Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 19/02/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് : സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍, ജയദീപ് എന്നിവര്‍ പരിശീലനക്ലാസുകള്‍ നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗം, പെരുമാറ്റച്ചട്ടങ്ങള്‍, വള്‍നറബിള്‍ ബൂത്തുകളുടെ മാപ്പിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.

ജില്ലയില്‍ പത്ത് മുതല്‍ പതിനാല് വരെ പോളിംഗ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസറെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനസമയം.

ഇവര്‍ വോട്ടെടുപ്പിന് മുന്‍പ് ഓരോരുത്തര്‍ക്കും ചുമതലപ്പെടുത്തിയ ബൂത്തുകള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തും. ഏതെങ്കിലും ബൂത്തില്‍ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാല്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും.തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യുട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ് , സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ വികസന സമിതി യോഗം 24 ന്
ജില്ലാ വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗം 24 നു രാവിലെ 10 :30 കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ജില്ലാ ശിശുക്ഷേമ സമിതി യോഗം 21ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം 21ന് രാവിലെ 10 ന് ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

അപ്രന്റീസ് ഒഴിവ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. പ്രായപരിധി 19-26 വരെ. സ്റ്റെപ്പന്‍ഡ് – 9000 രൂപ. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, ഓരോ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 27 ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2223983

ഭോജനശാല ഉദ്ഘാടനം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തട്ടയില്‍ ഒരിപ്പുറം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച ഭോജനശാലയുടെ ഉദ്ഘാടനം ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി നിര്‍വഹിച്ചു.

 

വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് ഭോജന ശാല നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ലക്ഷമിപ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി വിദ്യാധരപ്പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രീയജ്യോതികുമാര്‍. അംഗങ്ങളായ പൊന്നമ്മവര്‍ഗീസ്, ബിപിസി പ്രകാശ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, ഹെഡ്മിസ്ട്രസ് ജനി, പിടിഎ പ്രസിഡന്റ് അഭിലാഷ് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാര്‍, ജെഎച്ച്‌ഐ വിനോദ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പോത്തിന്‍കുട്ടികളെ വിതരണം ചെയ്തു
ഏറത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പോത്തിന്‍കുട്ടി വളര്‍ത്തല്‍ (ജനറല്‍) പദ്ധതി പ്രകാരമുള്ള പോത്തിന്‍കുട്ടികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ തരകന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ഉഷാ ഉദയന്‍ ജനപ്രതിനിധികളായ രാജേഷ് അമ്പാടിയില്‍, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, എ സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഷേര്‍ലി ചെറിയാന്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ബി അരുണ്‍കുമാര്‍  എന്നിവര്‍ പങ്കെടുത്തു.

വയോജന സംഗമം നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വയോ ജനസംഗമം’ സ്നേഹസ്പര്‍ശം 2024′ ന്റെ ഉദ്ഘാടനം തട്ട ഗവമെന്റ് എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.

 

പഞ്ചായത്തിലെ വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഒറ്റപ്പെടലില്‍ നിന്നും ഒത്തുചേരുന്നതിനുമാണ് സംഗമം നടത്തിയത്. ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു.  വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ രഞ്ജിത്, പൊന്നമ്മ വര്‍ഗീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശരണ്യ, ഡോ. മാന്‍സി അലക്സ്, ജെഎച്ച്ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

സിഡിഎസ് മാസചന്ത
റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മാസചന്ത എല്ലാ മാസവും 21, 22, 23 തീയതികളില്‍ പെരുനാട് മഠത്തുംമൂഴി ഇടത്താവളത്തില്‍ വില്പന നടത്തും.

ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്കു പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു .അവസാന തീയതി 27. ഫോണ്‍ 0469 2997331.


അംഗന്‍ ജ്യോതി ജില്ലാതല ഉദ്ഘാടനം  (20)

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അംഗന്‍ ജ്യോതി പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇവിപേരൂര്‍ വെഎംസിഎ ഹാളില്‍  (20)  രാവിലെ 11ന് ജില്ലാ കളക്ടര്‍ എ.ഷിബു നിര്‍വഹിക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടികള്‍ക്ക് ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്നതാണ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ‘അംഗന്‍ജ്യോതി’ പദ്ധതി.

ഹരിതകര്‍മ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങള്‍  യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന
ശുചിത്വ-മാലിന്യ സംസ്‌ക്കരണ രംഗത്ത് ഹരിതകര്‍മ്മസേനയുടെ ഇടപെടലും അവരുടെ പ്രശ്‌നങ്ങളും സമൂഹത്തിന് നല്‍കുന്ന സംഭാവനകളും അടുത്തറിഞ്ഞ് യൂവജനങ്ങള്‍. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകര്‍മ്മസേന സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ശുചിത്വമിഷന്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന പരിപാടിയിലാണ് യുവജനങ്ങളും പത്തനംതിട്ട നഗരസഭയിലെ ഹരിതകര്‍മ്മസേനയും സംവദിച്ചത്.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനും പത്തനംതിട്ട നഗരസഭയും ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജെറി അലക്‌സ് ന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.ബിന്ദു ഉദ്ഘാടനം ചെയ്തു.
സുസ്ഥിര ജീവിതരീതികള്‍ക്കായി മാതൃകാപരമായ മാലിന്യ സംസ്‌ക്കരണ രീതികളെക്കുറിച്ചുള്ള ബോധവത്കരണം, ഹരിതകര്‍മ്മസേനക്ക് നല്‍കുന്ന പൊതുജനപിന്തുണ വര്‍ധിപ്പിക്കല്‍, യൂവാക്കളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍, മാലിന്യമുക്തം നവകേരളത്തില്‍ യുവജനപങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.

ജില്ലയിലെ പരിപാടിയില്‍ നൂറോളം യുവജനപ്രതിനിധികളും നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുത്തു. പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കോന്നി സെന്റ് തോമസ് കോളേജ്, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് യുവജനപ്രതിനിധികളായി പങ്കെടുത്തത്.
ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, അവരുടെ തൊഴില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ യുവജനങ്ങലളുമായി ആശയവിനിമയം നടത്തി. ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യുവപ്രതിനിധികളും പങ്കുവച്ചു. പരിപാടിയുടെ ഭാഗമായിയുവജനങ്ങള്‍ ഹരിതകര്‍മ്മസേനയോടൊപ്പം നഗരസഭയിലെ വീടുകളില്‍ മാലിന്യശേഖരണത്തില്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വിവിധ രീതികളില്‍ തരംതിരിക്കുന്നത് യുവജനങ്ങള്‍ക്ക് തത്സമയം പ്രദര്‍ശനം നടത്തി ബോധവത്കരണം നല്‍കി. കാര്യക്ഷമമായ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവജനപങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍.അജിത്ത് കുമാര്‍, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ എന്‍.പ്രകാശ്,എം.കെ ഷിറാസ്,ടി.എം ജോസഫ്, കെ.എസ്.ഡബ്ലിയു.എം.പി ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ പി.എം ഐശ്വര്യ , നവകേരളം മിഷന്‍, ശുചിത്വമിഷന്‍, കില ആര്‍.ജി.എസ്.എ ഉദ്യോഗസ്ഥര്‍, യുവജനക്ഷേമ ബോര്‍ഡ് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുളള മേഖലാ ഇന്ത്യ ഫെന്‍സിംഗ് സെന്ററിലെ പരിശീലനത്തിന് ആവശ്യമായ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 9447336143.


റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ ) (ഫസ്റ്റ് എന്‍സിഎ- വിശ്വകര്‍മ) കാറ്റഗറി നം. 471/2022 തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

വേദിയില്‍ മാറ്റം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനപരിഷ്‌കരണം സംബന്ധിച്ച് 27 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൊല്ലം പത്തനംതിട്ട ജില്ലകളിലേക്കുള്ള തെളിവെടുപ്പ് യോഗം അന്നേദിവസം രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ- ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 

error: Content is protected !!