Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 01/03/2024 )

നെല്ലിമുകള്‍ – തെങ്ങമം റോഡിന് ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍

അടൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് പാതകളില്‍ ഒന്നായ നെല്ലിമുകള്‍ തെങ്ങമം റോഡിന് പത്ത് കോടി 20 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നെല്ലിമുകള്‍ ജംഗ്ഷന്‍ മുതല്‍ തെങ്ങമം, കൊല്ലായിക്കല്‍ പാലം ഭാഗത്തിനുശേഷമുള്ള വെള്ളച്ചിറ വരെയാണ്  പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍  എട്ടര കിലോമീറ്റര്‍ റോഡ് ഭാഗം ഇതില്‍ ഉള്‍പെടുന്നു. മണ്ഡലത്തിന്റെ വികസന തുടര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്നുവെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിപൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി

ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവല്ല മുതല്‍ കുമ്പഴ റോഡില്‍ ആറന്മുള നിയോജക മണ്ഡലത്തിന്റെ ഭാഗമായി വരുന്ന വള്ളംകുളം മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ ഉപരിതല പുനരുദ്ധാരണ പ്രവൃത്തിക്ക് 7.20 കോടി രൂപ അനുവദിച്ചു. ഈ പ്രവൃത്തിയില്‍ 11.27 കി.മീ നീളത്തിലും 8 മീ. വീതിയിലുമുള്ള റോഡിന്റെ ഉപരിതലം പുതുക്കലും ആവശ്യമായ ഭാഗങ്ങളില്‍ നിലവിലെ കലുങ്കിന്റെ പുനര്‍ നിര്‍മ്മാണവും ഓട നിര്‍മ്മാണവുമാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷാ സംവിധാനവും ഇതില്‍ ഉള്‍പ്പെടുക്കിയിട്ടുണ്ട്.

സെന്റ് തോമസ് കോളേജ് റോഡും, മണ്ണാറകുളഞ്ഞി കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളേജ് വരെയുള്ള റോഡും, തിരുവാഭരണ പാതയായ കോഴഞ്ചേരി ചെറുകോല്‍പ്പുഴ റോഡും ഉള്‍പ്പെടെ 4.25 കി.മീ. ദൂരം വരുന്ന ഈ മൂന്ന് റോഡ് പ്രവൃത്തികള്‍ ബിഎം & ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിനായി 427.5 ലക്ഷം രൂപ ഭരണാനുമതി നല്‍കി. ഇതില്‍ 1645 മീ. നീളം വരുന്ന സെന്റ് തോമസ് കോളേജ് റോഡിന് 3.80 മീ. വീതിയാണുള്ളത്. നിലവില്‍ 20 എം.എം ചിപ്പിംഗ് കാര്‍പ്പറ്റ് സര്‍ഫസിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളേജ് വരെയുള്ള റോഡിന് 330 മീ. നീളവും 4.50 മീ. വീതിയാണുള്ളത്. കോഴഞ്ചേരി – ചെറുകോല്‍പ്പുഴ റോഡിന് 2400 മീ. നീളവും 4.65 മീ. വീതിയുമാണ് ഉള്ളത്. നിലവില്‍ വീതി കുറഞ്ഞ ഭാഗം 5.50 മീ. വീതിയിലാക്കികൊണ്ടാണ് ഈ റോഡ് നവീകരിക്കുന്നത്. ഈ മൂന്ന് റോഡുകളും ബി എം & ബി സി നിലവാരത്തിലാണ് പൂര്‍ത്തീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും, കവറിംഗ് സ്ലാബുകളും, റോഡ് സുരക്ഷാ പ്രവൃത്തികളും ചെയ്താണ് റോഡ് നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനാണ് നിര്‍വ്വഹണ ചുമതല.

 

ടാലി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്സില്‍ പരിശീലനം നല്‍കുന്നത്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ അവസാന വര്‍ഷ കോമേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുന്നന്താനം അസാപ് കമ്മ്യൂണിറ്റിസ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്സ് നടത്തപ്പെടുക. 30 സീറ്റുകള്‍ ലഭ്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ ടാലി അക്കാഡമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഫീസ് 8100 രൂപ. ഫോണ്‍ : 7994497989, 6235732523

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം   (മാര്‍ച്ച്‌   2)
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം    (മാര്‍ച്ച്‌   2) രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ട്രെയിനീസ് കൗണ്‍സില്‍ ഉദ്ഘാടനവും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ഡേ ഉദ്ഘാടനവും
ഗവ. വനിത ഐ.ടി.ഐ യിലെ ട്രെയിനീസ് കൗണ്‍സില്‍ 2024 മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ഡേ വൈസ് പ്രസിഡന്റ് അനില ചെറിയാനും ഉദ്ഘാടനം ചെയ്തു. ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ ഏലിയാമ്മ സൈമണ്‍ അധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജിത കുഞ്ഞുമോന്‍, ആറന്‍മുള മുന്‍ എം.എല്‍.എ കെ.സി രാജഗോപാലന്‍, ഷീപാഡ് പദ്ധതി’ട്രെയിനീസ് അഡൈ്വസര്‍  അനിത തോമസ്,  വര്‍ഡ്  മെമ്പര്‍ വി.വിനോദ്,ട്രെയിനീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റോഷ്നി പുഷ്പന്‍ എന്നിവര്‍ പങ്കെടുത്തു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക്  ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറിനെ നിയമിക്കുന്നതിന്  മാര്‍ച്ച് ആറിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ  നടത്തും. യോഗ്യരായവര്‍ അന്നേദിവസം  രാവിലെ 10.30 ന് മുമ്പ് മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്  ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2024 മാര്‍ച്ച് ഒന്നിന് 45 വയസ്. യോഗ്യത – എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്ട്രേഷന്‍. ഫോണ്‍ : 0469 2683084.

ലൈസന്‍സ് പുതുക്കണം
കുളനട  ഗ്രാമപഞ്ചായത്തിലെ വ്യാപാര /വ്യവസായ സ്ഥാപനങ്ങള്‍ 2024-25 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിനുളള അപേക്ഷ മാര്‍ച്ച് 31 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍  സമര്‍പ്പിക്കണം. 2023-24 വര്‍ഷത്തെ വസ്തു നികുതി പിഴ പലിശ കൂടാതെ മാര്‍ച്ച് 31 വരെ അടയ്ക്കാമെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

അങ്കണവാടി കെട്ടിട ഉദ്ഘാടനം മാര്‍ച്ച്‌ 2 
കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കെട്ടിട ഉദ്ഘാടനം മാര്‍ച്ച്‌ 2  രാവിലെ ഒന്‍പതിന് വായ്പൂര്‍ തുമ്പൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് സംയുക്തമായി ഫണ്ട് ലഭ്യമാക്കിയാണ് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് വായ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടിക്ക് പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍ മുഖ്യതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗവ.ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം മാര്‍ച്ച്‌ 2 
കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം മാര്‍ച്ച്‌ 2  രാവിലെ 9.30 ന് സിഎംഎസ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപിയും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനും മുഖ്യപ്രഭാഷമം നടത്തും. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിസ്പന്‍സറി നവീകരിച്ചത്. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏഴംകുളം ഗ്രാമപഞ്ചായത്ത് : ലൈഫ് മിഷന്‍ വീടുകളുടെ
താക്കോല്‍ദാന ഉദ്ഘാടനം മാര്‍ച്ച്‌ 2 

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ദാന ഉദ്ഘാടനം മാര്‍ച്ച്‌ 2  രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്തില്‍ ഭൂമി ഇല്ലാത്ത 52 കുടുംബാഗംങ്ങള്‍ക്കാണ് ഏനാത്ത് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്.പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, ത്രിതല പഞ്ചായത്തംഗംങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സൗജന്യ ഡേറ്റ എന്‍ട്രി പരിശീലനം
എന്‍എസ്ഡിസി യുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റ എന്‍ട്രി പരിശീലനത്തിന് 15 നും 45 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഏഴിന് മുമ്പ് രജിസ്ട്രേഷനായി  ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2256000.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് മുതല്‍  പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മാര്‍ച്ച് മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ലൈഫ് സര്‍ട്ടിഫിക്കറ്റ്/വാര്‍ഷിക മസ്റ്ററിംഗ് നിശ്ചിത സമയപരിധിക്കുളളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആ കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്  (പട്ടിവര്‍ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം ) കാറ്റഗറി നം.103/2023 തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

വിമുക്ത ഭടന്മാര്‍ക്ക് വസ്തുനികുതി ഇളവിന് അപേക്ഷ സമര്‍പ്പിക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍  വിമുക്ത ഭടന്മാരുടെ വാസഗൃഹത്തിന് 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വസ്തുനികുതി ഇളവ് ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള സത്യപ്രസ്താവനയും  ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ  ഏപ്രില്‍ 10 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

പള്‍സ്‌പോളിയോ മാര്‍ച്ച് : 3 
സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍  നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

 

മൂന്നിനു രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ അഞ്ചു വയസുവരെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. തലേദിവസം വരെയും പ്രതിരോധ കുത്തിവെപ്പിനോടൊപ്പം പോളിയോ തുള്ളിമരുന്ന് കിട്ടിയിട്ടുള്ളവര്‍ക്കും നവജാതശിശുക്കള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് കൊടുക്കാം.

ജില്ലയിലെ 59673 കുട്ടികള്‍ക്ക് 980 ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തനസമയം. ആവശ്യമായ വാക്‌സിനുകള്‍, മറ്റ് സാമഗ്രികള്‍ തുടങ്ങിയവ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി  മാര്‍ച്ച് 31 വരെ
1955 ലെ തിരുഃകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന്  അവസാനിക്കും. പദ്ധതി പ്രകാരം സംഘവും ഭരണസമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍ (ഉദാ: ഭരണസമിതിയിലെ 9 അംഗങ്ങളുണ്ടെങ്കില്‍ പ്രതിവര്‍ഷം 10×600=6000 രൂപ) എന്നതിന് പകരമായി ചുവടെ സൂചിപിപ്പിച്ചിരിക്കുന്നതിന്‍  പ്രകാരം പിഴ ഒടുക്കി സംഘങ്ങളുടെ മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണ്‍സുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.ഹക്കിം അറിയിച്ചു.

മുടക്കം വന്ന കാലയളവ് – ഒരു വര്‍ഷം  200/രൂപ, രണ്ടു വര്‍ഷം -പ്രതിവര്‍ഷം 500/ രൂപ നിരക്കില്‍,മൂന്ന്-അഞ്ച് വര്‍ഷം -പ്രതിവര്‍ഷം 750/ രൂപ നിരക്കില്‍ ,അഞ്ച് വര്‍ഷത്തിന് മുകളില്‍ -പ്രതിവര്‍ഷം 1000/ രൂപ നിരക്കില്‍. ഫോണ്‍: 0468 2223105

ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു
ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ യൂട്യൂബ് ചാനല്‍ തദ്ദേശകാഴ്ചകളുടെ ലോഞ്ചിങ് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സന്ദേശം അടങ്ങിയ മാലിന്യമുക്ത കേരളത്തിനായി എന്ന വീഡിയോ ജില്ലാ കളക്ടര്‍ ചാനലില്‍ അപ്ലോഡ് ചെയ്തു.

 

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന  വികസന പ്രവര്‍ത്തങ്ങളുടെ പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, ഡപ്യൂട്ടി ഡയറക്ടര്‍ രാജേഷ്‌കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടമാരായ സുജ കുമാരി, രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നവീകരിച്ച ഒപി, ഡെന്റല്‍ ബ്ലോക്കുകളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന്
തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒപി, ഡെന്റല്‍ ബ്ലോക്കുകളുടെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മാര്‍ച്ച് നാലിന് 11 ന് നിര്‍വഹിക്കും.

അവധിക്കാല ചിത്രകലാപഠനം

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ 2024 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരത്തും ആറന്മുളയിലുമായാണ് നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30.

 

ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500 രൂപയും സീനിയര്‍ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്സ് ഫീസ്.

കേരളത്തിലെ പ്രശസ്തരായ ചുമര്‍ചിത്രകലാകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഏപ്രില്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. ഏപ്രില്‍, മെയ് മാസത്തിലെ 25 പ്രവൃത്തി ദിനങ്ങളിലായി ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍:  0468  2319740, 9188089740, 9446134419.

യോഗം ചേര്‍ന്നു
നോളജ് ഇക്കോണമി മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘വിജ്ഞാന പത്തനംതിട്ട- ഉറപ്പാണ് തൊഴില്‍ ‘ പദ്ധതിയുടെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുതല യോഗം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജ പദ്ധതി അവതരിപ്പിച്ചു. എല്ലാ വാര്‍ഡിലെയും 18 നും 45 വയസിനും മധ്യേ പ്രായമുള്ള  തൊഴിലന്വേഷകരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ വിദ്യാധരപ്പണിക്കര്‍, പ്രീയ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ജയാ ദേവി, അംബികാ ദേവരാജന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!