Trending Now

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 28/03/2024 )

 

പത്തനംതിട്ടയില്‍ ആദ്യദിനത്തില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസമായമാര്‍ച്ച് 28 ന് സ്ഥാനാര്‍ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല.

പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം.ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ ലഭിക്കും.

പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നിലവിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുവാന്‍ പാടില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കണം.

ദേശസാല്‍കൃത ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാം. ഈ അക്കൗണ്ടിന്റെ വിവരങ്ങള്‍ നാമനിര്‍ദേശപത്രിക നല്‍കുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. സ്ഥാനാര്‍ത്ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുളളവര്‍ നല്‍കുന്ന സംഭാവനകളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുളള തുകകള്‍ ഇതില്‍ നിന്നും പിന്‍വലിച്ച് നല്‍കണം.

തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് എംസിഎംസിയുടെ അനുമതി നേടണം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം നിലനില്‍ക്കെ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പരസ്യങ്ങള്‍ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിന് എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സമിതി)യുടെ മുന്‍കൂര്‍ അനുമതി നേടണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമാ തീയറ്ററുകളിലും പൊതുസ്ഥലങ്ങളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് അനുമതി വേണ്ടത്. ഇതിനുള്ള അപേക്ഷഫോറവും മറ്റുവിവരങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലില്‍ നിന്നും ലഭിക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള ജില്ല തല എം.സി.എം.സി സെല്ലാണ് സര്‍ട്ടിഫിക്കേഷന് പരസ്യങ്ങള്‍ പരിഗണിക്കുന്നത്. സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം തിരക്കിലാണ്. പെരുമാറ്റചട്ടമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പത്രമാധ്യമങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുന്നു. വാര്‍ത്തകളിലെ ചട്ടലംഘനം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട കമ്മിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും.

മാധ്യമനീരിക്ഷണത്തിനൊപ്പം ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും അംഗീകാരം നല്‍കുന്നത് എം.സി.എം.സിയാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സംഘത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, ജേര്‍ണലിസം വിദ്യാര്‍ഥികള്‍ എന്നിവരാണടങ്ങുന്നത്.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമലേഷ്‌കുമാര്‍ മീണ ഐആര്‍എസ് ചുമതലയേറ്റു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച കമലേഷ്‌കുമാര്‍ മീണ ഐആര്‍എസ് ചുമതലയേറ്റു. രാജസ്ഥാന്‍ സ്വദേശിയായ അദേഹം 2010 ഐ.ആര്‍.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്.

 

സി-വിജില്‍:1563 പരാതികള്‍; 1505 പരിഹാരം

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564 പരാതികള്‍. ഇതില്‍ 1505 പരാതികള്‍ പരിഹരിച്ചു. 29 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. ശേഷിക്കുന്ന പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ളക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. അടൂര്‍ 794, ആറന്മുള 439, കോന്നി 149, റാന്നി 93 തിരുവല്ല 88,പരാതികളാണ് ലഭിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാര്‍ച്ച് 16 മുതല്‍ ജില്ലയില്‍ സി-വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ വഴി തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിങ്ങനെ പരാതിയായി സമര്‍പ്പിക്കാം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംങ് ശതമാനം ഇങ്ങനെ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവുമാണ് രേഖപ്പെടുത്തിയത്. മണ്ഡല ചരിത്രത്തില്‍ ആദ്യമായി 70 ശതമാനം വോട്ടിംഗ് കടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13,78,587 പേരില്‍ 10,22,763 പേരാണ് വോട്ട് ചെയ്തത്. 74.19 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.

പോളിംഗ് ശതമാനം കൂടുതല്‍ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ 77.96, റാന്നിയില്‍ 70.63, പൂഞ്ഞാറില്‍ 77.27, അടൂര്‍ 76.71, ആറന്മുള 72, തിരുവല്ല 71.43, കോന്നി 74.24 ശതമാനവുമായിരുന്നു പോളിംഗ്. ജില്ലയില്‍ ശതമാനത്തില്‍ മുന്നില്‍ അടൂരും ഏറ്റവും അധികംപേര്‍ വോട്ട് ചെയ്ത മണ്ഡലം ആറന്മുളയുമായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ ആകെയുള്ള 178708 വോട്ടര്‍മാരില്‍ 139316 പേരും വോട്ട് ചെയ്തു. റാന്നിയില്‍ ആകെയുള്ള 190664 പേരില്‍ 134659 പേര്‍ വോട്ട് ചെയ്തു.

പൂഞ്ഞാറില്‍ 178735 വോട്ടര്‍മാരില്‍ 138101 പേര്‍ വോട്ട് ചെയ്തപ്പോള്‍ അടൂരില്‍ 202959 വോട്ടര്‍മാരില്‍ 155682 പേരാണ് പോളിംഗ്ബൂത്തില്‍ എത്തിയത്. ആറന്മുളയില്‍ 227770 വോട്ടര്‍മാരില്‍ 163996 പേരും തിരുവല്ലയില്‍ ആകെയുള്ള 205046 വോട്ടര്‍മാരില്‍ 146460 പേര്‍ വോട്ട് ചെയ്തു. കോന്നിയില്‍ 194705 വോട്ടര്‍മാരില്‍ 144549 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

2024 ജനുവരിയിലെ കണക്കു പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പടെ ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ ആകെ 9575 കന്നി വോട്ടര്‍മാരാണുള്ളത്. ആകെ 4880 യുവാക്കളും 4695 യുവതികളുമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ്, 2,33,888. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2,09,072, റാന്നിയില്‍ 1,89,923, കോന്നിയില്‍ 1,99,862 അടൂരില്‍ 2,06,354 വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കും. അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും.

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം. 12 D ഫോം പൂരിപ്പിച്ച് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മാധ്യമ പ്രവര്‍ത്തകരെ പോളിംഗ് ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ച് ബ്യൂറോ മേധാവി/എഡിറ്റോറിയല്‍ മേധാവി നല്‍കിയ ഉത്തരവിന്റെ കോപ്പിയും ഉള്‍പ്പെടെ അപേക്ഷിക്കണം. അപേക്ഷ ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്നിനകം അതാത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കണം. ആദ്യമായാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്.

error: Content is protected !!