പത്തനംതിട്ട ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു

 

konnivartha.com: വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

 

നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു തവണ രോഗം വന്നവര്‍ക്ക് രണ്ടാം തവണ മറ്റൊരു വൈറസണ് രോഗം പകര്‍ത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും കാരണമായേക്കാം.

ഫ്രിഡ്ജ് ഒന്നു നോക്കണേ
വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരുദിവസമെങ്കിലും പരിശോധിക്കണം. ഫ്രിഡ്ജിനു പിറകില്‍ വെള്ളം ശേഖരിക്കുന്ന ട്രേയില്‍ കൊതുക് മുട്ടയിടാം. ഒരാഴ്ചയാണ് മുട്ട വിരിഞ്ഞു വരാനുള്ള സമയം. അതിനുള്ളില്‍ അവ നശിപ്പിക്കാന്‍ കഴിയണം.

ഇന്‍ഡോര്‍പ്ലാന്റുകള്‍ വെക്കുന്ന പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ക്കിടയില്‍ വെക്കുന്ന ട്രേ, എന്നിവയിലെ വെള്ളവും കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കും. ഇവയിലെ വെള്ളവും ആഴ്ചയിലൊരിക്കല്‍ മാറ്റാന്‍ ശ്രദ്ധിക്കണം.

വീടുകളിലും നിര്‍മാണ സ്ഥലങ്ങളിലും വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ ഉരച്ചുകഴുകണം. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളിലും വലിയ പാത്രങ്ങളിലും ബാരലുകളിലും വെള്ളം ശേഖരിച്ചു വെക്കുന്നതായി കാണുന്നു.

 

കിണറുകള്‍ ,ടാങ്കുകള്‍, വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവ കൊതുക്   കടക്കാത്ത വിധംഅടച്ചു വെക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ പാത്രങ്ങള്‍ വക്കുകള്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കാന്‍ ശ്രദ്ധിക്കണം.

ഡ്രൈഡേ ആചരിക്കാം: ഉറവിടങ്ങള്‍ നശിപ്പിക്കാം

ഉപയോഗശൂന്യമായ ടയറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, ബക്കറ്റുകള്‍ മുതലായവ പറമ്പില്‍ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കള്‍ മഴക്കാലത്തിനു മുന്‍പേ നീക്കം ചെയ്ത് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ഇതിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം.

രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, കറുത്തമലം, ശ്വാസംമുട്ടല്‍, ഏതെങ്കിലും ശരീര ഭാഗത്തുനിന്ന് രക്തസ്രാവം, തളര്‍ച്ച, രക്തസമ്മര്‍ദ്ദം താഴുന്ന അവസ്ഥ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ വിദഗ്ദചികിത്സ കിട്ടുന്ന ആശുപത്രികളില്‍ എത്തിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്നും, സ്വയംചികിത്സ ഒഴിവാക്കണമെന്നും ഉറവിടനശീകരണം ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍അറിയിച്ചു.

Related posts