പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് ശിലാസ്ഥാപനം; പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് വൈകുന്നേരം നാലിനു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്
51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 4 നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആര്‍എംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്ടേഴ്സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നുത്.
ഒ.പി ബ്ലോക്ക്
22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒപി കെട്ടിടം നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തില്‍ 20 ഒപി മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന വിഭാഗങ്ങള്‍
പീഡിയാട്രിക് ഐസിയു, എച്ച്ഡിയു ആന്‍ഡ് വാര്‍ഡ് 34 ലക്ഷം രൂപ ഉപയോഗിച്ചാണ് പീഡിയാട്രിക് ഐസിയു, എച്ച്ഡിയു ആന്‍ഡ് വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 2 കിടക്കകളോടു കൂടിയ ഐസിയു, 4 കിടക്കകളോടു കൂടിയ എച്ച്ഡിയു, 15 കിടക്കകളോടു കൂടിയ വാര്‍ഡ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍, കേന്ദ്രീകൃത ഓക്സിജന്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും.
ബ്ലഡ് ബാങ്ക്
28.45 ലക്ഷം രൂപ ചെലവഴിച്ചാണ് ബി ആന്‍ഡ് സി ബ്ലോക്ക് ഒന്നാം നിലയില്‍ ബ്ലഡ് ബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കില്‍ കമ്പോണന്റ് സെപ്പറേഷന്‍ റൂം, ക്രോസ് മാച്ചിംഗ് റൂം, ക്വാളിറ്റി കണ്‍ട്രോള്‍ റൂം, ബ്ലഡ് സ്റ്റോറേജ് റൂം, കൗണ്‍സിലിംഗ് റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
എക്സ്-റേ യൂണിറ്റ്
27.25 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഹൈ എന്‍ഡ് എക്സ്റേ മെഷീനുകള്‍ സ്ഥാപിച്ചത്.
മാമോഗ്രം
സ്തനാര്‍ബുദം പോലുളള രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് 21.14 ലക്ഷം രൂപ മുടക്കി മാമോഗ്രാം മെഷിന്‍ സ്ഥാപിച്ചത്.
ഇ ഹെല്‍ത്ത്
ഒ.പി കൗണ്ടറിലും ഐ.പി ബില്ലിംഗിലുമാണ് ആദ്യഘട്ടമായി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
അടിസ്ഥാന വികസന രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി : ഡപ്യൂട്ടി സ്പീക്കര്‍
അടിസ്ഥാന വികസനരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് പന്തളം തെക്കേക്കര പഞ്ചായത്തിലെ പറന്തലില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം മധു, പഞ്ചായത്ത് അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍, പൊന്നമ്മ വര്‍ഗീസ്,എസ്. ശ്രീവിദ്യ നിര്‍മ്മിതി കേന്ദ്രം എഞ്ചിനീയര്‍ രമ, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോമളം പുതിയ പാലത്തിന്റെ നദിയിലുള്ള പൈലിംങ് ജോലികള്‍ പുരോഗമിക്കുന്നു. തിരുവല്ല ബൈപ്പാസിന്റെ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് നിലവില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ലയണ്‍സ് ക്ലബ് എന്നിവര്‍ നല്‍കിയ പ്രൊപ്പസലിന് അനുമതിയായെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ പറഞ്ഞു. മല്ലപ്പള്ളി താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയായ കോട്ടങ്ങല്‍, കൊറ്റനാട് പ്രദേശങ്ങളില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഫയര്‍ലൈന്‍സ് സ്ഥാപിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന റോഡുകള്‍ കൈയ്യേറി വ്യാപാരം നടത്തുന്നത് നിയന്ത്രിക്കണമെന്നും അദേഹം പറഞ്ഞു.
ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം വിലയിരുത്തി.ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലാനിംഗ് ഓഫീസര്‍ എസ് മായ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ തെരഞ്ഞെടുക്കുന്നു. ഫെബ്രുവരി 28 ന് രാവിലെ 11 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 28 വയസ്. അടിസ്ഥാന യോഗ്യത : എം എസ് സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടുകൂടി) . പ്രതിമാസ സ്റ്റൈഫന്റ് 10000 രൂപ. പരിശീലന കാലം ഒരു വര്‍ഷം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മുന്‍പരിചയ രേഖകള്‍ എന്നിവ സഹിതം ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം. ബോര്‍ഡില്‍ മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0468 2223983.
വല്ലന സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം 26 ന്
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം 26 ന് രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി എസ് അനീഷ് മോന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉറപ്പാണ് തൊഴില്‍ പദ്ധതി ക്യാമ്പസുകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ക്യാമ്പസുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ലഭ്യമായ തൊഴിലവസരങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് സംസാരിച്ചു.
തൊഴില്‍ പദ്ധതി ക്യാമ്പസുകളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം) ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ക്യാമ്പസുകളില്‍ ഒരുക്കും. ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ട് ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. നോളജ് മിഷന്റെ സേവനങ്ങളെ പറ്റി കൂടുതല്‍ അറിയുന്നതിനും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഈ ജോബ് സ്റ്റേഷനുകള്‍ സഹായിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായോ ജോബ് സ്റ്റേഷനുകള്‍ വഴിയോ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇപ്പോള്‍ ലഭ്യമായ എല്ലാ തൊഴിലുകളുടെയും അടിസ്ഥാനത്തിലുള്ള വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. അതിലുടെ സ്‌കില്‍ ഗ്യാപ് കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലിന് സജ്ജരാക്കുന്നു.
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെന്റര്‍ കം ഓപ്പറേറ്റര്‍ (ടര്‍ണിങ് ആന്‍ഡ് മില്ലിങ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ /ഡിപ്ലോമ/ ബി ഇ/ ബി.ടെക്ക് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് 15,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിക്കറ്റുകളുമായി ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍-9495711337,9446593462,