കോന്നി വനങ്ങളില്‍ വനപക്ഷി സര്‍വെ പൂര്‍ത്തിയായി: കണ്ടെത്തിയത് 168 ജാതി പക്ഷികളെ

 

konnivartha.com: കോന്നി വനം ഡിവിഷനിലെ രണ്ടാമത് ശാസ്ത്രീയ പക്ഷി സര്‍വെ പൂര്‍ത്തിയായി. നാലുദിവസം നീണ്ടു നിന്ന സര്‍വേയില്‍ 168 ജാതി പക്ഷികളെ കണ്ടെത്തി. വന ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതികനില മനസിലാക്കുന്നതിനും പ്രദേശത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് അറിയുന്നതിനുമാണ് സര്‍വേ നടത്തിയത്.പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സിന്റെ സഹകരണത്തോടെ കോന്നി വനം ഡിവിഷനാണ് സര്‍വേ നടത്തിയത്. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘങ്ങള്‍ കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി റെയിഞ്ചുകളിലായുളള വനപ്രദേശത്തെ 12 മേഖലകളായി തിരിച്ച് മൂന്നു ദിവസം ക്യാമ്പ് ചെയ്താണ് പക്ഷി സര്‍വെ പൂര്‍ത്തിയാക്കിയത്.

ഏഴ് ഇനം മൂങ്ങകള്‍, 11 ഇനം ഇരപിടിയന്‍മാരായ പരുന്തു വര്‍ഗക്കാര്‍, മൂന്നിനം രാച്ചുക്കുകള്‍, എട്ട് ഇനം മരംകൊത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം കോന്നി വനങ്ങളില്‍ സര്‍വേ സംഘം അടയാളപ്പെടുത്തി. റിപ്ലിമൂങ്ങയും മാക്കാച്ചിക്കാടയും സാന്നിധ്യം ആദ്യമായാണ് കോന്നി വനമേഖലയില്‍ രേഖപ്പെടുത്തുന്നത്.

ദേശാടകരായ പെരുംകൊക്കന്‍ കുരുവി, ഇളം പച്ച, പൊടിക്കുരുവി, ചൂളന്‍ ഇലക്കുരുവി, പുള്ളിക്കാടക്കൊക്ക്, നീര്‍കാക്ക തുടങ്ങിയവയും അത്ര സാധാരണമല്ലാത്ത പപച്ചച്ചുണ്ടന്‍, വലിയ കിന്നരി പരുന്ത്, കരിംപരുന്ത്, കാട്ടുവേലിതത്ത, കാട്ടുപനങ്കാക്ക എന്നിവയാണ് പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍.സര്‍വേ ഫലങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് തയാറാക്കുമെന്നും അത് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നയ രൂപികരണ വേളയില്‍ പ്രയോജനപ്പെടുത്തുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി പറഞ്ഞു.

നടുവത്തുമൂഴി റെയിഞ്ച് ഓഫീസര്‍ ശരച്ചന്ദ്രന്‍, പത്തനംതിട്ട ബേഡേഴ്‌സ് കോഡിനേറ്റര്‍ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, അംഗങ്ങളായ റോബിന്‍ സി കോശി, അനീഷ് ശശിദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.