പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/02/2024 )

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി/റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 34, 141, 142  ല്‍ നിന്നും, റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 149, 155, 124 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവാസി ഈരുകളിലേക്കു അനുയോജ്യമായ വാഹനം താലുക്ക് സപ്ലൈ ഒഫീസര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതാണ്) ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിനു മുന്‍പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ :0468 2222612


എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ  ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന്

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി 2023-25 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന് മൂന്ന് മണിക്ക് ഇരവിപേരൂര്‍ മുട്ടാറ്റ് ചാലില്‍ മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (അക്വ)എച്ച് സലിം പദ്ധതി വിശദീകരിക്കും.

തരിശായി കിടക്കുന്ന എല്ലാ പൊതുജലാശയങ്ങളും മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തി മത്സ്യോത്പാദനം വര്‍ധിപ്പിച്ച് മത്സ്യകര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സ്ഥിരവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലാശയങ്ങളില്‍ വലവളപ്പുകള്‍ നിര്‍മ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയില്‍ താല്‍ക്കാലിക ചിറകള്‍ കെട്ടിയും തദ്ദേശിയ മത്സ്യവിത്തുകള്‍ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന എംബാങ്ക്മെന്റ് പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 492 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ 49 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇരവിപേരൂര്‍ പഞ്ചായത്തില്‍ മുട്ടാറ്റ്ചാല്‍ പ്രദേശത്ത് വിപിന്‍ പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കാട്ടൂരാന്‍സ് ഫിഷ് ഫാര്‍മേഴ്സ് ഗ്രൂപ്പിന്റെ എംബാങ്ക്മെന്റ് ക്രമീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, ത്രിതല പഞ്ചായത്ത്പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാന റവന്യൂ അവാര്‍ഡ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിന്:
മുഖ്യമന്ത്രി പിണറായി വിജയന്‍  ( ഫെബ്രുവരി 24) അവാര്‍ഡ് വിതരണം ചെയ്യും

2024 ലെ സംസ്ഥാന റവന്യൂ അവാര്‍ഡ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിന് ലഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

( ഫെബ്രുവരി 24) നടക്കുന്ന സംസ്ഥാന റവന്യൂ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അടൂര്‍ റീസര്‍വെ സൂപ്രണ്ട് വൈ. റോയ് മോന്‍ അവാര്‍ഡ് ഏറ്റു വാങ്ങും. ജില്ലയില്‍ മികച്ച സേവനം കാഴ്ച വെച്ച റീസര്‍വെ സൂപ്രണ്ടാഫീസ് നമ്പര്‍ രണ്ട് പത്തനംതിട്ട സര്‍വെയര്‍ പി ജി സന്തോഷ് കുമാര്‍, പത്തനംതിട്ട സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കോണ്‍ട്രാക്ട് സര്‍വെയര്‍ അശ്വതി ശശീന്ദ്രന്‍, ഡ്രാഫ്ട്സ്മാന്‍ എസ് മഹേഷ് കുമാര്‍ എന്നിവര്‍ക്ക് 2024 ലെ റവന്യൂ അവാര്‍ഡും ലഭിച്ചു. ഒരോ ജീവനക്കാരും നിര്‍വഹിച്ച ജോലികള്‍ പ്രത്യേകം വിലയിരുത്തി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ശുപാര്‍ശ ചെയ്തിട്ടുള്ള നോമിനേഷനുകള്‍ സര്‍വെ ഡയറക്ടറേറ്റില്‍ പരിശോധിച്ച് ഉറപ്പാക്കിയാണ് മികച്ച സേവനത്തിനുള്ള ജീവനക്കാരെ തിരഞ്ഞെടുത്തത്.

സമയബന്ധിതവും ചിട്ടയായതും പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിനെ അവാര്‍ഡിനര്‍ഹമാക്കിയത്.സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചിട്ടുള്ള അടൂര്‍, കോന്നി താലൂക്കുകളിലെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ അടൂര്‍ റിസര്‍വെ സൂപ്രണ്ടാഫീസിന് കീഴിലാണ് നടക്കുന്നത്. കോന്നി താലൂക്കിലെ വളളിക്കോട്, പ്രമാടം എന്നീ വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും വളളിക്കോട് വില്ലേജിനെ പരാതി രഹിത വില്ലേജാക്കുകയും ചെയ്തു. മൈലപ്ര, കോന്നിത്താഴം, തണ്ണിത്തോട് വില്ലേജുകളുടെ സര്‍വെ ജോലികള്‍ അന്തിമഘട്ടത്തിലാണ്.

 

വള്ളിക്കോട് വില്ലേജിന് 1842 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 18337 കൈവശങ്ങളും, പ്രമാടം വില്ലേജിന് 1657 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 14670 കൈവശങ്ങളും, കോന്നിത്താഴം വില്ലേജിന് 1028 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 7320 കൈവശങ്ങളും, മൈലപ്ര വില്ലേജിന് 126 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 5858 കൈവശങ്ങളും, തണ്ണിത്തോട് വില്ലേജിന് 1182 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 6995 കൈവശങ്ങളിലെയും സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കി. അടൂര്‍ താലൂക്കിലെ ഏഴംകുളം, പെരിങ്ങനാട് വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ മാര്‍ച്ചില്‍ ആരംഭിക്കും.

നിരോധിത പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ പിടികൂടി പിഴ ചുമത്തി
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വളളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തി. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വാഹനങ്ങളില്‍  എത്തിച്ചു നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും  വാഹനമടക്കം പിടിച്ചെടുക്കുമെന്നും വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ബയോബിന്‍ വിതരണോദ്ഘാടനം
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കിയ നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല ബയോബിന്‍ വിതരണം പദ്ധതി പ്രകാരം  ജീ-ബിന്നുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് യുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് അംഗം സാറാ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സിസിലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെസി മാത്യു, വാര്‍ഡ് മെമ്പര്‍മാരായ റെന്‍സിന്‍ കെ രാജന്‍, രശ്മി ആര്‍.നായര്‍, അനിത.ആര്‍ നായര്‍, റീന തോമസ്, അജിത റ്റി ജോര്‍ജ്ജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍, അസി.സെക്രട്ടറി കെ.എ അപര്‍ണ , വി.ഇ.ഒ മാരായ പി.സി പ്രിന്‍സി, ഷിഫാന എസ് സത്താര്‍, ഫോബ്സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം
ആറന്മുള- പരിയാരം റോഡില്‍ (പരമൂട്ടില്‍പടി, പുന്നയ്ക്കാട് പോസ്റ്റ് ഓഫീസ് റോഡ് ) ടാറിംഗ് പ്രവൃത്തികള്‍ 25 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നതായി കൊല്ലം പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസനസമിതി യോഗം ചേര്‍ന്നു
ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസനസമിതി യോഗം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് പദ്ധതി വിനിയോഗവും നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി വകയിരുത്തുന്ന ഫണ്ടുകള്‍ കാര്യക്ഷമമായിത്തന്നെ വിനിയോഗിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വികസന, നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കാതെ ഗൗരവകരമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. അവലോകനയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിമുഖത കാണിക്കുകയും വീഴ്ച വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പാറ ഐശ്വര്യ സെറ്റില്‍മെന്റ് കോളനി കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിച്ച് യോഗത്തില്‍ തീരുമാനമായി. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ എളംകുളംപാറ- മലപ്പുറം റോഡ് കോണ്‍ക്രീറ്റിങ്ങിന് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അംഗീകാരമായി. വടശേരിക്കര  ഗ്രാമപഞ്ചായത്തിലെ കൈതയ്ക്കമണ്ണില്‍ പട്ടികജാതി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഭരണാനുമതി നല്‍കി. ഈ മൂന്ന് പ്രവര്‍ത്തികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി.

കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, കുളനട ഗ്രാമപഞ്ചായത്തിലെ മുടന്തിയാനിക്കല്‍- ബഥനിമഠം റോഡ് കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ പെടുന്ന പറയാനാലി, ചാന്തോലില്‍, എഴിക്കാട്, കൊങ്കരമാലില്‍,പന്നിവേലിച്ചിറ, അടുംബട, മൂര്‍ത്തിമുരുപ്പ് തുടങ്ങി നിരവധി പട്ടികജാതി കോളനികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി.

പട്ടികവര്‍ഗവകുപ്പിന്റെ കീഴില്‍ എബിസിഡി ക്യാമ്പയിന്റെ ഭാഗമായി 18 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 12 യുവതീയുവാക്കള്‍ക്ക്  ഡ്രൈവിങ് ലൈസന്‍സുകളും 23 പേര്‍ക്ക് ഹെവി മോട്ടോര്‍ ലൈസന്‍സും ബാഡ്ജും ലഭ്യമാക്കി. ട്രൈബല്‍ ഡെവലപ്‌മെന്റ്് ഓഫീസ്, എക്‌സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ സഹായി സെന്ററുകള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു. യുവതീയുവാക്കള്‍ക്ക് പിഎസ്സി പരിശീലന ക്ലാസുകളും പിഎസ്സി ബുള്ളറ്റിന്‍ വിതരണവും നവംബര്‍ മുതല്‍ നടന്നുവരുന്നു. ആവണിപ്പാറ പട്ടികവര്‍ഗ കോളനിയിലെ പാലത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നടപടിക്കായി യോഗം ശുപാര്‍ശ ചെയ്തു.   ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നേന്ത്രവാഴ ഗ്രാമം പദ്ധതി ആരംഭിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നേന്ത്രവാഴ കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നേന്ത്രവാഴ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്തിലെ അഞ്ച് ഹെക്ടര്‍ സ്ഥലത്ത് കീടനാശിനി പ്രയോഗിക്കാതെ കൃഷി ചെയ്യുന്നതാണ് പദ്ധതി. ശാസ്ത്രീയമായി കൃഷി ചെയ്ത് പഞ്ചായത്തില്‍ നേന്ത്രക്കുലകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകന് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പതിനാലായിരം നേന്ത്രവാഴ നടുന്നതിനുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കി.വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ വി.പി.വിദ്യാധര പണിക്കര്‍, കൃഷി ഓഫീസര്‍ ശുഭജിത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍, കൃഷി അസിസ്റ്റന്റ്മാരായ അനിത കുമാരി, ജസ്റ്റിന്‍ സുരേഷ്, കാര്‍ഷിക കര്‍മ സേനാംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

ടാലി കോഴ്‌സ്് അഡ്മിഷന്‍
അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ അവസാന വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുന്നന്താനം അസാപ് കമ്മ്യൂണിറ്റിസ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തപ്പെടുക. 30 സീറ്റുകള്‍ ലഭ്യമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ ടാലി അക്കാഡമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഫീസ് 8100 രൂപ. ഫോണ്‍ : 7994497989, 6235732523.

വള്ളവും വലയും നല്‍കി
പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും നല്‍കി കടപ്ര പഞ്ചായത്ത്.  വികസന ഫണ്ടില്‍ നിന്ന് ഏഴുലക്ഷം രൂപ  ചെലവഴിച്ച് 27 മത്സ്യത്തൊഴിലാളികള്‍ക്കാണ് വള്ളവും വലയും നല്‍കിയത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 2023 ല്‍ 19 പേര്‍ക്കും 2024 ല്‍ എട്ട് പേര്‍ക്കുമാണ് വള്ളവും വലയും നല്‍കിയത്.

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിര സമിതി അധ്യക്ഷന്‍ റോബിന്‍ പരുമല, ജില്ലാ ഫിഷറീസ് അസി. ഡയറക്ടര്‍ പി.എസ്. അനിത, തിരുവല്ല ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ശില്‍പ പ്രദീപ്, ഫിഷറീസ് കോ ഓര്‍ഡിനേറ്റര്‍ പി.പി.സുനിത, പ്രമോട്ടര്‍ എസ്. ശുഭ, കെ.എം. വിജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

അങ്കണവാടി ഉദ്ഘാടനം നടത്തി
പുളിക്കീഴ്  ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികളില്‍ സച്ചിത്ര പെയിന്റിംഗ്  നടത്തിയതിന്റെ ഉദ്ഘാടനം നിരണം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ  81-ാം നമ്പര്‍ അങ്കണവാടിയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന്‍  നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പ്രദേശത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു അങ്കണവാടികളില്‍ നാലു ലക്ഷം രൂപ ചെലവഴിച്ചാണ് സച്ചിത്ര പെയിന്റിംഗ്  നടത്തിയത്. കുട്ടികള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങി നല്‍കി അങ്കണവാടി സ്മാര്‍ട്ട്  ആയി  സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം ലതാപ്രസാദ് അധ്യക്ഷത വഹിച്ചു. ജിജു വൈക്കത്തുശേരില്‍, റീന വര്‍ഗീസ്, അംഗനവാടി ടീച്ചര്‍ റഹ്‌മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

റോഡ് ഉദ്ഘാടനം നടത്തി
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മഠത്തിലേട്ടുപടി-പെരുമ്പ്ര പാലം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റന്‍സ് ഫണ്ട് ഉപയോഗിച്ചാണ് പത്താം വാര്‍ഡിലെ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ഡ് അംഗം സനല്‍ കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗം അശ്വതി രാമചന്ദ്രന്‍, സുഭദ്ര രാജന്‍, ജി രവി, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

മണിനാദം 2024 നാടന്‍പാട്ട് മത്സരം
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം’മണിനാദം 2024′ സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകളിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.

 

ജില്ലാതല മത്സരം 28 ന് വൈകിട്ട് 6 ന്  കടമ്പനാട് സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് മാത്രമായിരിക്കും സംസ്ഥാനതല  മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്.  മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000 , 10,000, 5,000 രൂപ വീതവും , സംസ്ഥാന തലത്തില്‍ യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും പ്രൈസ്മണിയായി  നല്‍കുന്നു.  താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രവരി 26 ന് വൈകിട്ട് 5 ന് മുന്‍പായി പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലായൂത്ത് പ്രോഗ്രാംഓഫീസര്‍, കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിലോ,  ptaksywb@gmail.com എന്ന മെയിലിലോ അപേക്ഷസമര്‍പ്പിക്കാം. ഫോണ്‍ : 0468 2231938, 9847545970  

 

error: Content is protected !!