Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/05/2024 )

പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും

പത്തനംതിട്ട ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളലും ഇതേ താപനില ആയിരിക്കും.

അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ  ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍  മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഏപ്രില്‍ 30 മുതല്‍ മേയ് നാലുവരെ വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍  ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും,  (സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ മെയ് നാലുവരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍
പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
* പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11  മുതല്‍ വൈകിട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ വൈകിട്ട് 3 വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക്  ചൂടേല്‍ക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മുതല്‍ വൈകിട്ട് 3 വരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക്  ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.


ഗതാഗത നിയന്ത്രണം

ചള്ളംവേലിപ്പടി പ്രമാടം റോഡില്‍ പൊക്കിട്ടാറ ജംഗ്ഷനില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ നാളെ (മെയ് 2) മുതല്‍ രണ്ടു മാസത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രമാടം അമ്പലം ജംഗ്ഷനില്‍ നിന്നും പൂങ്കാവ് റോഡ് വഴി തിരിഞ്ഞു പോകണമെന്നും വള്ളിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കാവ് ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണമെന്നും പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം 5, 6, 7, 8 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്. കൂടാതെ, ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 15 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ണ്ടതാണ്. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേഴുംപാറ പി.ഒ., വടശേരിക്കര, പത്തനംതിട്ട-689662 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447875275, 9446349209, 9446988929 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ( കെ എസ് ബി സി ഡി സി) പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ (വിവിധ ഉദ്ദേശം), പെണ്‍കുട്ടികളുടെ വിവാഹം, എന്റെ വീട്, വിദ്യാഭ്യാസം തുടങ്ങിയ വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6 ശതമാനം – 8 ശതമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9.5 ശതമാനം പലിശ നിരക്കില്‍ വ്യക്തിഗതവായ്പകള്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ..എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ നം.0468 2226111, 2272111.

അസാപില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അടുത്ത ജൂണില്‍ ആരംഭിക്കുന്ന, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 10, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍, ഡ്രോണ്‍ പൈലറ്റ്, എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയ്നര്‍ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ കുന്നന്താനത്തുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായ് ബന്ധപ്പെടണം. ഫോണ്‍: 7994497989, 6235732523, 9696043142.

സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

സംസ്ഥാന കണ്‍സ്യൂമര്‍ഫെഡ് പത്തനംതിട്ട റീജിയണ്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ (30) രാവിലെ 11 ന് നടന്ന ചടങ്ങില്‍ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അജയകുമാര്‍ അധ്യക്ഷനായിരുന്നു. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിന്‍സിപ്പാള്‍ ജി.സന്തോഷ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ ജയശ്രീ റ്റി.ഡി സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ സജികുമാര്‍. ജി നന്ദിയും പറഞ്ഞു. ജൂണ്‍ 15 വരെ 20 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂള്‍ സ്റ്റേഷനറി ഇനങ്ങളും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളില്‍ ലഭിക്കും.

ബോധവല്‍കരണ ക്ലാസ്

എം.ജി. സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ 2024-2025 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനും സംശയ നിവാരണത്തിനുമായി ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ നേതൃത്വത്തില്‍ മെയ് മൂന്നിന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ പത്തനംതിട്ട ടൗണ്‍ഹാളില്‍   മുഖാമുഖം  പരിപാടി സംഘടിപ്പിക്കും. എം.ജി. യൂണിവേഴ്‌സിറ്റി യു.ജി പി. മാസ്റ്റര്‍ ട്രെയിനര്‍  ലിജിന്‍ പി മാത്യു ക്ലാസ് നയിക്കും.     (പിഎന്‍പി 879/24)

error: Content is protected !!