
കോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരിലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് കാരണം ശ്വാസകോശത്തിന് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടായത് ഇന്ത്യക്കാരിലാണെന്ന് പഠനത്തില്‍ പറയുന്നു.
കോവിഡ് മുക്തരായ ശേഷവും കൊറോണ വൈറസ് മാസങ്ങളോളം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാത്ത ഒട്ടേറെപ്പേര്‍ ഇന്ത്യയിലുണ്ട്.പലര്‍ക്കും ജീവിതകാലം മുഴുവന്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.
207 പേരിലാണ് പഠനം നടത്തിയത്. സാര്‍സ്‌കോവ്-2 (SARS-CoV-2) സംബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗവേഷണമാണിത്. പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കോവിഡ് ആദ്യതരംഗം വ്യാപിച്ച ഘട്ടത്തിലാണ് പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചിട്ടും കാര്യമായ ബുദ്ധിമുട്ടുണ്ടാകാത്തവര്‍, ഇടത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍, സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചായിരുന്നു പഠനം. ഇവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും സംബന്ധിച്ച വിശദമായ പരിശോധനകളാണ് നടത്തിയത്.ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ശ്വാസകോശം പൂര്‍ണമായി വികസിക്കാത്ത അവസ്ഥ 35 ശതമാനം പേര്‍ക്കുണ്ട്. 8 ശതമാനം പേരില്‍ ശ്വാസത്തിനുള്ളില്‍ വായുവിന് അനായാസം ചലിക്കുന്നതിന് തടസമുണ്ടാകുന്നതായി കണ്ടെത്തി.