konnivartha.com: കേന്ദ്രീയവിദ്യാലയം ആവശ്യപ്പെട്ടാല്‍ കൃഷിവകുപ്പ് അനുമതി ലഭ്യമാക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും ലഭിച്ചാലുടന്‍ പരിഗണിക്കണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചത് അനുസരിച്ച് കേന്ദ്രീയവിദ്യാലയത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. രാക്ഷസന്‍പാറ റവന്യു ഭൂമിയുടെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ 10 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കണം. ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണം വേഗത്തിലാക്കണം. കോന്നി താഴം, അരുവാപ്പുലം, മലയാലപ്പുഴ എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങരുതെന്നും കെഎപി കനാലിലൂടെയുള്ള ജലവിതരണം വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.
കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണം പൊതുവികാരമായി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ പറഞ്ഞു. ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കണം. ജില്ലയില്‍ വന്യമൃഗ ആക്രമണത്തിന് ഇരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണം.
ടിപ്പര്‍ലോറികളുടെ അമിതവേഗത നിയന്ത്രിക്കണം. നവീകരിക്കുന്ന റോഡുകളുടെ വശങ്ങളിലെ കാടുകള്‍ വെട്ടിമാറ്റണം. കെഎസ്ആര്‍ടിസി കോട്ടാങ്ങല്‍, വെണ്ണിക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് നിര്‍ത്തിയ സര്‍വീസ് പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. വകുപ്പുകളുടെ ഏകോപനവും ഊര്‍ജ്വസ്വലവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി രാധാകൃഷ്ണന്‍, പ്ലാനിംഗ് ഓഫീസര്‍ എസ് മായ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.