Trending Now

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/03/2024 )

 

എംസിഎംസി പ്രവര്‍ത്തനം ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു.

കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥരും ജേര്‍ണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുക.

ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായ കമ്മറ്റിയില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി സുരേഷ് ബാബു, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍, സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളുമാണ്.

പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും.

സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഉപയോഗിക്കാന്‍ പാടില്ല.ചടങ്ങില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍, സെക്രട്ടറി എ. ബിജു, മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ റോബിന്‍ ടി വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, എം.സി.എം.സി അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

എം.സി.എം.സി പ്രവര്‍ത്തനം

ഏകപക്ഷീയ വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ്, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക, പോസ്റ്റര്‍, ഹാന്‍ഡ്ബില്‍സ് തുടങ്ങിയവയില്‍ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്തിയെന്ന് പരിശോധിക്കുക തുടങ്ങിയവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകള്‍.

പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍, സാമൂഹിക മാധ്യങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി വാങ്ങണം.

ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍, ഏതെങ്കിലും മതം, സമുദായം എന്നിവയ്‌ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശം, കോടതിയലക്ഷ്യം, അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമര്‍ശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമര്‍ശിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല.

ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍, സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കരുത്.

അപേക്ഷകള്‍ നിശ്ചിത ഫോമില്‍ സമര്‍പ്പിക്കാം

അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും പ്രതിനിധികളും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ആയശ കുറിപ്പും (ട്രാന്‍സ്‌ക്രിപ്റ്റും) സമര്‍പ്പിക്കണം.

പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നല്‍കൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉള്‍പ്പെടുത്തണം.

ടിവി /കേബിള്‍ ടിവി ചാനലുകളിലെ പരസ്യങ്ങള്‍ക്കും, ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും (വലിയ സംഖ്യ ഹ്രസ്വ സന്ദേശങ്ങള്‍ക്കും, ശബ്ദ സന്ദേശങ്ങള്‍ക്കും) നിയമം ബാധകമായിരിക്കും. സാമൂഹിക മാധ്യമം, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും പ്രീ-സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടത് ആവശ്യമാണ്.

 

ജില്ലയില്‍ പുതുതായി 9575 യുവവോട്ടര്‍മാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പുതുതായി 9575 യുവ വോട്ടര്‍മാര്‍ കൂടി വോട്ടര്‍പട്ടികയിലേക്ക്. ആകെ 4880 യുവാക്കളും 4695 യുവതികളുമാണ് ഇന്നലെ (25) വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവവോട്ടര്‍മാര്‍. അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത്. അടൂരില്‍ 2306 പേരില്‍ 1187 യുവാക്കളും 1119 യുവതികളും, തിരുവല്ലയില്‍ 1923 പേരില്‍ 970 യുവാക്കളും 953 യുവതികളും, ആറ•ുളയില്‍ 1900 പേരില്‍ 971 യുവാക്കളും 929 യുവതികളും കോന്നിയില്‍ 1888 പേരില്‍ 916 യുവാക്കളും 972 യുവതികളും റാന്നിയില്‍ 1558 പേരില്‍ 836 യുവാക്കളും 722 യുവതികളുമാണ് 18 നും 19 നും ഇടയില്‍ പ്രായം ഉള്ള യുവവോട്ടര്‍മാര്‍. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കും.

പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍

ലോക സഭാ തെരഞ്ഞെടുപ്പിനാവശ്യമായ പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ നടപടികള്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി സജ്ജീകരിക്കും. ജില്ലയില്‍ ഉള്‍പ്പെട്ട നിയോജക മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ :കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍). കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണകേന്ദ്രങ്ങള്‍ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്.

ജില്ലയില്‍ 1077 പോളിംഗ് ബൂത്തുകള്‍

ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി 1077 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആറന്മുള 246, കോന്നി 212, അടൂര്‍ 209, തിരുവല്ല 208, റാന്നി 202 പോളിങ് ബൂത്തുകളാണുണ്ടാകുക. തിരുവല്ലയില്‍ നാലും കോന്നി, അടൂര്‍ നിയോജകമണ്ഡലങ്ങളില്‍ രണ്ടു വീതവും റാഷണലൈസ് ബൂത്തുകള്‍ സജ്ജീകരിക്കും.

പോസ്റ്റര്‍-ബാനര്‍-കൊടി നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ 101 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്തു.

ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 26 വരെ നടത്തിയ പരിശോധയിലാണ് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചവ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തത് അടൂര്‍ മണ്ഡലത്തിലാണ്. അടൂര്‍ 31, ആറന്മുള 29, റാന്നി 22, കോന്നി 13, തിരുവല്ല ആറ് എന്നിങ്ങനെയാണ് കണക്ക്. വരും ദിവസങ്ങളിലും പരിശോധന തുടരും.

സി-വിജില്‍:1111 പരാതികള്‍; 1085 പരിഹാരം

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1111 പരാതികള്‍. ഇതില്‍ 1085 പരാതികള്‍ പരിഹരിച്ചു. ശേഷിക്കുന്ന പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. അടൂര്‍ 555, ആറന്മുള 318, കോന്നി 103, തിരുവല്ല 72, റാന്നി 63 പരാതികളാണ് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാര്‍ച്ച് 16 മുതല്‍ ജില്ലയില്‍ സി-വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ വഴി തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിങ്ങനെ പരാതിയായി സമര്‍പ്പിക്കാം.

നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികമാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.

ഏപ്രില്‍ നാലാം തീയതിയാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രില്‍ 26നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.

ചെലവ് നിരീക്ഷന്‍ മാര്‍ച്ച്27 ന്ജില്ലയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് മാര്‍ച്ച്27 ന് ജില്ലയില്‍ എത്തും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായ നിയമിച്ച അരുണ്‍ കുമാര്‍ കേംഭവി ഐഎസും പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസും ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ എത്തും.

ആയുധങ്ങള്‍ ഡിപ്പോസിറ്റ് ചെയ്യണം

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവുപ്രകാരം എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുളള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ അടിയന്തരമായി ഡിപ്പോസിറ്റ് ചെയ്യണം. വീഴ്ച വരുത്തുന്ന പക്ഷം ആയുധ നിയമവും ചട്ടങ്ങളും പ്രകാരമുളള നടപടി സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പു വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.

error: Content is protected !!