75-ാമത് റിപ്പബ്ലിക് ദിനാഘോഷം (26) :ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും
ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ (26) രാവിലെ ഒന്‍പതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ആരോഗ്യ വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും.
പരേഡിനുള്ള തയാറെടുപ്പുകള്‍ രാവിലെ 8.45 ന് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പോലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും വേദിയിലെത്തും.
ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം, 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങള്‍, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ജയദീപും നിര്‍വഹിക്കും.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി വീടുകളും സര്‍ക്കാര്‍, വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണം. രാവിലെ 7.30ന് എല്ലാ പൊതുജനങ്ങളും ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണം: ജില്ലാ കളക്ടര്‍ എ ഷിബു
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിപാറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുകയാണ്. ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. തെരഞ്ഞെടുപ്പില്‍ എല്ലാ പ്രായത്തിലുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത പതിനെട്ട് വയസുകാരായ ആദിത്യന്‍, എസ് ലക്ഷ്മി എന്നിവര്‍ക്ക് കളക്ടര്‍ ചടങ്ങില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.
ജനാധിപത്യത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ജില്ലാ സ്വീപ്പ് ഐക്കണുമായ ബെന്യാമിന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണെന്ന ഭരണഘടന നല്‍കിയിരിക്കുന്ന അവകാശത്തെ കൃത്യമായി വിനയോഗിക്കുകയാണ് വോട്ട് ചെയ്യുന്നതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അവകാശം വിനയോഗിക്കല്‍ മാത്രമല്ല ഉത്തരവാദിത്വവും കടമയും നിറവേറ്റുകയാണെന്ന് തിരിച്ചറിയണം.
പുതിയ തലമുറയുള്‍പ്പെടെ എല്ലാവരിലും ഈ ആശയം എത്തിക്കണം. ജനാധിപത്യപ്രക്രിയ സുസ്ഥിരതയോടെയും സുതാര്യതയോടും നിലനില്‍ക്കുന്നതിനായി എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മതിദായക പ്രതിജ്ഞ ബെന്യാമിന്‍ ചൊല്ലികൊടുത്തു.
എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍ രാജലക്ഷ്മി, ഡപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ബി.ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന.എസ്.ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ ജയദീപ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭ മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം (26)
ജില്ലയിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ നവീകരിച്ച പത്തനംതിട്ട നഗരസഭാ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം (26) രാവിലെ 10 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സ്ഥലം എംഎല്‍എയായ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുളള പശ്ചാത്തലത്തില്‍ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തുക, പ്രദേശത്തെ മത്സ്യവിപണനം വിപുലീകരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് മാര്‍ക്കറ്റ് നവീകരിച്ചത്. 400 ചതുരശ്ര അടിയിലധികം വിസ്തൃതിയില്‍ മാര്‍ക്കറ്റിനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ ഷെയ്ഖ് പരീത്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, നഗരസഭാംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൈലപ്ര കുടുംബാരോഗ്യകേന്ദ്രം പുതിയ ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം 27ന്
മൈലപ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടനിര്‍മാണ ഉദ്ഘാടനം 27(ശനി)ന് രാവിലെ 11.30ന് മേക്കൊഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അങ്കണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവര്‍ മുഖ്യ പ്രഭാക്ഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം
പുതിയ ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം 27 ന്
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടനിര്‍മാണ ഉദ്ഘാടനം 27ന്(ശനി) ഉച്ചക്ക് 12ന്് മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 7.62 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, വൈസ് പ്രസിഡന്റ് കെ ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍ അനിതാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോന്നി മെഡിക്കല്‍ കോളേജ് :പീഡിയാട്രിക് ഐസിയു, ബോയ്സ് ഹോസ്റ്റല്‍ ഉദ്ഘാടനം 27 ന്
കോന്നി മെഡിക്കല്‍ കോളേജ് പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 27ന് (ശനി) ഉച്ചക്ക് 12.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ എ.ഷിബു മുഖ്യാതിഥിയാവും. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
11.99 കോടി രൂപ ചിലവിലാണ് ബോയ്സ് ഹോസ്റ്റലിന്റെയും പീഡിയാട്രിക് ഐസിയുവിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലകളിലായി 192 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, രണ്ട് ലിഫ്റ്റുകള്‍, കിച്ചണ്‍, മെസ്സ് ഹാള്‍, റീഡിംങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയാണ് ബോയ്സ് ഹോസ്റ്റലില്‍ ഒരുക്കിയിരിക്കുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍ അനിതാകുമാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.എസ് നിഷ, സൂപ്രണ്ട് ഡോ. എ. ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, എച്ച്.ഡി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം 27 ന്
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 27ന്(ശനി) ഉച്ചക്ക് 1.30 ന് കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
6.62 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.15 കോടി ചിലവിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ടെന്‍ഡര്‍
പന്തളം ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴിന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍: 04734 256765
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പന്തളം-2 ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04734 292620, 262620.
ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) മുഖേന എം.പി. ആന്റോ ആന്റണിയുടെ 2023-24 എം.പി. ലാഡ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിന് രണ്ട് ആംബുലന്‍സുകള്‍ വാങ്ങുന്നതിന് നിര്‍മ്മാതാക്കള്‍ /അംഗീകൃത ഡീലര്‍മാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്‍പതിന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍: 0468 2222642.
ടെന്‍ഡര്‍
റാന്നി വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496207450.
ഇ ലേലം
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ള രണ്ടു ലോട്ടുകളിലായുള്ള 10 വാഹനങ്ങള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുമണ്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04734 285229, 9497980231.
ഗതാഗത നിയന്ത്രണം
ജണ്ടായിക്കല്‍- അത്തിക്കയം റോഡിന്റെ നവീകരണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ഇന്നുമുതല്‍ (26) വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതിനാല്‍ വാഹനങ്ങള്‍ മോതിരവയല്‍-അലിമുക്ക് റോഡ് വഴിപോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
റീ ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 04734 216444.
ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റം :കോന്നിയില്‍ അഞ്ച് പ്രവൃത്തികളുടെ ഉദ്ഘാടനം 27 ന്
352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍
ജില്ലയുടെ ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത മാതൃകയുമായി കോന്നി മെഡിക്കല്‍ കോളജ്. കോന്നി മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നത്. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ നടന്നുവരുന്നത്. ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. മണ്ഡലത്തിലെ എട്ട് ആരോഗ്യഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം, അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കല്‍, സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ, കൊച്ചുകോയിക്കല്‍, കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇടത്തറ, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷന്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
കേരളത്തിലെ മെഡിക്കല്‍ കോളജുകളിലൊന്നായി കോന്നിയെ മാറ്റാനുള്ള അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേയും അഡ്വ. കെ.യു ജനിഷ് കുമാര്‍ എംഎല്‍എയുടേയും നേതൃത്വത്തില്‍ നടന്ന് വരുന്നത്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന പീഡിയാട്രിക് ഐസിയുവില്‍ 15 ബെഡുകളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റിലാണ് അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണവും 11 നിലകളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട് ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.
കൂടാതെ, എല്ലാ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഉറപ്പ് നല്‍കിക്കൊണ്ട് കോന്നി മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളേയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൈലപ്ര, മലയാലപ്പുഴ, കൂടല്‍ എന്നീ മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും 27ന് ആരോഗ്യമന്ത്രി നിര്‍വഹിക്കും. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപ ചെലവില്‍ മൈലപ്രയിലും 7.62 കോടി രൂപ ഉപയോഗിച്ച് മലയാലപ്പുഴയിലും 6.62 കോടി രൂപ ഉപയോഗിച്ച് കൂടലിലും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിട നിര്‍മാണം നടത്തുന്നത്. ഒപ്പം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.15 കോടി ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തും.
കൂടാതെ , ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിന് എട്ട് കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 36ലക്ഷം രൂപയുടെ ഒപി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് ആരോഗ്യകേന്ദ്രമായി ഉയര്‍ത്തി. ഒരു കോടി ഏഴ് ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കൊക്കാത്തോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരു കോടി 32 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രമാടം, തണ്ണിത്തോട്, സീതത്തോട് ആരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടനിര്‍മാണവും ഉടന്‍ ആരംഭിക്കും.
സേവാസ് പദ്ധതി: സര്‍വേ റിപ്പോര്‍ട്ട് പ്രകാശനവും സമര്‍പ്പണവും 27ന്
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സേവാസ് പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാശനവും സമര്‍പ്പണവും 27ന് രാവിലെ 9.30 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ ആരോഗ്യ വനിതാ ശിശുവികസനമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാവരിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2023 അധ്യയന വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തും പത്തനംതിട്ട സമഗ്രശിക്ഷയും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സേവാസ്. സാര്‍വത്രികമായ പ്രീപ്രൈമറി വിദ്യാഭ്യാസം, പ്രൈമറി വിദ്യാഭ്യാസത്തിലെ അടിസ്ഥാന ശേഷി ഉറപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പങ്കാളിത്തം, രക്ഷിതാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ കായിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, വിദ്യാര്‍ഥികളുടെ ജീവിത സാഹചര്യങ്ങളുടെ വിശകലനം തുടങ്ങിയവ ചെയ്തുകൊണ്ട് പുരോഗമന ചിന്തയും യുക്തിചിന്തയും ഉറപ്പാക്കുന്ന പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനത്തിലൂടെ സാമൂഹിക അവബോധം ഉറപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബി രാജു, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ജില്ലാ ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
വനിതാ കമ്മീഷന്‍ അദാലത്ത് 30 ന്
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി 30 ന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.
തൊഴില്‍ മേള
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡി ഡി.യു.ജി.കെ.വൈയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. കേരള നോളജ് ഇക്കണോമിക് മിഷന്റെ പങ്കാളിത്തവും ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.ആദില, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബിന്ദു രേഖ, തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു സാംസണ്‍, ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാലികാദിനം ഉദ്ഘാടനം നിര്‍വഹിച്ചു
പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലികാദിനത്തിന്റെ ഉദ്ഘാടനം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഗ്രേസന്‍ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിംഗനീതി സമത്വം, ഗുഡ് ടച്ച് , ബാഡ് ടച്ച് എന്ന വിഷയത്തില്‍ സിഡബ്ല്യുസി എക്സിക്യുട്ടിവ് ഡയറക്ടര്‍ ഷാന്‍ രമേശ് ഗോപന്‍ ബോധവല്‍കരണ ക്ലാസ് നടത്തി.
കുടുംബശ്രീ കെയര്‍ എക്സിക്യൂട്ടീവ് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കെ 4 കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളില്‍ കെയര്‍ എക്സിക്യൂട്ടീവുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 30 നും 55നും മധ്യേ പ്രായമുള്ള (ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 65 വയസ് വരെ) കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. കെയര്‍ സെക്ടറില്‍ പ്രവൃത്തി പരിചയം ഉള്ളര്‍ക്കും രാത്രിയും പകലും ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കും മുന്‍ഗണന. കെയര്‍ എക്കോണമിയിലെ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും വയോജന പരിചരണം, ബേബി സിറ്റിംഗ്, രോഗീപരിചരണം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളില്‍ സേവനം നല്‍കുന്നതിനായി സംരംഭ മാതൃകയില്‍ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതിയാണ് കെ ഫോര്‍ കെയര്‍. സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില,പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ചുവരെ. ഫോണ്‍: 0468 2221807
പള്ളിക്കലാറിന്റെ നീരൊഴുക്ക് സംരക്ഷിക്കപ്പെടണം : ഡപ്യൂട്ടി സ്പീക്കര്‍
പള്ളിക്കലാറിന്റെ നീരൊഴുക്ക് സംരക്ഷിക്കപ്പെടണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കലാറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നെല്ലിമുകളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പള്ളികലാറിന്റെ നീരൊഴുക്ക് വീണ്ടെടുക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ സാധിക്കും.
ആറിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ആവശ്യമായ സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് ആറിന്റെ സ്വഭാവിക ഒഴുക്ക് വീണ്ടെടുത്ത് സൗന്ദര്യവത്ക്കരണ പ്രവര്‍ത്തികള്‍ നടത്തുകയാണ് ലക്ഷ്യം. പള്ളിക്കലാറിന്റെ സംരക്ഷണം ജനകീയമായി ഏറ്റെടുക്കണം. മണ്ഡലത്തില്‍ സ്‌കൂള്‍, ആശുപത്രി, റോഡ് തുടങ്ങി വിവിധ മേഖലകളില്‍ സമഗ്രമായ വികസനമാണ് നടന്നുവരുന്നത്. കക്ഷി രാഷ്ട്രീയതിനപ്പുറം കൂട്ടായ്മയോടെയുള്ള സഹകരണമാണ് നാടിന്റെ വികസനത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീദരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് സണ്ണി ജോണ്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, മേജര്‍ ഇറിഗേഷന്‍ കണ്‍വീനര്‍ എസ് അനൂപ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.