konnivartha.com: വേനല്‍ക്കാലത്തിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെങ്ങും ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല സ്റ്റേഷനുകളില്‍ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.
വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുന്നതിന് ജലവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ഉയര്‍ന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയില്‍ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ മാലിന്യങ്ങള്‍ക്കും മറ്റും തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്നിബാധയ്ക്ക് സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ മെയ് ആദ്യം വരെയുള്ള കാലയളവില്‍ കാട്ടുതീയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചു.
ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
1. വീടുകളിലെ വാഷ് ബേസിനുകള്‍, ടോയ്ലറ്റുകള്‍, മറ്റ് പൈപ്പുകള്‍ എന്നിവയില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തുക
2. കുളിമുറിയില്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കാന്‍ പരിമിതമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക.
3. പല്ലു തേയ്ക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക.
4. ഫ്ളഷ് ടാങ്ക് ഉപയോഗിക്കുമ്പോള്‍ നിയന്ത്രിതമായ അളവില്‍ ആവശ്യത്തിന് മാത്രം വെള്ളം ഫ്ളഷ് ചെയ്യുക.
5. സോപ്പ്, ഷാംപു എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക.
6. തുണി അലക്കുമ്പോഴും അടുക്കളയില്‍ പാത്രം കഴുകുമ്പോഴും പൈപ്പുകള്‍ തുറന്നുവിടാതിരിക്കുക.
7. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ അനുവദനീയമായ പരമാവധി അളവില്‍ വസ്ത്രങ്ങള്‍ നിറച്ച് മാത്രം ഉപയോഗിക്കുക.
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നുവിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനയ്ക്കുന്നതിന് ഉപയോഗിക്കുക.
9. ചെടികള്‍ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലില്‍ ചെടികള്‍ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാന്‍ കാരണമാവും.
10. വാഹനങ്ങള്‍ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോള്‍ ഹോസ് ഉപയോഗിക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് കഴുകുക.
11. തുള്ളിനന, ചകിരി ട്രഞ്ച്, മള്‍ച്ചിങ് രീതി, സ്പ്രിംഗ്ളര്‍, തിരിനന തുടങ്ങി ജലോപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമായി ഉപയോഗിക്കുക.
അഗ്നിബാധ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍
1. വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക.
2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാന്‍ പാടില്ല.
3. തീ പൂര്‍ണ്ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്ഥലത്തു നിന്നും മാറാന്‍ പാടുള്ളൂ. ആവശ്യമെങ്കില്‍ വെള്ളം നനച്ച് കനല്‍ കെടുത്തുക.
4. തീ പടരാന്‍ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകള്‍ കത്തിക്കാതിരിക്കുക.
5. രാത്രിയില്‍ തീയിടാതിരിക്കുക.
6. വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ വേനല്‍ കടുക്കുന്നതിന് മുന്‍പ് വെട്ടി വൃത്തിയാക്കുക.
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേര്‍ന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
9. സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
10. തീ പടരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
11. ശാരീരികക്ഷമതയും പ്രാപ്തിയുമുള്ളവര്‍ സമീപത്തുണ്ടെങ്കില്‍ മരച്ചില്ലകള്‍ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താന്‍ ശ്രമിക്കുക.
12. സഹായം ആവശ്യമെങ്കില്‍ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ഫയര്‍ സ്റ്റേഷനില്‍ വിളിക്കുമ്പോള്‍ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാല്‍ കിട്ടുന്ന മൊബൈല്‍ നമ്പരും കൃത്യമായി കൈമാറുക.
14. മുതിര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം എമര്‍ജന്‍സി നമ്പരുകളായ 101 (ഫയര്‍ ഫോഴ്സ്), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
15. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.
16. ക്യാമ്പ് ഫയര്‍ പോലുള്ള പരിപാടികള്‍ നടത്തുന്നവര്‍ തീ പടരാനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കണം.
17. ബോധപൂര്‍വം തീപിടുത്തത്തിന് ഇടവരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.