അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14,15,16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നടക്കുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്.
വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. 15 ലധികം രാജ്യങ്ങള്‍ ഈ സീസണില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയില്‍ പങ്കെടുക്കും.
അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
ഭൂപ്രകൃതിയും കാറ്റിന്റെ ദിശയും പരിശോധിക്കുന്നതിനായി പൈലറ്റുമാരും ഗ്ലൈഡറുമാരും നടത്തുന്ന ട്രയല്‍ റണ്ണുകളും ഗംഭീരമായ എയറോഷോയും കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഗമണ്‍ കുന്നുകളില്‍ നടക്കുന്ന പാരാഗ്ലൈഡിംഗ് ചാമ്പ്യന്‍ഷിപ്പ് ജനകീയമാക്കാനും ഫെസ്റ്റിവല്‍ ആകര്‍ഷകമാക്കാനുമുള്ള ശ്രമങ്ങള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് പാരാഗ്ലൈഡിംഗും മറ്റ് സാഹസിക കായിക വിനോദങ്ങളും ജനകീയമാക്കുന്നതിന് കെ.എ.ടി.പി.എസും വിനോദസഞ്ചാര വകുപ്പും ഒരുങ്ങുകയാണ്. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ചാമ്പ്യന്‍ഷിപ്പിന് രാജ്യവ്യാപകമായും ലോകമെമ്പാടും വലിയ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.