konnivartha.com: മകരവിളക്കിന്റെ പുണ്യം ഏറ്റുവാങ്ങി കൺനിറയെ അയ്യനെ കണ്ട് തൊഴുത് മനം നിറഞ്ഞ് ഭക്തർ മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും.
ഞായറാഴ്ച പകൽ പമ്പയിൽ നിലയുറപ്പിച്ച ഭക്തർ അന്ന് രാത്രിയിലും തിങ്കൾ പുലർച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാൻ കാരണമായി. ആന്ധ്ര, കർണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദർശനം നടത്തി മടങ്ങുന്നവരിൽ അധികവും. മകരവിളക്ക് ദർശനം കഴിഞ്ഞ ഉടൻ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പെ എത്തി പർണശാലകൾ തീർത്ത് മകരജ്യോതി ദർശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദർശനത്തിന് ശേഷം ഉടൻ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു.
മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സർക്കാരും ദേവസ്വം ബോർഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായി പ്രത്യേക സജ്ജീകരിണങ്ങൾ ഒരുക്കിയാണ് മകരവിളക്കുത്സവം ഭംഗിയാക്കിയത്.