Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/01/2024 )

അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) കോഴ്‌സിലേക്ക് പ്ലസ് ടു (കൊമേഴ്‌സ്)/ബി കോം/എച്ച് ഡി സി/ജെ ഡി സി യോഗ്യതയുള്ളവര്‍ക്കും ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് എസ്എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍ : 9947123177

സൗജന്യ പരിശീലനം
പത്തനംതിട്ട  എസ് ബി ഐയുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പറക്കോട് ബ്ലോക്കില്‍ എട്ടുദിവസത്തെ  സൗജന്യ കൂണ്‍ കൃഷി പരിശീലനം  ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇന്ന് (ജനുവരി 20) ന് രാവിലെ 09.45 നു നേരിട്ട് പറക്കോട് ബ്ലോക്കില്‍ എത്തണം. 

ടെന്‍ഡര്‍

ഭിന്നശേഷി കുട്ടികളുടെ മെഡിക്കല്‍ തെറാപ്പി ഉപകരണങ്ങളായ സ്റ്റാന്‍ഡിംഗ് വീല്‍ ചെയര്‍ , റോപ്പ് പുളളി, പെഗ്ഗ് ബോര്‍ഡ് തുടങ്ങിയ 14 ഇനം ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ /വ്യക്തികളില്‍ നിന്നോ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് മായി ബന്ധപ്പെടുക.

അടൂര്‍, എനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ ഉദ്ഘാടനം 23ന്
അടൂര്‍, എനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ ഉദ്ഘാടനം ജനുവരി 23ന് ഉച്ചയ്ക്ക് 12ന് ഏനാത്ത് സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.15 കോടി 45 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ചെയര്‍മാനും  മാനേജിംഗ് ഡയറക്ടറുമായ ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോന്നി മെഡിക്കല്‍ കോളജ് :  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും: അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

പീഡിയാട്രിക് ഐസിയു, ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം 27 ന്

കോന്നി മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന്  അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണം പൂര്‍ത്തികരിച്ച പീഡിയാട്രീഷന്‍ ഐസിയുവിന്റെയും ബോയ്‌സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഈ മാസം 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ ചെലവില്‍ 2000 സ്‌ക്വയര്‍ ഫീറ്റിലാണ് പീഡിയാട്രിക് ഐസിയു നിര്‍മിച്ചിരിക്കുന്നത്. 15 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കിന്റെ ലൈസന്‍സിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട്  ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ഡോക്ടര്‍മാര്‍ക്കായി 9.1 കോടി രൂപയില്‍ 77,000 സ്‌ക്വയര്‍ ഫീറ്റിലും അധ്യാപകര്‍ക്കായി 16.26 കോടി രൂപയില്‍ 37000 സ്‌ക്വയര്‍ ഫീറ്റിലുള്ള ക്വാട്ടേഴ്‌സുമാണ് നിര്‍മിക്കുന്നത്. 22.80 കോടി രൂപ ചെലവില്‍ 57,000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി അക്കാദമിക് ബ്ലോക്കിന്റെ വിപുലീകരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും നടന്നുവരുന്നു. ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി എന്നീ മൂന്ന് വകുപ്പുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.
4700 സ്‌ക്വയര്‍ ഫീറ്റില്‍ 1.49 കോടി രൂപയില്‍ നിര്‍മിക്കുന്ന ഓട്ടോപ്‌സി കെട്ടിടവും പുരോഗതിയിലാണ്.  നാല് ഓട്ടോപ്‌സി ടേബിള്‍, 12 കോള്‍ഡ് ഫ്രീസര്‍ തുടങ്ങി ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിക്കും. മികച്ച രീതിയിലുള്ള ചികിത്സകള്‍ ഉറപ്പാക്കി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ വിജയകരമായി നടന്നു. 66കാരനായ അഞ്ചുതെങ്ങു സ്വദേശി ബാബുവാണ് ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. യോഗത്തിനു ശേഷം ഉദ്ഘാടനം നടക്കാനിരിക്കുന്ന പീഡിയാട്രീഷന്‍ ഐസിയുവും ബോയ്‌സ് ഹോസ്റ്റലും എംഎല്‍എ സന്ദര്‍ശിച്ചു.കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
റാന്നി പുതമണ്‍ താല്‍ക്കാലിക പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുന്നത് പാതയുടെ സുരക്ഷയെ ബാധിക്കുന്നതിനാല്‍ പാലത്തില്‍ കൂടി യാത്ര വാഹനങ്ങള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
മാലിന്യ സംസ്‌കരണം: പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍
മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ കണ്ടെത്തിയാല്‍ സ്‌പോട്ട് ഫൈനായി 5000 രൂപ പിഴ
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് 2023 പ്രാബല്യത്തില്‍ വന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പിഴ തുകകള്‍, പിഴ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍, യൂസര്‍ഫീ ശേഖരണം, സെക്രട്ടറിയുടെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഭേദഗതി ചെയ്തത്.
മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ കണ്ടെത്തിയാല്‍ സ്‌പോട്ട് ഫൈനായി 5000 രൂപ പിഴ ചുമത്തും. ഓര്‍ഡിനന്‍സ് പ്രകാരം തദ്ദേശസ്ഥാപനത്തിന്റെ മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നല്‍കിതിരുന്നാല്‍ 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായി ഈടാക്കും. അര്‍ഹതപ്പെട്ടവര്‍ക്കു യൂസര്‍ഫീയില്‍ ഇളവ് നല്‍കും. യൂസര്‍ ഫീ അടക്കാത്ത വ്യക്തികള്‍ക്ക് അടക്കുന്നതുവരെ തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള മറ്റ് സേവനങ്ങളും നിരസിക്കാനുള്ള അധികാരമുണ്ട്.

നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തും.ഓര്‍ഡിനന്‍സ് പ്രകാരമുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും പിഴ തുകയും
സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരം മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കുയോ യൂസര്‍ഫീ നല്‍കാതിരിക്കുകയോ പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുയോ ചെയ്യുന്നതിന് 1000 രൂപ മുതല്‍ 10000 രൂപ വരെ.

മലിനജലം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കി വിടുന്നതിന് 5000 രൂപ മുതല്‍ 50000 രൂപ വരെ.
90 ദിവസത്തിനുശേഷവും യൂസര്‍ഫീ നല്‍കാതിരിക്കുന്നതിന് പ്രതിമാസം 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായും ഈടാക്കും.
കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപ.
മാലിന്യങ്ങളും വിസര്‍ജ്ജ്യ വസ്തുക്കളും ജലാശയങ്ങളിലേക്കോ ജലസ്രോതസ്സുകളിലേക്കോ ഒഴുക്കി വിടുന്നതിന് 10000 രൂപ മുതല്‍ 50000 രൂപ വരെ.
മാലിന്യം നിയമവിരുദ്ധമായി കൊണ്ടുപോകുന്നതിനുള്ള വാഹനം പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടലും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും.
ലംഘനങ്ങള്‍ക്ക് പിഴതുകകള്‍ക്കു പുറമേ ബന്ധപ്പെട്ട വകുപ്പ് പ്രകാരമുള്ള മറ്റ് നിയനടപടികളും ബാധകമാണ്. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖമൂലം അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാരിതോഷികവും നല്‍കും.
ആരോഗ്യ പരിശോധന ക്യാമ്പ് ആരംഭിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ സുന്ദര കൗമാരം സുരക്ഷിത കൗമാരം ആരോഗ്യ പരിശോധന മണ്ണടിശാല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൗമാരക്കാരായ കുട്ടികളുടെ രക്തം പരിശോധിച്ച് അവരുടെ ആരോഗ്യ സ്ഥിതി നിര്‍ണയിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 13-18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പരിശോധന.
കുട്ടികളിലെ വിളര്‍ച്ച, ഹീമോഗ്ലോബിന്‍, ഡയബറ്റിക്, രക്തസമ്മര്‍ദ്ദം, പൊക്കത്തിന് ആനുപാതികമായി ഭാരം എന്നിവയാണ് പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധനയും ശ്രദ്ധയും വേണ്ട കുട്ടികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ തുടര്‍ പരിപാലനം നടത്തും. ഗവ. ഹൈസ്‌കൂള്‍ മണ്ണടിശാല, സെന്റ് തോമസ് ഹൈസ്‌കൂള്‍ വെച്ചൂച്ചിറ, കുന്നം എംറ്റിവി എച്ച്എസ്, എസ്എന്‍ഡിപി സ്‌കൂള്‍ വെണ്‍കുറിഞ്ഞി, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കൊല്ലമുള എന്നിവിടങ്ങളിലും മറ്റ് കുട്ടികള്‍ക്കായി സിഎച്ച്‌സി വെച്ചൂച്ചിറ, കുടുംബ ക്ഷേമ ഉപകേന്ദ്രം ചാത്തന്‍തറ എന്നിവടങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. കെ ജയിംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേറിയ നിവാരണ പ്രശ്‌നോത്തരിയില്‍ വിജയികളായ കുട്ടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സതീഷ് പണിക്കര്‍ ക്യാഷ് അവാര്‍ഡും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ആരോഗ്യസൂചിക കാര്‍ഡും വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ.രാജന്‍, പ്രസന്നകുമാരി, എം.എച്ച് നഹാസ്, ഷാജി കൈപ്പുഴ, ഡോ ഹാംലെറ്റ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജൂബി തോമസ്, രാഷ്ട്രീയ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാരിസ്ഥിതിക നാശം ഉണ്ടാകാതെ വികസനം
സാധ്യമാകണം: അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ

പാരിസ്ഥിതിക നാശം ഉണ്ടാകാതെയുള്ള വികസനം സാധ്യമാകണമെന്ന് അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ പദ്ധതിയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുകയെന്നത് പ്രധാനമാണ്. ഉത്പാദന മേഖലയില്‍ കൂടുതല്‍ ഇടപ്പെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് ചരളേല്‍  വികസന രേഖ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീമി ലിറ്റി കൈപ്പളളില്‍, സിന്ധു സുബാഷ്, സി.എന്‍ മോഹനന്‍, അമ്പിളി പ്രസാദ്, സുധി കുമാര്‍, ഈപ്പന്‍ വര്‍ഗീസ്, ആനി രാജു, ജ്ഞാനമണി മോഹനന്‍, ജോസഫ് ജോണ്‍, ബാബു കൂടത്തില്‍, ലൈല അലക്‌സാണ്ടര്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. കണ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് 2023- 24 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് ഒന്നു വരെ.   ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04734216444.
ഒറ്റത്തവണ വായ്പാ സബ്സിഡി
വിജയകരമായി സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിവരുന്ന (വിമുക്തഭടന്‍/വിമുക്തഭടന്റെ വിധവ/വിമുക്തഭടനും ഭാര്യയും സംയുക്തമായി) സംരംഭകര്‍ക്ക് ബാങ്കുകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ  സ്വീകരിക്കുന്ന വായ്പകള്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്വയം തൊഴില്‍ പ്രോത്സാഹന ധനസഹായമായി ഒറ്റത്തവണ വായ്പാ സബ്സിഡി ഒരു ലക്ഷം രൂപ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
ഹെല്‍ത്ത് ക്യാമ്പ് ഇന്ന് (20)
കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പും സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധന ക്യാമ്പും ഇന്ന് (20) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ആര്‍റ്റിഒ എച്ച്. അന്‍സാരി ഉദ്ഘാടനം ചെയ്യും. ഫോണ്‍ : 04682 320158
error: Content is protected !!