ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും
ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. വിപുലമായ ഒരുക്കങ്ങള്‍ നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നു കളക്ടര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനഘോഷത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. ജനുവരി 22നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, സിവില്‍ ഡിഫന്‍സ്, എക്സൈസ്, ഫോറസ്റ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, എസ്പിസി, ജൂനിയര്‍ റെഡ്ക്രോസ് എന്നിവ പരേഡില്‍ അണിനിരക്കും. സാംസ്‌കാരിക പരിപാടി, ബാന്‍ഡ്, ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കും. പരേഡിനും പരിശീലനത്തിനും സ്‌കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആര്‍ഡിഒയെയും വിദ്യാഭ്യാസ ഉപഡയറക്ടറെയും ചുമതലപ്പെടുത്തി.
സെറിമോണിയല്‍ പരേഡ്, സുരക്ഷ, അനൗണ്‍സ്മെന്റ്, ട്രോഫി വിതരണം എന്നീ ചുമതലകള്‍ പോലീസ് നിര്‍വഹിക്കും. അപകടങ്ങള്‍ ഉണ്ടാകാതെ ഫയര്‍ഫോഴ്സ് സുരക്ഷ ഒരുക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും കുടിവെള്ള ലഭ്യത വാട്ടര്‍ അതോറിറ്റിയും വൈദ്യുതി കെഎസ്ഇബിയും ഉറപ്പാക്കും. സല്യൂട്ടിംഗ് ബേസ്, പവലിയന്‍ നിര്‍മാണം എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍വഹിക്കും. സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, വൈദ്യുതി ക്രമീകരണം ഇലക്ട്രോണിക്സ് വിഭാഗം നിര്‍വഹിക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും ആംബുലന്‍സ്, മെഡിക്കല്‍ ടീം സൗകര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) സജ്ജമാക്കും. ജില്ലാ സ്റ്റേഡിയം പത്തനംതിട്ട നഗരസഭ വൃത്തിയാക്കും.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള സംഘടിപ്പിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള മഴവില്ലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു.ഭിന്നശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്കും ഒറ്റയ്‌ക്കോ ഗ്രൂപ്പായോ തൊഴില്‍ സംരംഭം തുടങ്ങുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തി ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. കലാമേളയില്‍ പങ്കാളികളായ എല്ലാ കുട്ടികള്‍ക്കും സമ്മാനം നല്‍കി. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.വി.വര്‍ക്കി, എസ്.രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ.രാജന്‍, പ്രസന്ന ടീച്ചര്‍, രാജി വിജയകുമാര്‍, എലിസബത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റോസമ്മ, അങ്കണവാടി അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വികസന സെമിനാര്‍ സംഘടിപ്പിച്ചു
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കെ പണിക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് അധ്യക്ഷത വഹിച്ചു. പദ്ധതി വിഹിതം, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, ശുചിത്വ ഫണ്ട്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതവും ഗുണഭോക്ത വിഹിതവും തനതു ഫണ്ടും ചേര്‍ത്ത് 15 കോടി രൂപയുടെ കരടു പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്കും ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.വി.വര്‍ക്കി, രമാദേവി, കില സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ വി നാരായണന്‍, ജോണ്‍ ശമുവേല്‍, പ്ലാനിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുരേഷ് കുമാര്‍, പഞ്ചായത്തംഗങ്ങളായ രാജന്‍ ടി.കെ. പ്രസന്നകുമാരി, ഷാജി കൈപ്പുഴ, രാജി വിജയകുമാര്‍, എലിസബത്ത്, എം ജെ ജിനു, സജി കൊട്ടാരം, എം എച്ച് നഹാസ്, റെഷി ജോഷി, ജോയി ജോസഫ്, സെക്രട്ടറി അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 303/2022, 558/2022)തസ്തികയുടെ 16.01.2024 തീയതിയില്‍ പ്രസിദ്ധീകരിച്ച യഥാക്രമം 01/2024/ഡിഒഎച്ച്, 02/2024/ഡിഒഎച്ച്, 03/2024/ഡിഒഎച്ച്, 04/2024/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 22,23 തീയതികളില്‍
എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നം.613/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഈ തസ്തികയുടെ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22,23 തീയതികളില്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ് ,പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ. ഫോണ്‍ : 0468 2222665.
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയും ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എ ഷിബു വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സനുമായ സാറാ തോമസ് വിഷയാവതരണം നടത്തി.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ സെന്‍സിറ്റേഷന്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ജെന്‍ജര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം വി രമാദേവി, ജെന്‍ഡര്‍ ആന്‍ഡ് ലോ എന്ന വിഷയത്തില്‍ ദിശ വൈസ് പ്രസിഡന്റ് അനഘ്, ജെന്‍ഡര്‍ ആന്‍ഡ് ഹെല്‍ത്ത് എന്ന വിഷയത്തില്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം നിരുപമ നിരഞ്ജന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
നവോദയ മൂവ്‌മെന്റ് പ്രസിഡന്റ് റൈറ്റ് റവ. തോമസ് മാര്‍ തീതോസ് എപ്പിസ്‌കോപ്പ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി , പ്രൊബേഷന്‍ ഓഫീസര്‍ ജി സന്തോഷ്, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സിദ്ധാര്‍ത്ഥ് സത്യ, താര കോട്ടക്കല്‍, പല്ലവി, ശ്യാമലക്ഷ്മി, തുടങ്ങിയവര്‍ പങ്കെടുത്തു.
ലബോറട്ടറി ഉദ്ഘാടനം ഇന്ന് (18)
തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് (18) ഉച്ചയ്ക്ക് രണ്ടിന് പുളിമുക്ക് അങ്കണവാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സാറാ ടീച്ചര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍, സി എസ് അനീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സഹായത്തോടുകൂടിയാണ് അത്യാധുനിക സൗകര്യമുള്ള ലാബ് പ്രഥമികരോഗ്യകേന്ദ്രത്തില്‍ സജ്ജമായിരിക്കുന്നത്.
വാക്ക് ഇന്‍ ഇന്റര്‍വ്യു
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി ഡിറ്റ്)യുടെ ഇ ഗവേണന്‍സ് ഡിവിഷന്‍ നപ്പാക്കുന്ന പ്രോജക്ടിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 24 ന് രാവിലെ 11 നു സിഡിറ്റ് ഒാഫീസുകളില്‍ നടക്കും.
1. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 23,000 രൂപ നിരക്കില്‍, യോഗ്യത: ബി ടെക്ക്/ ബി ഇ(സിഎസ്/ ഐടി)/ എംസിഎ, നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യവശ്യം. കൂടാതെ സിസിഎന്‍എ, ആര്‍എച്ച്‌സിഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം.
2. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 15,500 രൂപ നിരക്കില്‍, മിനിമം യോഗ്യത- മൂന്ന് വര്‍ഷ ഐടി എന്‍ജിനിയറിംഗ് ഡിപ്ലോമ/ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ബിസിഎ/ ബിഎസ് സി (സിഎസ്). സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യാവശ്യം. എംസിഎസ്ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കുന്ന സിഡിറ്റ് ഒാഫീസുകള്‍: സി-ഡിറ്റ് സിറ്റി സെന്റര്‍- സ്റ്റാച്യുവിലെ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം ചിറ്റേഴം ലാവണ്യ ടവേഴ്‌സ് ഓഫീസ്, സിഡിറ്റ് റീജയണല്‍ സെന്റര്‍ എറണാകുളം, സിഡിറ്റ് റീജയണല്‍ സെന്റര്‍ കണ്ണൂര്‍. ഉയര്‍ന്ന പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9895788311. വെബ്‌സൈറ്റ് www.careers.cdit.org
ലാബ് ടെക്നീഷന്‍ നിയമനം
കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തും.
യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിഎസ്സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2696139.
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍ അസാപ്പുമായി ചേര്‍ന്ന് കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കുന്ന വിവിധതരങ്ങളായ പേപ്പര്‍ കവര്‍, ഫയല്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനത്തിന് താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8330010232.
കിക്മ എംബിഎ അഭിമുഖം
കിക്മ എംബിഎ (ഫുള്‍ടൈം) 2024-26 ബാച്ചിലേക്ക് അഡ്മിഷന്‍ ജനുവരി 27 ന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടത്തുന്നു. കേരള സര്‍വകലാശാലയുടെയും എഐസിറ്റി യുടെയും 9അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ് , ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനും അവസരം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത.അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 9447002106, 8547618290.
ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ‘സ്‌കെയിലപ് യുവര്‍ ബിസിനസ് എന്ന വിഷയത്തില്‍ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 27 ന് രാവിലെ 10 മുതല്‍ നാലുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ശില്‍പശാല. പരിശീലനം സൗജന്യം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 22 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322/9605542061.