പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 06/03/2024 )

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2024-25 കാലയളവില്‍ കമ്പ്യൂട്ടര്‍ പ്രിന്റിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഓക്സിജന്‍ സിലിണ്ടര്‍ റീഫിലിംഗ്, ഡെന്റല്‍ ഉപകരണങ്ങള്‍, എക്സറേ ഫിലിം, സിടി ഫിലിം, ഇസിജി പേപ്പര്‍, ക്ലീനിംഗ് സോല്യൂഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. ഫോണ്‍ : 9497713258

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. പ്രായപരിധി 27 വയസ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫിസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. നവകേരളം കര്‍മ്മപദ്ധതിയുടെ വെബ്‌സൈറ്റായ www.careers.haritham.kerala.gov.in മുഖേന   മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.ഫോണ്‍: 0471 2449939

അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  2024-25  അദ്ധ്യായന വര്‍ഷം ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) , എം.സി.ആര്‍.ടി ഒഴിവുകളിലേക്ക്    പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.ആര്‍.ടി ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. സേവനകാലാവധി 2025 മാര്‍ച്ച് 31.

ഹൈസ്‌കൂള്‍ ടീച്ചറിന് 1100 രൂപ ദിവസവേതനമായി ലഭിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം  ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ ഏപ്രില്‍ 15നു മുന്‍പായി അയയ്ക്കണം. ഫോണ്‍: 04735 227703

അപേക്ഷ സമര്‍പ്പിക്കണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളും 2024- 25 വര്‍ഷത്തെ ലൈസന്‍സിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 31 ന് മുന്‍പായി ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

പച്ചമലയാളം അടിസ്ഥാന കോഴ്സിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പച്ചമലയാളം.
ആറ് മാസമാണ് അടിസ്ഥാന കോഴ്സിന്റെ കാലാവധി. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട  മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിനെ സമീപിക്കാം. സാക്ഷരതാ മിഷന്റെ  വെബ്‌സൈറ്റ് https://literacymissionkerala.org/ല്‍ കൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ നമ്പര്‍- 0468 2220799

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ആരംഭിച്ചു: നിര്‍മാണം 44 ലക്ഷം രൂപ ഉപയോഗിച്ച്

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് റൂം, ഡോക്യുമെന്റ് റൂം, വെയിറ്റിംഗ് ഏരിയ, ക്ലീനിംഗ് റൂം, ടോയ്ലറ്റ് എന്നിവയാണുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഴുവനായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നത്.

ചടങ്ങില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രാമ പഞ്ചായത്ത് അംഗം കെ സൂര്യകല, എം ആര്‍ എസ് ഉണ്ണിത്താന്‍, എം കെ ഉദയകുമാര്‍, കെ കെ അശോകന്‍, സഹദേവനുണ്ണിത്താന്‍, ഡോ ഗീത, സ്റ്റമേഴ്സണ്‍ തോമസ്, എ ഇ റീബ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു

സ്മാര്‍ട്ട് അങ്കണവാടി നിര്‍മാണോദ്ഘാടനം
പത്തനംതിട്ട നഗരസഭ ഒമ്പതാം വാര്‍ഡ് പട്ടംകുളത്ത് ആരംഭിക്കുന്ന സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മാണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. അക്ഷരങ്ങള്‍ക്കും കളികള്‍ക്കും ഒപ്പം സാങ്കേതികവിദ്യ കൂടി സമന്വയിക്കുന്ന സ്മാര്‍ട്ട് അങ്കണവാടികള്‍ കുഞ്ഞുങ്ങളെ പുതിയ കാലത്തിന്റെ സാങ്കേതിക മികവിലേക്ക്
ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയില്‍ സ്മാര്‍ട്ട് അങ്കണവാടിയായി നിര്‍മിക്കുന്ന ആദ്യത്തെ കെട്ടിടമാണ് പട്ടംകുളം 96-ാം നമ്പര്‍ അങ്കണവാടിയുടേത്.

വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ആര്‍ അജിത് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ, വിദ്യാഭ്യാസ – കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷമീര്‍, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭാ സെക്രട്ടറി സുധീര്‍ രാജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീദേവി, അഡ്വ. അബ്ദുല്‍ മനാഫ്, നിസാര്‍ നൂര്‍ മഹല്‍, അമ്മിണി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓമല്ലൂര്‍ വയല്‍ വാണിഭം: ദീപശിഖാ പ്രയാണം 13 ന്
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം 13ന് എത്തും. കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും 13 ന് രാവിലെ ആരംഭിച്ച് വൈകിട്ട് അഞ്ചിന് ഓമല്ലൂരിലെ സ്മൃതി മണ്ഡപമായ പാലമരച്ചോട്ടില്‍ സ്ഥാപിക്കും.
വെളിനല്ലൂര്‍ തെക്കേ വയലില്‍ നിന്ന് 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാളക്കൂറ്റന്‍ പാലക്കുറ്റിയുമായി ഓടി വന്നതിന്റെ സ്മരണയിലാണ് ഓമല്ലൂരില്‍ വയല്‍വാണിഭം നടക്കുന്നത്. മീനം ഒന്നായ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 10 വരെയാണ് വയല്‍ വാണിഭം നടക്കുന്നത്. ആദ്യ ദിവസം അതിരാവിലെ കന്നുകാലിവാണിഭവും  തുടര്‍ന്ന് കാര്‍ഷിക വിഭവങ്ങളും ഗൃഹോപകരണങ്ങളും ചെടികളും പണിയായുധങ്ങളുമൊക്കെ നിറയുന്ന ‘വാണിഭ വിപണിയും നടക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലാണ് സംഘാടകസമിതി ചെയര്‍മാന്‍. മറ്റു ഭാരവാഹികള്‍: ബൈജു ഓമല്ലൂര്‍ ( ജനറല്‍ കണ്‍വീനര്‍),  സജയന്‍ ഓമല്ലൂര്‍ (പ്രോഗ്രാം കണ്‍വീനര്‍), സുബിന്‍ തോമസ് (പബ്ലിസിറ്റി കണ്‍വീനര്‍ ), ലിജോ ബേബി- (ഫിനാന്‍സ് കണ്‍വീനര്‍ ).

കട്ടില്‍ വിതരണം
കവിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയുടെ ഭാഗമായി കട്ടില്‍ വിതരണം ചെയ്തു. വിതരാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍  നിര്‍വഹിച്ചു. 3,81,500 രൂപ ചിലവ് ചെയ്ത് 104 പേര്‍ക്കാണ് കട്ടില്‍ നല്‍കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു ആര്‍ സി നായര്‍, കെ .ആര്‍ രാജശ്രീ, അനിതാ സജി, വി എസ് സിന്ധു, റേയ്ച്ചല്‍.വി .മാത്യു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ് രേഖ, അംഗന്‍വാടി വര്‍ക്കര്‍മാരായ കെ.ജി ശ്രീനാ, ഉമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതി വിജ്ഞാന സദസ് സംഘടിപ്പിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാന സദസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് നിര്‍വഹിച്ചു.

പഞ്ചായത്തിലെ എല്ലാ തൊഴില്‍ അന്വേഷകര്‍ക്കും ജോബ് സ്റ്റേഷന്‍ ഗുണകരമാകുമെന്ന് പ്രസിഡന്റ്  പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ വിവിധ സാധ്യതകളെപറ്റി മൈഗ്രേഷന്‍ കോണ്‍ക്ലേവ് കോ ഓര്‍ഡിനേറ്റര്‍  എബ്രഹാം വല്യകവല സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീബ ജോണ്‍സന്‍, അംഗങ്ങളായ രാജി വിജയന്‍, എലിസബത്ത്, പ്രസന്ന കുമാരി, സിറിയക് തോമസ്, സഹാസ്, കെ.കെ.ഇ.എം റീജിയണല്‍ പ്രോഗ്രാം മാനേജര്‍ നീതു സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പന്തളം തെക്കേക്കര ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച്  അംഗീകാരം
ദേശീയ തലത്തില്‍ പന്തളം തെക്കേക്കര ആയുര്‍വേദ ഡിസ്പന്‍സറിക്ക് ലഭിച്ച എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അംഗീകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍  നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എസ് രാജേന്ദ്രപ്രസാദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മാന്‍സി അലക്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍ കെ ശ്രീകുമാര്‍, വി പി വിദ്യാധരപ്പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ആശുപത്രികളുടെ പ്രവര്‍ത്തന മികവിന് ലഭിക്കുന്ന ദേശീയ അംഗീകാരമാണ് എന്‍എബിഎച്ച് അംഗീകാരം. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകാര്യം ഒരുക്കിയതും, മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രോഗി സൗഹൃദ ആന്തരീഷം സൃഷ്ടിച്ചതുമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.

സൗജന്യപഠനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. 18-45 വയസിനിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ക്ലാസുകള്‍ മാര്‍ച്ചില്‍ ആരംഭിക്കും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം. ഫോണ്‍ : 7356572327,7994497989.

കോന്നി വനങ്ങളില്‍ വനപക്ഷി സര്‍വെ പൂര്‍ത്തിയായി  കണ്ടെത്തിയത് 168 ജാതി പക്ഷികളെ

കോന്നി വനം ഡിവിഷനിലെ രണ്ടാമത് ശാസ്ത്രീയ പക്ഷി സര്‍വെ പൂര്‍ത്തിയായി. നാലുദിവസം നീണ്ടു നിന്ന സര്‍വേയില്‍ 168 ജാതി പക്ഷികളെ കണ്ടെത്തി. വന ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതികനില മനസിലാക്കുന്നതിനും പ്രദേശത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് അറിയുന്നതിനുമാണ് സര്‍വേ നടത്തിയത്.പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സിന്റെ സഹകരണത്തോടെ കോന്നി വനം ഡിവിഷനാണ് സര്‍വേ നടത്തിയത്.  പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘങ്ങള്‍ കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി റെയിഞ്ചുകളിലായുളള വനപ്രദേശത്തെ 12 മേഖലകളായി തിരിച്ച് മൂന്നു ദിവസം ക്യാമ്പ് ചെയ്താണ് പക്ഷി സര്‍വെ പൂര്‍ത്തിയാക്കിയത്.
ഏഴ് ഇനം മൂങ്ങകള്‍, 11 ഇനം ഇരപിടിയന്‍മാരായ പരുന്തു വര്‍ഗക്കാര്‍, മൂന്നിനം രാച്ചുക്കുകള്‍, എട്ട് ഇനം മരംകൊത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം കോന്നി വനങ്ങളില്‍ സര്‍വേ സംഘം അടയാളപ്പെടുത്തി. റിപ്ലിമൂങ്ങയും മാക്കാച്ചിക്കാടയും സാന്നിധ്യം ആദ്യമായാണ് കോന്നി വനമേഖലയില്‍ രേഖപ്പെടുത്തുന്നത്.

ദേശാടകരായ പെരുംകൊക്കന്‍ കുരുവി, ഇളം പച്ച, പൊടിക്കുരുവി, ചൂളന്‍ ഇലക്കുരുവി, പുള്ളിക്കാടക്കൊക്ക്, നീര്‍കാക്ക തുടങ്ങിയവയും അത്ര സാധാരണമല്ലാത്ത പപച്ചച്ചുണ്ടന്‍, വലിയ കിന്നരി പരുന്ത്, കരിംപരുന്ത്, കാട്ടുവേലിതത്ത, കാട്ടുപനങ്കാക്ക എന്നിവയാണ് പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍.

സര്‍വേ ഫലങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് തയാറാക്കുമെന്നും അത് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നയ രൂപികരണ വേളയില്‍ പ്രയോജനപ്പെടുത്തുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി പറഞ്ഞു.നടുവത്തുമൂഴി റെയിഞ്ച് ഓഫീസര്‍ ശരച്ചന്ദ്രന്‍, പത്തനംതിട്ട ബേഡേഴ്‌സ് കോഡിനേറ്റര്‍ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, അംഗങ്ങളായ റോബിന്‍ സി കോശി, അനീഷ് ശശിദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അപേക്ഷ ക്ഷണിച്ചു
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കടമ്പനാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 18നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23. ഫോണ്‍: 04734 216444

പാരാ ലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
ജില്ലാ ലീഗല്‍ സര്‍വീസസ് അതോററ്റിയുടെയും കോഴഞ്ചേരി, തിരുവല്ല, അടൂര്‍,റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിന് ലീഗല്‍ സര്‍വീസസ് അതോററ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരു വിധ ശമ്പളമോ പ്രതിഫലമോ ലഭിക്കുന്നതല്ല. മെട്രിക്കുലേഷന്‍ അഭിലഷണീയം.
കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവരും തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ നിന്നുള്ളവരും അടൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ അടൂര്‍ താലൂക്കില്‍ നിന്നുള്ളവരും റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ റാന്നി താലൂക്കില്‍ നിന്നുള്ളവരുമായിരിക്കണം. അപേക്ഷകള്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ടവരായിരിക്കണം. അപേക്ഷകള്‍ ചെയര്‍മാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോററ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന മേല്‍ വിലാസത്തില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.
ഫോണ്‍: 0468 2220141

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ അഞ്ച് ദിവസത്തെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 18 മുതല്‍ 22 വരെ കളമശേരി  കീഡ് കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 14 ന് മുമ്പായി http://kied.info/training-calender/  എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061

ഇലന്തൂര്‍ ബ്ലോക്ക്-പട്ടികജാതി വികസന വകുപ്പ് ഹോംസര്‍വേ ഉദ്ഘാടനം ചെയ്തു
പട്ടികജാതി വികസന വകുപ്പിന്റെ ഹോം സര്‍വേയുടെ ഇലന്തൂര്‍  ഗ്രാമപഞ്ചായത്തിലെ  ഉദ്ഘാടനം തുമ്പമണ്‍ തറയില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ഗീത സദാശിവന്‍, ഇലന്തൂര്‍  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ്, എസ് സി പ്രൊമോട്ടര്‍ എം കെ സുധീഷ്, അക്ക്രഡിറ്റഡ് എഞ്ചീനിയര്‍ ശില്‍പ എസ് ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ട മുന്‍സിപ്പാലിറ്റി, ഇലന്തൂര്‍ ബ്ലോക്ക് എന്നിവിടങ്ങളിലെ ഹോംസര്‍വേ ആരംഭിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
കോന്നി ശിശു വികസന പദ്ധതി ഓഫീസ് പ്രവര്‍ത്തനത്തിന്  വ്യവസ്ഥകള്‍ക്ക് വിധേയമായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ ഏജന്‍സികള്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ : 0468 2334110

error: Content is protected !!