Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/02/2024 )

കുളനട കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (17)
കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 11.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.  അംജിത്ത് രാജീവന്‍,  തൃതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിജ്ഞാന പത്തനംതിട്ട-  ഉറപ്പാണ് തൊഴില്‍ പദ്ധതി  ജോബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന് (17) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിലുളള ജില്ലയിലെ ആദ്യ ജോബ്‌സ്റ്റേഷന്‍ അടൂര്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍  ഇന്ന് (17) വൈകിട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ യു ജനീഷ് കുമാര്‍ , അഡ്വ.പ്രമോദ് നാരായണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും.ഡോ ടി എം തോമസ് ഐസക്ക്, നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍  ഡോ. പി എസ് ശ്രീകല എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരും  പങ്കെടുക്കുന്ന സെമിനാര്‍ വൈകിട്ട് മൂന്നുമണിക്ക് നടത്തും.

പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് തൊഴിലന്വേഷകര്‍ക്ക് അറിയുന്നതിനും അതിനായി അവരെ സഹായിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ജോബ് സ്റ്റേഷനുകള്‍.

പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളെജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി.

ബജറ്റ് അവതരിപ്പിച്ചു
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വെണ്ണിക്കുളത്ത് ബസ് സ്റ്റാന്റും ഷോപ്പിംഗ് കോപ്ലക്‌സും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രാദേശിക  വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കോമളം കടവില്‍  ‘കോമളം ഉല്ലാസ കേന്ദ്രം’ ആരംഭിക്കുന്നതിനും, ഭവന നിര്‍മാണ മേഖലയ്ക്കും, ദാരിദ്ര്യ ലഘൂകരണത്തിനും, കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ 2024-25  ബജറ്റ് വൈസ് പ്രസിഡന്റ് ജോളി ജോണ്‍ അവതരിപ്പിച്ചു.

18,53,33,178 രൂപ വരവും 18,36,90,753 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുറമറ്റം കരിങ്കുറ്റി മലയില്‍ 10 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി.

വെണ്ണിക്കുളത്ത് ബസ് സ്റ്റാന്റും അനുബന്ധമായി ഷോപ്പിംഗ് കോപ്ലക്‌സും പബ്ലിക് മാര്‍ക്കറ്റും തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി  കോമളം കടവില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി കോമളം ഉല്ലാസ കേന്ദ്രം ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം എന്നിവയ്ക്കായി  3.029 കോടി രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2.925 കോടി രൂപ, കാട്ടു പന്നികളെ തടയുന്നതിനായി സോളാര്‍ വേലികള്‍ നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ ഉള്‍പ്പെടെ കാര്‍ഷിക മൃഗസംരക്ഷണ മേഖലകള്‍ക്കായി ഉല്പാദന മേഖലയില്‍ 74,48,335 രൂപ, ആരോഗ്യമേഖലയിലെ വിവിധ പ്രവര്‍ത്തങ്ങള്‍ക്കായി 38,32,356 രൂപ, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 13 ലക്ഷം രൂപ, വയോജന ക്ഷേമത്തിനായി 7,88,450 രൂപ, യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ, ശുചിത്വ മാലിന്യസംസ്‌കരണ പരിപാടികള്‍ക്കായി 27,60,600 രൂപ, അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി ഒന്‍പതു ലക്ഷം രൂപ, റോഡുകളുടെ നിര്‍മാണത്തിനായി 1.3 കോടി രൂപ, പൊതു കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 87,77,247 രൂപ, പരമ്പരാഗത ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്താഫീസ്, ടേക്ക് എ ബ്രേക്ക്, എം.സി.എഫ് എന്നീ സ്ഥാപനങ്ങളിലേക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനും എല്ലാ അങ്കണവാടികളിലും സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തെരുവ് വിളക്ക് പരിപാലനത്തിനുമായി 25 ലക്ഷം രൂപ, വിപണന പ്രോത്സാഹന പരിപാടികളുടെ ഭാഗമായി പുറമറ്റം, വെണ്ണിക്കുളം മാര്‍ക്കറ്റുകള്‍ക്കായി 2 ലക്ഷം രൂപ, വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറമറ്റം മേഖലയിലും വെണ്ണിക്കുളം മേഖലയിലും വള്ളങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഒ മോഹന്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്‍സി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ റെയ്ച്ചല്‍ ബോബന്‍, കെ.കെ. നാരായണന്‍, രശ്മിമോള്‍, സൗമ്യ വിജയന്‍, ജൂലി കെ. വര്‍ഗീസ്, സാബു ബെഹനാന്‍, ശോശാമ്മ തോമസ്, ഷിജു പി. കുരുവിള, സെക്രട്ടറിഎം.പി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍,  അക്കൗണ്ടന്റ് സിജി ഗോപാലകൃഷ്ണന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാപ്‌ടോപ് വിതരണം ചെയ്തു
പുറമറ്റം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ ലാപ്‌ടോപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ജോളി ജോണ്‍ അധ്യക്ഷത വഹിച്ചു.  ജനപ്രതിനിധികളായ കെ. ഓ മോഹന്‍ദാസ്, റോഷ്നി ബിജു, സൗമ്യ ജോബി, ജൂലി കെ വര്‍ഗീസ്, സാബു ബെഹനാന്‍, ഷിജു പി കുരുവിള , ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി അനില്‍ കുമാര്‍ , അസിസ്റ്റന്റ് സെക്രട്ടറി  ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഗതാഗത നിയന്ത്രണം
ഏഴംകുളം- കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷന്‍ മുതല്‍ ചന്ദനപ്പള്ളി ജംഗ്ഷന്‍ വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതല്‍ മെയ് 30 വരെ പൂര്‍ണമായും നിരോധിച്ചു. കൊടുമണ്‍ ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊടുമണ്‍- ഇടവുംമൂട്- കൊച്ചാലുംമൂട്- ചന്ദനപ്പള്ളി വഴി പത്തനംതിട്ടയ്ക്ക് പോകേണ്ടതാണ്. കൊടുമണ്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഈ വഴി തന്നെ സ്വീകരിക്കണം.

ടെന്‍ഡര്‍   
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 22 ന് പകല്‍ മൂന്നിന് മുമ്പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍:0469 2610016

ഭിന്നശേഷികുട്ടികളുടെ ഇന്‍ക്ലൂസീവ് കായികോത്സവം സമാപനത്തിലേക്ക്
ഭിന്നശേഷികുട്ടികള്‍ക്ക് ആത്മവീര്യമേകി ഒരുമാസമായി നടന്നുവരുന്ന ഇന്‍ക്ലൂസീവ് കായികോത്സവം പരിസമാപ്തിയിലേക്ക്. ഇന്നും(17) നാളെയും (18) കൊടുമണ്‍ ഇ. എം. എസ് സ്റ്റേഡിയത്തില്‍  നടക്കുന്ന അത്ലറ്റിക്സ് മത്സരത്തോടെയാണ് സമാപനം. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാകളക്ടര്‍ എ. ഷിബു  മുഖ്യാതിഥിയാകും. അത്ലറ്റിക്മേളയില്‍ ജില്ലയിലെ പതിനൊന്ന് ബി. ആര്‍. സി കളില്‍ നിന്നായി മുന്നൂറിലധികം കുട്ടികള്‍ മാറ്റുരയ്ക്കും.

സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട നേതൃത്വം നല്‍കുന്ന ഇന്‍ ക്ലൂസീവ് കായികോത്സവം ജനുവരി 19 നാണ് ആരംഭിച്ചത്. ഭിന്നശേഷികുട്ടികള്‍ക്ക് മനോബലം നല്‍കുന്നതിനും തെറാപ്പി എന്ന നിലയിലും സംഘടിപ്പിക്കുന്ന കായികോത്സവം പൊതുധാരാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയത്. കുട്ടികള്‍ക്ക് അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് ഏത് മത്സരത്തിലും പങ്കെടുക്കാം എന്നതാണ് പ്രത്യേകത. മനോബലംകൊണ്ട് തങ്ങളുടെ പരിമിതികളെ കുട്ടികള്‍ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കായിക പരിപാടികളില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ ആദ്യമായി മത്സരവേദികളില്‍ എത്തിയവരുടെ കണ്ണിലെ അഭിമാനത്തിളക്കം കാണികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശമാകുന്നു.
് റാന്നി എം.എസ്. എച്ച്. എസ്. എസ്സില്‍വച്ച് ക്രിക്കറ്റ്ടൂര്‍ണമെന്റും  അടൂര്‍ റെഡ്മെഡോ ടര്‍ഫില്‍ ഫുട്ബോള്‍മത്സരവും നടന്നു. ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നിവയും മേളയുടെ പ്രധാന ഇനങ്ങളായിരുന്നു.

അപേക്ഷ സമര്‍പ്പിക്കണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഫാമുകള്‍, ഹോസ്പിറ്റലുകള്‍, റേഷന്‍കടകള്‍ തുടങ്ങിയവയുടെ 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഫെബ്രുവരി 29 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷയോടൊപ്പം ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയ രസീതിന്റെ പകര്‍പ്പും ഹാജരാക്കണം.

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വള്ളിക്കോട് നടുവത്തൊടി പാടശേഖരത്തില്‍ നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നീതു ചാര്‍ളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, പ്രസന്ന രാജന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി കെ അലക്‌സ്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു, കൃഷി അസിസ്റ്റന്റ് ഷിബു രാജേഷ്, പാടശേഖരസമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാത്മാ പുരസ്‌കാരം രണ്ടാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  മികച്ച ഗ്രാമപഞ്ചായത്തിനുള്ള  2022-23 വര്‍ഷത്തെ മഹാത്മാ പുരസ്‌കാരം രണ്ടാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ശരാശരി 74.47 തൊഴില്‍ ദിനങ്ങളോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 38054 തൊഴില്‍ ദിനങ്ങള്‍ സൃഷ്ട്ടിച്ചു. 246 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തികരിച്ചു.
31 ശതമാനം തുക മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ക്ക് വിനിയോഗിച്ചു .60 ശതമാനം തുക തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. 54.67 ലക്ഷം രൂപയുടെ മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ നടപ്പിലാക്കി .119.42 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. 1000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു.  ഗ്രാമീണ ശുചിത്വവുമായി ബന്ധപ്പെട്ടു എം സി എഫുകള്‍,100 സോക്ക് പിറ്റുകള്‍ നിര്‍മിച്ചു. അമൃത് സരോവര്‍ പദ്ധതിയുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടു ചാലുകള്‍ നിര്‍മിച്ചു. 6000 തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ചു. കോളനികളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 16 കിണറുകള്‍ നിര്‍മിച്ചു. ഇവയ്ക്കു പുറമെ രണ്ടു പൊതുകിണറും ഒരു പൊതുകുളവും നിര്‍മിച്ചു.

ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 52 കുളങ്ങള്‍ പുതിയതായി നിര്‍മിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മിച്ചു. തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം  ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായി അംങ്കണവാടികള്‍, സ്‌കൂളുകള്‍ക്കു പാചകപുരകള്‍ ,ഡൈനിങ് ഹാളുകള്‍, കളിസ്ഥലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവ നിര്‍മിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

കെ 4 കെയര്‍ പദ്ധതി പുതുതലമുറ പ്രശ്‌നങ്ങള്‍  ഏറ്റെടുത്തു കൊണ്ടുള്ള കുടുംബശ്രീയുടെ  ക്രിയാത്മക ചുവടുവയ്പ്പ് :  മന്ത്രി എം.ബി രാജേഷ്

വയോജന രോഗീ പരിചരണത്തിനായി കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതിക്ക് തുടക്കമായി

കേരളം കൈവരിച്ച സാമൂഹിക വളര്‍ച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ ഏറ്റടുത്തു കൊണ്ടുള്ള കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പ്പാണ് കെ 4 കെയര്‍ പദ്ധതിയെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവല്ലയില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ‘പത്തനംതിട്ട റെഡ് ചില്ലീസ്’ മുളക് പൊടിയുടെ ലോഞ്ചിങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതി.

ആരോഗ്യ മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമായാണ് ആയുര്‍ദൈര്‍ഘം വര്‍ധിക്കുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്തത്.
ഒപ്പം പ്രവാസികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വീട്ടില്‍ ഒറ്റക്കാവുന്ന വയോജനങ്ങളുടെ പരിപാലനം ഗൗരവമായി പരിഗണിക്കേണ്ട പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ വിശ്വസിക്കാവുന്നതും വൈദഗ്ധ്യമുള്ളതുമായ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കെ 4 കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം വനിതകള്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ അഞ്ഞൂറ് പേര്‍ക്ക് പരിശീലനം നല്‍കി ഏപ്രില്‍ മാസത്തില്‍ ഫീല്‍ഡില്‍ എത്തിക്കും. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മികച്ച പരിചരണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നീതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് 0.48 ശതമാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കുന്നതിന് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പത്തനംതിട്ട റെഡ് ചില്ലീസ് മുളക് പൊടി, ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി തുടക്കമിട്ട അഗ്രി വെജിറ്റബിള്‍ കിയോസ്‌കുകള്‍ എന്നിവയിലൂടെ വിഷരഹിത ഭക്ഷ്യോല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന മറ്റൊരു സാമൂഹിക ഉത്തരവാദിത്വം കൂടി കുടുംബശ്രീ നിര്‍വഹിക്കുകയാണ്. പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും വൈവിധ്യ വത്കരണത്തിന്റെയും പാതയിലാണ് കുടുംബശ്രീയിപ്പോള്‍. ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പ്രീമിയം കഫേ, ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു തന്നെ തുടക്കമിട്ട മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 430 കോടി രൂപയുടെ ഉപജീവന പദ്ധതി കെ-ലിഫ്റ്റ് എന്നിവ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതു മൂലം ഉണ്ടായ ഞെരുക്കത്തിനിടയിലും 961 ജനകീയ ഹോട്ടലുകള്‍ക്കായി 161 കോടി രൂപ സബ്ഡിസി ഇനത്തില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ 4 കെയര്‍ പദ്ധതി, പത്തനംതിട്ട റെഡ് ചില്ലീസ് എന്നിവയുടെ പ്രൊമോ വീഡിയോ ലോഞ്ചിങ്ങ്, കെ 4 കെയര്‍ പദ്ധതിയുടെ ഭാഗമായി ടൂള്‍കിറ്റ്, യൂണിഫോം എന്നിവയുടെ വിതരണം, കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ്, റീല്‍സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാര വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
കെ 4 കെയര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നതിലൂടെ കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് അഡ്വ.മാത്യു.ടി തോമസ് എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ട ഒരു വിഷയത്തെയാണ് കുടുംബശ്രീ അഭിസംബോധന ചെയ്യുന്നത്. ഒപ്പം വിഷരഹിത ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആവശ്യങ്ങളോട് പ്രതികരിക്കുന്ന കുടുംബശ്രീ വലിയൊരു നന്‍മയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തിനു കെയര്‍ എക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്‌ളാനിങ്ങ് ബോര്‍ഡ് അംഗം ഡോ.ജിജു.പി.അലക്‌സ് മോഡറേറ്ററായി.

ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കാശ്മീരി മുളക് പ്രൊഡ്യൂസര്‍ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുന്ന ‘റെഡ് ചില്ലീസ്’ ഉല്‍പന്നം മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കൈമാറി. ജില്ലാ കളക്ടര്‍ എ ഷിബു ‘രചന’ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷിന് ബഡ്‌സ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ എംബോസ് പെയിന്റിങ്ങ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സമ്മാനിച്ചു.

തിരുവല്ല നഗരസഭാധ്യക്ഷ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍ കുമാര്‍, തിരുവല്ല നഗരസഭ ഉപാധ്യക്ഷന്‍ ജോസ് പഴയിടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയോഷന്‍ പ്രസിഡന്റ് പി.എസ് മോഹനന്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, തിരുവല്ല ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഉഷ രാജേന്ദ്രന്‍, വെസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഇന്ദിരാഭായി, എച്ച്.എല്‍.എഫ്.പി.പി.റ്റി സംസ്ഥാന മേധാവി റ്റിന്റോ ജോസഫ്, ആസ്പിറന്റ് ലേണിങ്ങ് അക്കാദമി സി.ഇ.ഓ മുഹമ്മദ് ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!