Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/01/2024 )

ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത്

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പരിശീലനം ആരംഭിച്ചു

കൗമാരആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള പിയര്‍ എഡ്യുക്കേറ്റര്‍ ചാത്തങ്കരി ബ്ലോക്ക്തല പരിശീലന പരിപാടി തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവല്ല നഗരസഭയുടെയും കീഴില്‍ വരുന്ന സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
കൗമാരകാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തലത്തിലുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുള്ള പരിശീലനം കൂടിയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പരിശീലന പരിപാടി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എം. ബി.അനീഷ്‌കുമാര്‍, തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി. എന്‍. ബിജു, ഡോ. പ്രേമ ജോര്‍ജ്, കെ. ലതാകുമാരി, അനു ടി തങ്കം, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ്  (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 350/2020/ഒഎല്‍ഇ) 16/11/2023 ല്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 17/11/2023 പൂര്‍വാഹ്നം മുതല്‍ റദ്ദായി.

സ്വയംതൊഴില്‍ വായ്പ
കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പിഎംഇജിപി എന്നീ  വായ്പാ പദ്ധതികള്‍  പ്രകാരം സംരംഭകര്‍ക്ക്  സ്വയം തൊഴില്‍  കണ്ടെത്തുന്നതിന്  സര്‍ക്കാര്‍ സബ്സിഡിയോടു കൂടി  പരമാവധി  50 ലക്ഷം  രൂപ വരെ  വായ്പ നല്‍കും.  ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  മൊത്തം പദ്ധതി ചെലവിന്റെ  25 ശതമാനവും  പിന്നോക്ക വിഭാഗക്കാര്‍ക്കും   സ്ത്രീകള്‍ക്കും 35 ശതമാനവും  പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40 ശതമാനവും  സബ്സിഡി ലഭിക്കും.
ഫോണ്‍ :  0468 2362070, 6282593360, 9020209296
ഇ.മെയില്‍ : [email protected]

മത്സ്യതൊഴിലാളി വനിതാഗ്രൂപ്പുകള്‍ക്ക് ധനസഹായം
ഫിഷറീസ്വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളി കുടുംബരജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി- അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍.  ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക്  50 വയസ്സുവരെയാകാം.  സാഫില്‍  നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.  പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം  ബാങ്ക്ലോണും  അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും.  ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന്  അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.

ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടിപി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം.

മത്സ്യഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 15നകം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 0468 2967720, 7994132417.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ്  ജനുവരിയില്‍ ആരംഭിക്കുന്ന ഗവ.അംഗീകൃത ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രൊസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക്  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി.  18 വയസ് പൂര്‍ത്തിയായവര്‍ക്ക്  https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 23 മുതല്‍ 25 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസ്സിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ്ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് റ്റി ഉള്‍പ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ ജനുവരി 18 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322.