konnivartha.com: ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും.
ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും.
വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15 ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം എന്നിവ നടക്കും.
ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും.
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി
മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു.
പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ജനുവരി 13 വരെ ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 80,000 പേർക്കാണ് ദർശനം സാധ്യമാവുക.
ജനുവരി 10 ന് ശേഷം സ്പോർട്ട് ബുക്കിംഗ് സംവിധാനം നിലവിലുണ്ടാവില്ല. വെർച്വൽ ക്യൂ ടിക്കറ്റില്ലാത്ത ഒരു തീർത്ഥാടകനേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ജനുവരി 14 ന് 50,000 പേർ, 15 ന് 40,000 പേർ എന്നിങ്ങനെയാണ് വെർച്വൽ സൗകര്യം നിശ്ചയിച്ചത്. ഈ ദിവസങ്ങളിലെ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു.