ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം
konnivartha.com/ കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്.
അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പതിനയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രമണ്യ ആഹ്വാനം.
ഇന്ദ്രൻ യാഗശാലയിലേക്കു പ്രവേശിച്ചതിനാൽ ഇത്തരം ചടങ്ങുകൾ അവസാനിച്ചു. 1 മണിയോടെ ഈ ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ നചികേത ചിതിയിൽ ദഹിപ്പിച്ചു. നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു മൺപാത്രങ്ങൾ, പ്രസേകം, ശഭം പീഠം, ദർഭപുല്ലുകൾ ഉൾപ്പടെ പ്രവർഗ്യോപാസത്തിനു ഉപയോഗിച്ച യാഗ വസ്തുക്കൾ മുഴുവൻ ദഹിപ്പിച്ചു ചിതാഗ്നിയാക്കി.
വൈകിട്ട് നാല് മണിക്ക് വൈദിക ചടങ്ങുകൾ പുനരാരംഭിച്ചു. അതുവരെ നടന്നു വന്ന യാഗങ്ങൾ ഇനി മഹായാഗമായ അതിരാത്രത്തിലേക്കു മാറും. ഇതുവരെ പടിഞ്ഞാറേ ശാലയായ ഗാർഹ്യപത്യ ശാലയിലെ ത്രേതാഗ്നി ഹോമകുണ്ഡങ്ങളിലാണ് യാഗം നടന്നിരുന്നത്. ഇവയെല്ലാം ചെറിയ യാഗങ്ങളായിരുന്നു. 29/04/2024 നാല് മണിക്ക് കിഴക്കേ ശാലയായ ഹവിർധാന മണ്ഡപത്തിനു മുന്നില് യാഗ ഭൂമിയുടെ മധ്യ ഭാഗത്തായി നിർമിച്ച ചിതിയിലാണ് യാഗം നടക്കുന്നത്. ഈ ചിതിയിലേക്കു അരണി കടഞ്ഞു അഗ്നി സന്നിവേശിപ്പിക്കും. ഇതോടെ സമ്പൂർണ അതിരാത്ര യാഗത്തിന് തുടക്കമാകും. തുടർന്നു ഹവിർധാന മണ്ഡപത്തിൽ സോമം ഇടിച്ചു പിഴിഞ്ഞ് സോമയാഗത്തിനുള്ള നീരെടുക്കും. (29 30 തീയതികളിൽ) മഹാ സോമയാഗം നടക്കും.
ഇളകൊള്ളൂർ അതിരാത്രത്തിനുള്ള സോമലത എത്തിച്ചിരിക്കുന്നത് കാശ്മീരിലെ ലഡാക്കിൽ നിന്നാണ്. കുട്ടികളും, സ്ത്രീകളുമുൾപ്പടെ നിരവധി വൈദികർ ആണ് അതിരാത്രത്തിൽ പങ്കെടുക്കുന്നത്. സംസ്കൃത വ്യാകരണത്തിൽ ഡോക്ടറേറ്റ് നേടിയ കാലടി സംസ്കൃത സർവ്വ കലാശായുടെ പയ്യന്നൂർ സെൻ്റർ ഡയറക്ടർ ആയ കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയാണ് യാഗ യജമാനൻ, അദ്ദേഹത്തിന്റെ പത്നി ഉഷ പത്തനാടി സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സംസ്‌കൃത അധ്യാപികയും യാഗത്തിൽ യജമാന പത്നിയായി പങ്കെടുക്കുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ ത്രിവിധ അഗ്നികളെയും ഉപാസിച്ച് സോമയാജി യാഗ യജമാനാധികാരം അദ്ദേഹം നേടിയിരുന്നു. ഋത്വിക്ക്‌കളായ മറ്റു വൈദികർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. വിഷ്ണു മോഹൻ ചെയർമാനായുള്ള സംഹിതാ ഫൗണ്ടേഷനാണ് സംഘാടകർ. പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്.
യജമാനൻ തപസ്സിൽ നിന്നുണർന്നു: മഴത്തുള്ളികളായി ഇന്ദ്രൻ എത്തി:യാഗ ഭൂമി വേദമന്ത്രങ്ങളാൽ മുഖരിതം
കോന്നി: ഇടതടവില്ലാതെ വേദ മന്ത്രങ്ങൾ മാത്രം മുഴങ്ങുന്ന യാഗ ഭൂമിയായി ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രം മാറി. ഇന്നലെ അഞ്ചാം പ്രവർഗ്യവും ഉപാസത്തുകളും സുബ്രമണ്യ ആഹ്വാനവും കഴിഞ്ഞു 3 മണിക്കൂർ ഋത്വിക്കുകൾ വിശ്രമിച്ചു. വൈകിട്ട് നാല് മണിയോടെ ഇന്ദ്രന്റെ സാമിപ്യം തിരിച്ചറിഞ്ഞ പ്രധാന ആചാര്യൻ യജമാനനോട് തന്റെ കടുത്ത തപസ്സവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ടു കർമങ്ങൾക്കു തുടക്കമായി. ഇതോടെ അഗ്നിഷോമപ്രണയന ചടങ്ങു നടന്നു. അധര്യു, യജമാനൻ, പത്നി മക്കൾ ഇവർ പടിഞ്ഞാറേ ശാലയിൽ പ്രവേശിച്ചു. അധര്യു ആവഹനീയാഗ്നിക്ക് മുൻപിൽ കിഴക്കോട്ടു തിരിഞ്ഞു നിന്ന് അഗ്നിയുമെടുത്തു അഗ്നീധ്രിയത്തിലേക്ക് തിരിക്കുകയും അവഹനീയാഗ്നി അവിടെ സ്ഥാപിക്കുകയും ചെയ്‌തു. ബ്രഹ്മൻ എന്ന ഋത്വിക്ക് സോമവും വഹിച്ചുകൊണ്ട് പിന്നാലെ യാത്ര ചെയ്ത് അഗ്നീധ്രിയത്തെ വലം വച്ച് ഹവിർധാനത്തു സോമം സ്ഥാപിച്ചു. തുടർന്ന് യജമാനൻ മുഷ്ടികൾ വിടർത്തി യാഗ കര്മങ്ങള് ചെയ്‌യുന്നതിനായി തപസ്സ് അവസാനിപ്പിച്ചു. ഇതോടെ മഴ പെയ്തു. കാണികൾ ഭക്തിയോടെ ആ ദിവ്യ സാമിപ്യം നുകർന്നു.
സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനന്റെ മുഷ്ടി അടച്ചും, മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാനൻ ഉരിയാടാതെയും. കുളിക്കുകയോ അന്നാഹാരം കഴിക്കുകയോ ചെയ്യാതെയും അനുഷ്ടിച്ചു പോന്ന തപസ്സ് ഇന്ദ്രന്റെ സാമീപ്യത്താൽ അവസാനിപ്പിക്കുകയാണ് ചെയ്തത്. തുടർന്ന്ഋത്വിക്കുകൾ അരണി കടഞ്ഞു. അരണിയിൽ നിന്ന് ചിതിയിലേക്കു അഗ്നി പകർന്ന് പൂർണ സോമയാഗ ചടങ്ങുകൾ ആരംഭിച്ചു.
അഗ്നിഷോമീയ പശു എന്ന ചടങ്ങാണ് അടുത്തതായി നടന്നത്. അഗ്നിയുടെ കിഴക്കായി തയ്യാറാക്കി വച്ച കൂവളം കൊണ്ടുള്ള യൂപം യജമാനനനും പത്നിയും ചേർന്ന് കുഴിച്ചിട്ടു. അതിൽ യാഗ പശുവിനെ ഒരു കയറുകൊണ്ട് കെട്ടി. അരിമാവ് കൊണ്ടുള്ള പശുരൂപമാണ് ഇത്. പശുഇഷ്ടി എന്ന് പറയപ്പെടുന്ന ഈ യാഗത്തിന് ശേഷം ഒരു കുടം വെള്ളം മന്ത്ര പുരസ്സരം സ്വീകരിച്ചു പടിഞ്ഞാറേ ശാലയിൽ കൊണ്ട് വച്ചു. അടുത്ത ദിവസം സോമം ഇടിച്ചുപിഴിയാനുള്ള വെള്ളം ശേഖരിച്ചു ശുദ്ധിചെയ്തു വയ്ക്കുന്ന കർമ്മവും പൂർത്തിയാക്കി. രാത്രി 10 വരെ വിവിധ യാഗങ്ങൾ ചിതിയിൽ നടന്നു.