Trending Now

പുതുവൽ-മങ്ങാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും : എം എല്‍ എ

 

konnivartha.com: പുതുവൽ-മങ്ങാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുതുവൽ-മങ്ങാട് റോഡിന്റെ നിർമ്മാണോദ്ഘാടനം പുതുവൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.

 

സംസ്‌ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവിൽ പുതുവൽ മുതൽ കുന്നിട വരെയുള്ള ഭാഗം ബി എം ആൻഡ് ബി സി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2024 സംസ്‌ഥാന ബജറ്റിൽ കുന്നിട മങ്ങാട് ചെളികുഴി ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 10 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ പൂർത്തീകരണത്തോടുകൂടി ഈ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുമെന്നും അദേഹം പറഞ്ഞു.

ചടങ്ങിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന 9.68 കി.മി നീളമുള്ള റോഡാണ് മങ്ങാട് -ചായലോട് -പുതുവൽ റോഡ്. പ്രവൃത്തിയിൽ നിലവിലെ ക്യാരേജ് വേയുടെ വീതിയിൽ തന്നെ ബി എം ആൻഡ് ബി സി ടാറിംഗ് ചെയ്യുന്നതിനും, കൂടാതെ ഏഴ് കലുങ്കുകളുടെ പുനഃനിർമ്മാണവും അവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മാണം, ഓട, ഐറിഷ് ഡ്രെയിൻ, പൂട്ടുകട്ട പാകൽ, മറ്റ് ഗതാഗത സുരക്ഷാസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വരുന്ന ഘട്ടങ്ങളിൽ ശേഷിക്കുന്ന കുന്നിട മുതൽ മങ്ങാട് വരെയുള്ള ഭാഗം കൂടി നവീകരിക്കുന്നതോടുകൂടി മൗണ്ട് സിയോൻ മെഡിക്കൽ കോളേജ് കിൻഫ്രപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യം ഉന്നതനിലവാരത്തിൽ ആവും. ഈ റോഡിൻ്റെ വികസനം പ്രാദേശിക ടൂറിസം പദ്ധതിയുടെ വളർച്ചയ്ക്ക് വളരെയധികം മുതൽക്കൂട്ടാണ്.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെ ലതാ, വിദ്യാ ഹരികുമാർ, സംഘാടക സമിതി കൺവീനർ ആർ. അനീഷ്കുമാർ,പി സി കെ ഡയറക്ടർ ബോർഡ് അംഗം പ്രഫ.കെ. മോഹൻ കുമാർ,തൃതല പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.