്ടി , ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്,  തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, പൈത്തണ്‍ പ്രോഗ്രാമിങ്, ഫോറിന്‍ അക്കൗണ്ടിംഗ് തുടങ്ങിയവയിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി മെയ് 31. ഫോണ്‍ : 0469 -2961525 , 8281905525.

ഗ്രോത്ത് പള്‍സ് പരിശീലനം


വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി  അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് സംഘടിപ്പിക്കുന്നു.  മേയ് 14 മുതല്‍ 18 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ മേയ് 10നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890/2550322/9188922800.
മോണ്ടിസോറി പരിശീലനം

കേന്ദ്രസര്‍ക്കാര്‍   സംരംഭമായ   ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍ മേയില്‍  ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി  ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി  യോഗ്യതയുള്ളവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍  11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണം : ജില്ലാ കളക്ടര്‍

കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍  11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ ഉത്തരവിട്ടു. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.
സംസ്ഥാനത്ത് അതിശക്തമായി വേനല്‍ ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സൂര്യതാപം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

* നിര്‍മാണതൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, മറ്റ് കാഠിന്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുളള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കേണ്ടതാണ്.

* പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളില്‍  പകല്‍ സമയത്ത് പരേഡും, ഡ്രില്ലുകളും ഒഴിവാക്കേണ്ടതാണ്

* ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ എന്നിവ പകല്‍ സമയം അടച്ചിടേണ്ടതാണ്. ഇവ മേല്‍ക്കൂരയായിട്ടുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

* ആശുപത്രികളുടേയും, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യേണ്ടതാണ്.

* കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

* ഉച്ചവെയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതാണ്.

* ലയങ്ങള്‍, ആദിവാസി ആവാസ കേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെളളം ഉറപ്പാക്കേണ്ടതാണ്


പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

പത്തനംതിട്ട ജില്ലയില്‍ മേയ് എട്ടു വരെ  താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം,  കാസര്‍കോട്  ജില്ലകളിലും ഇതേ താപനില ആയിരിക്കും.
പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിലും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ മെയ് എട്ടുവരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
* പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11  മുതല്‍ വൈകിട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ വൈകിട്ട് 3 വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക്  ചൂടേല്‍ക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മുതല്‍ വൈകിട്ട് 3 വരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക്  ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക

error: Content is protected !!